ദേശീയപാത വികസനം: ജനകീയ കമ്മീഷന്‍ സര്‍വേ തുടങ്ങി

Posted on: March 4, 2015 10:11 am | Last updated: March 4, 2015 at 10:11 am
SHARE

കോട്ടക്കല്‍: ദേശീയപാത വികസനത്തിനായി ജനകീയ കമ്മീഷന്‍ നടത്തുന്ന സര്‍വേ നടപടികള്‍ തുടങ്ങി. ദേശീയപാത സംരക്ഷണ സമിതിക്ക് കീഴില്‍ റിട്ട. ജസ്റ്റിസ് കെ സുകുമാരന്‍ ചെയര്‍മാനായുള്ള കമ്മീഷനാണ് സര്‍വെ നടപടികള്‍ നടത്തുന്നത്.
പാതവികസനം നടത്തുമ്പോള്‍ ഇരകള്‍ക്കുണ്ടാകുന്ന നഷ്ടങ്ങളുടെ യഥാര്‍ഥ കണക്കുകള്‍ ലഭ്യമാക്കി സര്‍ക്കാറിന് സമര്‍പ്പിക്കാനാണ് സര്‍വേ. വികസനം നടത്തുമ്പോഴുണ്ടാകുന്ന സാമൂഹിക സാമ്പത്തിക പാരിസ്ഥിതികാഘാതം തുടങ്ങിയവ കമ്മീഷന്‍ നേരിട്ട് പഠിക്കും. ദേശീയപാത വികസനം കടന്നുപോകുന്ന മുഴുവന്‍ മേഖലയിലും കമ്മീഷന്‍ സര്‍വെ നടത്തും. പത്രപ്രവര്‍ത്തകര്‍, സാമൂഹിക രംഗത്തെ അംഗങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സാമ്പത്തിക വിദഗ്ധര്‍ എന്നിവര്‍ കമ്മീഷനില്‍ അംഗങ്ങളാണ്. എന്‍ പത്മനാഭന്‍, പി ഗീത, പി സുരേന്ദ്രന്‍, സി ആര്‍ നീലകണ്ഠന്‍, പ്രൊഫ. കെ അരവിന്ദാക്ഷന്‍ തുടങ്ങിയവരാണ് അംഗങ്ങള്‍. സര്‍വേയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം പുത്തനത്താണിയില്‍ നടന്നു.
പാതവികസനം നടക്കുന്ന വില്ലേജുകളിലെ ഭൂമി, വീട്, വ്യാപാര കേന്ദ്രങ്ങള്‍, സാമ്പത്തിക സ്രോതസ്സുകള്‍, എന്നിവയുടെ വിവരങ്ങള്‍ പൂര്‍ണമായും കമ്മീഷന്‍ ശേഖരിക്കും.
ഇത് സര്‍ക്കാറിന് സമര്‍പ്പിക്കും. ദേശീയപാത വികസനം നടക്കുമ്പോള്‍ ഏറെ നഷ്ടം വരുന്നത് മലപ്പുറം ജില്ലയിലാണ്. ഇതിനെതിരെ ജില്ലയില്‍ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുകയാണ്. നേരത്തെ നാഷനല്‍ ഹൈവെ സര്‍വേ അതോറിറ്റി മൂന്ന് പ്രാവശ്യം നോട്ടിഫിക്കേഷന്‍ ഇറക്കി സര്‍വേ നടപടികള്‍ക്ക് ശ്രമിച്ചിരുന്നെങ്കിലും ജനങ്ങളുടെ എതിര്‍പ്പുകാരണം ഇതിനായിരുന്നില്ല. പുനരുദ്ധാരണ പാകേജില്ലാതെ സ്ഥലം നല്‍കാനാവില്ലെന്ന നിലപാടിലൂടെ സ്ഥലമെടുപ്പ് നടപടികളെ ജനം ചെറുത്ത് തോല്‍പിക്കുകയായിരുന്നു.
ഇതെതുടര്‍ന്ന് സ്ഥലം ലഭ്യമാക്കാനാവാതെ പിന്തിരിയേണ്ടിവന്നു. നഷ്ടം കണക്കാക്കി ഉന്നതാധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് ജനകീയസമിതി കമ്മീഷനെ നിയമിച്ചിരിക്കുന്നത്. സത്യസന്ധവും നീതിപൂര്‍ണവുമായ കണക്കെടുപ്പാണ് കമ്മീഷന്‍ നടത്തുക. ചെനക്കലിന്റെയും ചേളാരിക്കിടയിലേയും സര്‍വെ നടപടികള്‍ കഴിഞ്ഞ ദിവസങ്ങളിലായി പൂര്‍ത്തിയായി. ഇന്ന് ചെനക്കല്‍ മുതല്‍ പാലച്ചിറമാട് വരെയുള്ള ഭാഗങ്ങളിലെ സര്‍വെ നടപടികള്‍ തുടങ്ങും. ദേശീയപാത വഴിതിരിച്ചുവിടുന്നതിനുള്ള പാതയാണ് ഇതിലൂടെ വരുന്നത്. രാവിലെ പത്തിന് സര്‍വേ നടപടികള്‍ ആരംഭിക്കും.