കാട്ടാന ശല്യം: ചേനപ്പാടി എസ്റ്റേറ്റിലെ പൈനാപ്പിള്‍ കൃഷി വെട്ടിമാറ്റി

Posted on: March 4, 2015 10:33 am | Last updated: March 4, 2015 at 10:33 am
SHARE

കാളികാവ്: ചേനപ്പാടി മലവാരത്തിന് സമീപത്തെ റബ്ബര്‍ എസ്റ്റേറ്റില്‍ നിന്ന് കൈതച്ചക്ക കൃഷി ഒഴിവാക്കി തുടങ്ങി. കാട്ടാനകളുടെ ശല്ല്യം രൂക്ഷമായതിനെ തുടര്‍ന്നാണ് പൈനാപ്പിള്‍ കൃഷി നശിപ്പിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതമായത്. മൂന്ന് വര്‍ഷം പ്രായമായ റബ്ബര്‍ തൈകള്‍ക്കിടയില്‍ ഇടവിളയായിട്ടാണ് പൈനാപ്പിള്‍ കൃഷി നടത്തുന്നത്.
കാട്ടാനകള്‍ പൈനാപ്പിള്‍ കൃഷിമാത്രമല്ല റബര്‍ തൈകള്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് പൈനാപ്പിള്‍ കൃഷി നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. രണ്ടാഴ്ചക്കിടെ ചേനപ്പാടി എസ്റ്റേറ്റില്‍ നിന്ന് മാത്രം 200 ലധികം റബര്‍ തൈകളാണ് കാട്ടാനകള്‍ നശിപ്പിച്ചത്. തോട്ടം ഉടമസ്ഥരില്‍ നിന്ന് പാട്ടത്തിനെടുത്താണ് പൈനാപ്പിള്‍ കൃഷി നടത്തുന്നത്. റബര്‍ തൈകള്‍ക്കിടയില്‍ കളകള്‍ വളരാതിരിക്കാനും സംരക്ഷണം നല്‍കുന്നതിനും വേണ്ടിയാണ് തോട്ടം ഉടമകള്‍ പൈനാപ്പിള്‍ കൃഷി നടത്താന്‍ അനുവദിക്കുന്നത്. ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടായത് എന്നതിനാല്‍ ചേനപ്പാടി എസ്റ്റേറ്റില്‍ നിന്നും കൈതച്ചക്ക കൃഷി ഒഴിവാക്കി തുടങ്ങിയിട്ടുണ്ട്. രണ്ട് വര്‍ത്തിലേറെയായി പൈനാപ്പിള്‍ കൃഷി നടത്തിവരികയാണ്. കാട്ടാനകളില്‍ നിന്നും സംരക്ഷണം നേടുന്നതിന് വേണ്ടി വനാതിര്‍ത്തിയില്‍ സ്ഥാപിച്ച സോളാര്‍ വേലികള്‍ പൂര്‍ണമായും കാട്ടാനകള്‍ നശിപ്പിച്ചിരിക്കുകയാണ്.
ഇതോടെ കാട്ടാനകള്‍ വനത്തില്‍ നിന്നും വൈകുന്നേരം ഏഴ് മണിയോടെതന്നെ നാട്ടിലേക്കിറങ്ങുന്നത് പതിവാണ്. കാട്ടാനകള്‍ നാട്ടിലേക്കിറങ്ങുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുകയാണ്. ചേനപ്പാടി എസ് സി കോളനി, വേപ്പിന്‍ കുന്ന് എസ് സി കോളനി എന്നീ കോളനികള്‍ക്ക് സമീപത്താണ് ചേനപ്പാടി എസ്റ്റേറ്റി സ്ഥിതിചെയ്യുന്നത്. രണ്ട് കോളനികളിലേക്കും കാട്ടാനകള്‍ ഇറങ്ങുന്നതിനാല്‍ ഭീതിയോടെയാണ് കോളനിക്കാര്‍ കഴിയുന്നത്.