ചേളന്നൂരില്‍ തകര്‍ന്ന കനാല്‍ സൈഫണിന്റെ അറ്റകുറ്റപണി വൈകുന്നു

Posted on: March 4, 2015 9:57 am | Last updated: March 4, 2015 at 9:57 am
SHARE

നരിക്കുനി: കുറ്റിയാടി ജലസേചനപദ്ധതിയുടെ ഭാഗമായ കക്കോടി ബ്രാഞ്ച് കനാലില്‍ ചേളന്നൂര്‍ എട്ടേരണ്ടിന് സമീപം തകര്‍ന്ന സൈഫണിന്റെ ഔട്ട്‌ലെറ്റിലെ അറ്റകുറ്റപണി വൈകുന്നത് ജനത്തെ ആശങ്കയിലാഴ്ത്തുന്നു.
പെരുവണ്ണാമുഴി ഡാമില്‍ നിന്ന് വെള്ളം തുറന്നുവിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും ചേളന്നൂര്‍, കുരുവട്ടൂര്‍, കക്കോടി പഞ്ചായത്തുകളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും കനാല്‍ വെള്ളം എത്താത്തത് ചേളന്നൂര്‍ എട്ടേരണ്ടിലെ കനാല്‍ സൈഫണിലെ തകരാറ് കാരണമാണ്. ഔട്ട്‌ലെറ്റിന്റെ ഭാഗത്ത് 15 മീറ്ററോളം നീളത്തില്‍ കോണ്‍ക്രീറ്റ് ഭിത്തി തകര്‍ന്ന് കിടക്കുകയാണ്. ഈ ഭാഗത്ത് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ വലിയ പൈപ്പുകള്‍ താത്കാലിക സംവിധാനമെന്ന നിലയില്‍ സ്ഥാപിച്ച് ജലവിതരണത്തിലെ തടസ്സം നീക്കണമെന്ന നാട്ടുകാരുടെയും പഞ്ചായത്ത് അധികൃതരുടെയും ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.
പച്ചക്കറി, നെല്ല്, മറ്റ് ഇടവിള കൃഷികള്‍ ഉള്‍പ്പെടെ കൃഷി ചെയ്യുന്ന ആയിരക്കണക്കിന് കര്‍ഷകര്‍ കനാല്‍ വെള്ളമെത്താത്തതിനാല്‍ പ്രയാസപ്പെടുകയാണ്. അറ്റകുറ്റപണി നടത്താന്‍ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും തുടര്‍നടപടികള്‍ വൈകുന്നതിനാല്‍ പ്രവൃത്തിയുടെ കാര്യം അനിശ്ചിത്വത്തിലാണ്.
പെരുവണ്ണാമുഴി ഡാമില്‍ നിന്നുള്ള വെള്ളം കുറ്റിയാടി ജലസേചന പദ്ധതിയുടെ ഭാഗമായ കക്കോടി ബ്രാഞ്ച് കനാലിലൂടെ പൂളക്കടവിലെത്തിച്ച് പൂനൂര്‍ പുഴയിലേക്കൊഴുക്കി പമ്പിംഗ് നടത്തി നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കാനും ഈ പദ്ധതി പ്രയോജനപ്പെടുത്താറുണ്ട്. കടുത്ത വരള്‍ച്ചയെ അഭിമുഖീകരിക്കുന്ന വേളകളില്‍ പൂളക്കടവ് വാട്ടര്‍ അതോറിറ്റി പമ്പ് ഹൗസില്‍ കനാല്‍ വെള്ളത്തെ ആശ്രയിച്ചാണ് പമ്പിംഗ് നടത്താറ്.
സമരങ്ങളും പ്രതിഷേധങ്ങളും നടക്കുംമ്പോഴും അറ്റകുറ്റപണി നീണ്ട് പോകുന്നത് വ്യാപക പ്രതിഷേധം ക്ഷണിച്ച് വരുത്തുന്നു.
കനാല്‍ അറ്റകുറ്റപണിയുമായി ബന്ധപ്പെട്ട് ഏഴിന് രാവിലെ 11ന് കക്കോടി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സര്‍വകക്ഷിയോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. എ കെ ശശീന്ദ്രന്‍ എം എല്‍ എയുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച.