Connect with us

Palakkad

നൂറ്റാണ്ട് പഴക്കമുള്ള കുളം നികത്താനുള്ള ശ്രമം തടഞ്ഞു

Published

|

Last Updated

പാലക്കാട്: നൂറ്റാണ്ടിലേറെ പഴക്കമുള്ള താരേക്കാട് ഹരിശങ്കര്‍ റോഡിനു സമീപത്തെ ആനേരിക്കുളം നികത്താനുള്ള നീക്കം ഉദ്യോഗസ്ഥര്‍ തടഞ്ഞു. മണ്ണുമായെത്തിയ ടിപ്പര്‍ ലോറി കസ്റ്റഡിയിലെടുത്തു.
ഇന്നലെ ഉച്ചയോടെയാണ് കുളം നികത്തുന്നത് ഡപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം തടഞ്ഞത്. ഏമൂര്‍ ദേവസ്വം വകയായിട്ടുള്ള കുളം വര്‍ഷങ്ങള്‍ക്ക് മുന്‍പും നികത്താന്‍ ശ്രമം നടത്തുകയും അന്നത്തെ ജില്ലാ കലക്ടര്‍ ഇടപെട്ട് സ്‌റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തിരുന്നു. ഇത് നിലനില്‍ക്കുന്നതിനിടെയാണ് മറ്റൊരു കൂട്ടര്‍ വീണ്ടും കുളം നികത്താന്‍ തുടങ്ങിയത്. കുളം നികത്തുന്നതിനെതിരെ ജനജാഗ്രത സമിതി പ്രസിഡന്റ് ഡോ.പി.എസ്. പണിക്കര്‍ കലക്ടര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന.
പാലക്കാട് വില്ലേജ് രണ്ടില്‍ സ്ഥിതി ചെയ്യുന്ന കുളത്തിന്റെയും കുളം നികത്തുന്നതിന്റെയും റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ വില്ലേജ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റു നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഒരു പ്രദേശത്തിന്റെ കുടിവെള്ള സ്രോതസ്സുകൂടിയായ ആനേരിക്കുളം 2004ല്‍ നികത്താന്‍ ശ്രമം നടത്തിയിരുന്നു. ഇതിനെതിരെ അന്നത്തെ ജില്ലാ കലക്ടര്‍ സഞ്ജീവ് കൗശിക് സ്‌റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു. പ്രശ്‌നം കണ്ടറിയാന്‍ പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കറും ആനേരിക്കുളം സന്ദര്‍ശിച്ചിരുന്നു. കുളത്തിന്റെ നിലനില്‍പ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മോയന്‍സ് ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും നാട്ടുകാരും രംഗത്തിറങ്ങിയിരുന്നു.

---- facebook comment plugin here -----

Latest