കുരങ്ങുപനി : വനത്തില്‍ പോകുന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ്

Posted on: March 4, 2015 10:12 am | Last updated: March 4, 2015 at 10:12 am
SHARE

മലപ്പുറം: കരുളായി, പള്ളിക്കല്‍ പഞ്ചായത്തുകളില്‍ കുരങ്ങ് പനി കണ്ടെത്തിയ സാഹചര്യത്തിന്‍ വനത്തില്‍ ജോലിക്ക് പോകുന്നവരും വനപ്രദേശങ്ങളില്‍ താമസിക്കുന്നവരും ജോലി ചെയ്യുന്നവരും പനി പടരാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ശരീരം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് വനത്തില്‍ പോകുന്നത് രോഗവാഹകരായ ചെള്ളുകള്‍ ശരീരത്തില്‍ കടിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും. വനത്തില്‍ നിലത്ത് ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നതും ഒഴിവാക്കണം. രോഗ സാധ്യതാ മേഖലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി വിതരണം ചെയ്യുന്ന ഡി എം പി ഓയില്‍ വനത്തില്‍ പോകുമ്പോള്‍ ദേഹത്ത് പുരട്ടുന്നതും നേരത്തേ തന്നെ പ്രതിരോധ കുത്തിവെയ്പ് എടുക്കുന്നതും രോഗം പിടിപെടാതിരിക്കാന്‍ സഹായിക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി കുരങ്ങ് പനി സാധ്യതാ മേഖലകളില്‍ കുത്തിവെയ്പ്, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി ചികിത്സ തേടണം.
പനി, തലവേദന, ഛര്‍ദ്ദി, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പോഷകാഹാരക്കുറവുള്ളവരില്‍ മൂന്നോ നാലോ ദിവസത്തിനുള്ളില്‍ മൂക്കില്‍ നിന്നും മോണയില്‍ നിന്നും രക്തസ്രാവവും കേണ്ടക്കാം. അസുഖത്തിന്റെ ആദ്യ ഘട്ടത്തില്‍ ചികിത്സ തേടിയാല്‍ രോഗത്തില്‍ നിന്ന് പൂര്‍ണമായും മുക്തി നേടാം. മൂന്ന് ഡോസ് മരുന്നാണ് പ്രതിരോധ കുത്തിവെയ്പായി നല്‍കുന്നത്.
ആദ്യ രണ്ട് ഡോസുകള്‍ ഒരുമാസം ഇടവിട്ടും മൂന്നാമത്തേത് ആറാമത്തെ മാസത്തിലും എടുക്കണം.
പിന്നീട് ആവശ്യമെങ്കില്‍ മാത്രം വര്‍ഷത്തില്‍ ഒരു കുത്തിവെയ്പ് എടുക്കണം. രോഗത്തിന്റെ കാഠിന്യമനുസരിച്ച് ഇത് അഞ്ച് വര്‍ഷം വരെ തുടരാം. ആദ്യ ഘട്ടത്തില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍ അപ്രത്യക്ഷമാവുകയും ഒന്ന് മുതല്‍ മൂന്ന് വരെ ആഴ്ചകള്‍ക്കുള്ളില്‍ ശക്തമായ പനിയടക്കം ലക്ഷണങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെടാം.
രണ്ടാം ഘട്ടത്തില്‍ ശക്തമായ തലവേദന കഴുത്തിലെ പേശികള്‍ക്ക് ബലം, വിറയല്‍ എന്നിവയുമുണ്ടാകും. ഈ ഘട്ടത്തിലും ചികിത്സ തേടിയില്ലെങ്കില്‍ മരണ സാധ്യത അഞ്ച് മുതല്‍ 10 ശതമാനം വരെയാണ്.
കുരങ്ങ് പനി സാധ്യതാ മേഖലകളില്‍ പനി പടരുന്നത് തടയുന്നതിനായി എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്നും ഇത്തരം മേഖലകളിലുള്ളവര്‍ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി രോഗം പടരുന്നത് തടയണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.