അമേരിക്കന്‍ സൈനിക ഉപഗ്രഹം ഭൂമിക്ക് മുകളില്‍ പൊട്ടിത്തെറിച്ചു

Posted on: March 4, 2015 9:18 am | Last updated: March 5, 2015 at 12:00 am
SHARE

DMSP-USAF-879x485
ന്യൂയോര്‍ക്ക്: ഭൂമിയെ വലംവെക്കുന്നതിനിടയില്‍ അമേരിക്കന്‍ സൈനിക ഉപഗ്രഹം പൊട്ടിത്തെറിച്ചു. 20 വര്‍ഷം പഴക്കംചെന്ന ഉപഗ്രഹമാണ് പൊട്ടിത്തെറിച്ചതെന്ന് സ്‌പേസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാലാവസ്ഥാനിരീക്ഷണത്തിന് ഉപയോഗിച്ചിരുന്ന ഡി എം എസ് പി – എഫ് 13 ഉപഗ്രഹമാണ് തകര്‍ന്നുവീണത്.

ഭൂമിക്ക് മുകളില്‍ വെച്ച് പൊട്ടിത്തെറിച്ച ഉപഗ്രഹം അമ്പതോളം കഷണങ്ങളായി നിലംപതിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. താപനിലയിലുണ്ടായ വ്യതിയാനമാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് യു എസ് എയര്‍ഫോഴ്‌സ് വൃത്തങ്ങള്‍ അറിയിച്ചു. ഉപഗ്രഹം തകര്‍ന്നുവീണ വാര്‍ത്ത യു എസ് എയര്‍ഫോഴ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്.

1995ലാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത്. ഉപഗ്രഹം പ്രവര്‍ത്തന ക്ഷമമായിരുന്നുവെങ്കിലും 2006മുതല്‍ ഇതില്‍ നിന്നുള്ള വിവരങ്ങള്‍ കാലാവസ്ഥാ നിരീക്ഷണത്തിന് ഉപയോഗിച്ചിരുന്നില്ല. ഏറ്റവും കൂടുതല്‍ കാലം ഉപയോഗക്ഷമമായി നിന്ന അമേരിക്കന്‍ ഉപഗ്രഹമാണ്  ഡി എം എസ് പി – എഫ് 13.