എച്ച്1എന്‍1 പനിക്കെതിരെ ജാഗ്രത പാലിക്കണം

Posted on: March 4, 2015 10:05 am | Last updated: March 4, 2015 at 10:05 am
SHARE

h1 n1കോഴിക്കോട്: എച്ച്1 എന്‍1 പനി പടരുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി കെ മോഹനന്‍ അറിയിച്ചു. മറ്റ് വൈറല്‍ പനികളുടെ ലക്ഷണങ്ങളായ പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, തലവേദന, ക്ഷീണം എന്നിവയാണ് എച്ച്1 എന്‍1 ന്റെയും ലക്ഷണങ്ങള്‍. രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴുമാണ് വൈറസ് അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്നത്. രോഗാണുക്കള്‍ അടങ്ങിയ വസ്തുക്കള്‍ സ്പര്‍ശിച്ച ശേഷം കൈകള്‍ കഴുകാതെ മൂക്ക്, കണ്ണ്, വായ എന്നിവിടങ്ങളില്‍ സ്പര്‍ശിച്ചാല്‍ രോഗാണുബാധയുണ്ടാകും.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ ഉപദേശം തേടി ഒരാഴ്ച പരിപൂര്‍ണ വിശ്രമം വേണം. ചികിത്സാ സഹായം തേടാനല്ലാതെ യാത്ര ചെയ്യരുത്. ധാരാളം വെളളം കുടിക്കുകയും പോഷകാഹാരം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യണം. പ്രമേഹം, ഹൃദ്രോഗം മുതലായ രോഗങ്ങളുളളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍ എന്നിവരുമായി അടുത്തിടപെടുന്നത് ഒഴിവാക്കണം.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും പൊത്തിപ്പിടിക്കുക, സോപ്പും വെളളവും ഉപയോഗിച്ച് കൈകള്‍ ഇടക്കിടെ കഴുകുക എന്നിവ വഴി രോഗം പകരുന്നത് ഒഴിവാക്കാനാവും. പ്രമേഹം, ഹൃദ്രോഗം എന്നിവയുളളവര്‍, അഞ്ച് വയസ്സിന് താഴെയുളള കുട്ടികള്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍ തുടങ്ങിയവര്‍ക്ക് രോഗം തീവ്രമാകാന്‍ സാധ്യതയുളളതിനാല്‍ പനിയുടെ ലക്ഷണങ്ങളോ ശ്വാസം മുട്ടലോ കണ്ടാല്‍ ശരിയായ ചികിത്സ തേടണം.
താലൂക്ക് ആശുപത്രികള്‍ക്ക് മുകളിലുളള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സാ സംവിധാനങ്ങള്‍ ലഭ്യമാണെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.