വ്യാജ ആര്‍ സി നിര്‍മാണം: ഇടനിലക്കാരന്‍ അറസ്റ്റില്‍

Posted on: March 4, 2015 10:10 am | Last updated: March 4, 2015 at 10:10 am
SHARE

പെരിന്തല്‍മണ്ണ: വാഹനങ്ങള്‍ക്ക് വ്യാജമായി ആര്‍ സി ബുക്ക് ഉണ്ടാക്കി ലക്ഷക്കണക്കിന് രൂപ ഫൈനാന്‍സിംഗ് സ്ഥാപനങ്ങളില്‍ നിന്ന് തട്ടിയ സംഘത്തിലെ മുഖ്യ ഇടനിലക്കാരന്‍ അറസ്റ്റില്‍. പാണ്ടിക്കാട് ചെമ്പ്രശ്ശേരി ഈസ്റ്റ് മരുതഞ്ചേരി സ്വദേശി മാഞ്ചേരി വീട്ടില്‍ മുഹമ്മദ് ബശീര്‍ (44) ആണ് അറസ്റ്റിലായത്.
പെരിന്തല്‍മണ്ണയിലെ മണ്ണാര്‍ക്കാട് റോഡിലുള്ള ധനകാര്യ സ്ഥാപനത്തിന്റെ പരാതിയിലാണ് അറസ്റ്റ്. മാരുതി സിഫ്റ്റ് കാറിന്റെ ആര്‍ സി വെച്ച് രണ്ടര ലക്ഷം രൂപ വാങ്ങി തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് സ്ഥാപനം പരാതി നല്‍കിയത്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സംബന്ധമായ രേഖകള്‍ പരിശോധിച്ചപ്പോഴാണ് പല സ്ഥാപനങ്ങളില്‍ നിന്നായി വ്യാജ ആര്‍ സികള്‍ വെച്ച് ലക്ഷങ്ങള്‍ തട്ടിയതായി മനസിലായത്.
മേലാറ്റൂര്‍ ടൗണില്‍ വിവാഹ ബ്യൂറോ നടത്തുന്ന പ്രതി വാഹന ബ്രോക്കര്‍ പണിക്കിടെ പരിചയപ്പെട്ട മേലാറ്റൂര്‍ വലിയപറമ്പ് സ്വദേശി മുഖാന്തിരമാണ് തട്ടിപ്പ് നടത്തിയത്. പാണ്ടിക്കാടുള്ള ഒരു ട്രാവല്‍സ് വഴിയാണ് വിവിധ വാഹനങ്ങളുടെ വ്യാജ ആര്‍ സികള്‍ ഉണ്ടാക്കിയെടുത്തതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
ഇത്തരത്തിലുള്ള ആര്‍ സികള്‍ സഹിതമാണ് പ്രതി പിടിയിലായത്. ബശീറും മേലാറ്റൂര്‍ വലിയപറമ്പ് സ്വദേശിയുംകൂടി ഫിനാന്‍സിംഗ് സ്ഥാപനങ്ങളില്‍ വാഹനങ്ങള്‍ കാണിക്കാതെ വ്യാജരേഖകള്‍ സമര്‍പ്പിച്ച് ഫിനാന്‍സിംഗ് തരപ്പെടുത്തുകയായിരുന്നു. ലഭിക്കുന്ന തുക രണ്ടു പേരുംകൂടി തുല്യമായി വീതിച്ചെടുക്കും. ഇത്തരത്തില്‍ പെരിന്തല്‍മണ്ണ, നിലമ്പൂര്‍, മഞ്ചേരി, എടക്കര എന്നിവിടങ്ങളിലെ പ്രമുഖ ഫൈനാന്‍സിംഗ് സ്ഥാപനങ്ങളില്‍ നിന്നും പണം തട്ടിയിട്ടുണ്ട്.
പാണ്ടിക്കാടുള്ള ട്രാവല്‍സിന് പതിനായിരം രൂപയാണ് പ്രതിഫലം. ഒരാഴ്ചക്കുളളില്‍ വ്യാജ ആര്‍ സി ഇവര്‍ നിര്‍മിച്ചു നല്‍കും. ആര്‍ സികള്‍ കൂടാതെ പഞ്ചായത്ത്, വില്ലേജ്, രജിസ്‌ട്രേഷന്‍, സ്‌കൂള്‍, എന്നിവിടങ്ങളിലെ ആവശ്യങ്ങള്‍ക്ക് വിവിധ രേഖകള്‍ വ്യാജമായി നിര്‍മിച്ച് പല ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ബേങ്ക് ലോണ്‍, പാസ്‌പോര്‍ട്ട് അപേക്ഷകള്‍, വിദേശസംബന്ധമായ ജോലികള്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയ്ക്കായി വ്യാജരേഖകള്‍ തയ്യാറാക്കിയതും പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചുവരുന്നു. ഡി വൈ എസ് പി. പി എം.പ്രദീപ്, സി ഐ കെ എം ബിജു, എസ് ഐ സി കെ നാസര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിലെയും പെരിന്തല്‍മണ്ണ ടൗണ്‍ ഷാഡോ പോലീസിലേയും ഉദ്യോഗസ്ഥരായ ടി ശ്രീകുമാര്‍, പി രാജശേഖരന്‍, ടി എന്‍ കൃഷ്ണകുമാര്‍, അശ്‌റഫ് കൂട്ടില്‍, എന്‍ വി ബശീര്‍, അഭിലാഷ് കൈപ്പിനി, സുജേഷ്, വി മന്‍സൂര്‍, ഫാസില്‍ കുരിക്കള്‍, പി കെ അബ്ദുള്‍സലാം, തോമസ്, അനില്‍ ചാക്കോ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.