ഏറനാട് മണ്ഡലം ജനസമ്പര്‍ക്ക പരിപാടി ഏപ്രില്‍ 23 ന്

Posted on: March 4, 2015 10:06 am | Last updated: March 4, 2015 at 10:06 am
SHARE

മലപ്പുറം: ഏറനാട് നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ വിവിധ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുന്നതിനായി പി കെ ബശീര്‍ എം എല്‍ എ യുടെ ജനസമ്പര്‍ക്ക പരിപാടി അടുത്തമാസം 23 ന് എടവണ്ണ സീതിഹാജി സ്റ്റേഡിയത്തില്‍ നടക്കും. ജില്ലാ കലക്ടര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ എം എല്‍ എയാണ് തീയതി പ്രഖ്യാപിച്ചത്.
നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ തയ്യാറാക്കിയ ജനസമ്പര്‍ക്ക പരിപാടിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനവും എം എല്‍ എ നിര്‍വഹിച്ചു. മണ്ഡലത്തിലെ ചാലിയാര്‍, എടവണ്ണ, അരീക്കോട്, ഊര്‍ങ്ങാട്ടിരി, കീഴുപറമ്പ്, കാവനൂര്‍, കുഴിമണ്ണ പഞ്ചായത്തുകളിലെ ജനങ്ങളെ ബാധിക്കുന്ന ഏത് പ്രശ്‌നവുമായി ബന്ധപ്പെട്ട പരാതികളും നല്‍കാമെന്ന് എം എല്‍ എ അറിയിച്ചു. മണ്ഡലത്തിലെ 11 അക്ഷയ കേന്ദ്രങ്ങളിലായി ഈമാസം ഒന്‍പത് മുതല്‍ അടുത്തമാസം അഞ്ച് വരെ പരാതികള്‍ സ്വീകരിക്കും.
ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഗണിക്കുന്നതിനായി വില്ലേജ്- പഞ്ചായത്ത് ഓഫീസുകളില്‍ ലഭിക്കുന്ന പരാതികള്‍ ഓഫീസ് അധികാരികള്‍ യഥാസമയം അക്ഷയ കേന്ദ്രങ്ങള്‍ക്ക് കൈമാറണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. വെബ്‌സൈറ്റ് വഴി ലഭിക്കുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും. വകുപ്പ് മേലധികാരികള്‍ ഇത് പരിശോധിച്ച് പരിഹാരം നിര്‍ദേശിക്കുകയും ബന്ധപ്പെട്ട പരാതിക്കാരനെ അറിയിക്കുകയും ചെയ്യണം.
ഇവര്‍ക്കുള്ള ആനുകൂല്യങ്ങളും അന്തിമ ഉത്തരവുകളും ജനസമ്പര്‍ക്ക പരിപാടിയില്‍ നല്‍കും. സര്‍ക്കാറിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ സര്‍ക്കാര്‍ ഓഫീസുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തീര്‍പ്പാക്കാതെ കിടക്കുന്ന പരാതികളില്‍ പരിഹാരം കാണുന്നതിനുള്ള അവസരമുണ്ടാകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, ദേശീയ കുടുംബ സഹായ നിധി എന്നിവയുമായി ബന്ധപ്പെട്ടും മറ്റ് ധനസഹായങ്ങള്‍ക്കും അപേക്ഷ നല്‍കാം.
സ്വകാര്യ പങ്കാളിത്തത്തോടെ മുച്ചക്ര വാഹന വിതരണം: ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് അര്‍ഹരായവര്‍ക്ക് സ്വകാര്യ പങ്കാളിത്തത്തോടെ മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്യുമെന്ന് പി കെ ബശീര്‍ എം എല്‍ എ അറിയിച്ചു. അംഗപരിമിതര്‍ക്ക് ആവശ്യമായ ഹിയറിംഗ് എയ്ഡ്, ഇയര്‍ ഫോണ്‍, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവ നല്‍കുന്നതിന് വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ സഹകരണം അറിയിച്ചിട്ടുണ്ട്. അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹരായരുടെ ലിസ്റ്റ് തയ്യാറാക്കുന്നതില്‍ സാമൂഹിക നീതി വകുപ്പ് മേല്‍നോട്ടം വഹിക്കണമെന്ന് എം എല്‍ എ നിര്‍ദേശിച്ചു.
ഏറനാട് മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി പ്രകാരം എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.12 കോടി ചെലവില്‍ സ്‌കൂളുകള്‍ക്ക് നല്‍കുന്ന ഉപകരണങ്ങളുടെ വിതരണവും ജനസമ്പര്‍ക്ക പരിപാടിയില്‍ നടക്കും. എട്ട് സ്‌കൂളുകള്‍ക്ക് വാനുകള്‍, 91 സ്‌കൂളുകള്‍ക്കായി 1000 ഫാനുകള്‍ തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്.