ആറന്മുള: ബി ജെ പി സംസ്ഥാന നേതൃത്വം വെട്ടില്‍

Posted on: March 4, 2015 5:14 am | Last updated: March 4, 2015 at 12:14 am
SHARE

കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിന്റെ പുതിയ സാമ്പത്തിക സര്‍വേയില്‍ പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ ഈ വര്‍ഷം നിര്‍മിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയില്‍ ആറന്മുളയെ ഉള്‍പ്പെടുത്തിയത് ബി ജെ പി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി. ആറന്മുളയിലെ നിര്‍ദിഷ്ട വിമാനത്താവളത്തെ തുടക്കം മുതല്‍ എതിര്‍ത്ത ബി ജെ പി സംസ്ഥാന നേതൃത്വം ഇപ്പോള്‍ എന്ത് പറയണമെന്ന് അറിയാതെ കുഴങ്ങുകയാണ്. ആറന്മുള പദ്ധതി ഒരു നിലക്കും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ബി ജെ പിയും മറ്റ് സംഘ്പരിവാര്‍ സംഘടനകളും നിരവധി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പൊതു- സ്വകാര്യ മേഖലയിലില്‍ നിര്‍മിക്കുന്ന പദ്ധതികളില്‍ മുന്തിയ പരിഗണനയാണ് ആറന്മുളക്ക് നല്‍കിയിരിക്കുന്നത്. സ്വന്തം പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ തന്നെ ഈ തീരുമാനം കൈക്കൊണ്ടതോടെ പൊതുജനങ്ങള്‍ക്കും പാര്‍ട്ടി അണികള്‍ക്കും മുമ്പില്‍ ഇനി എന്ത് മറുപടി പറയുമെന്ന ആശങ്കയിലാണ് ബി ജെ പി സംസ്ഥാന നേതൃത്വം.
പാര്‍ട്ടിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന വിഷയത്തില്‍ മാധ്യമങ്ങള്‍ നിലപാട് ആരാഞ്ഞപ്പോള്‍ പരസ്പര വിരുദ്ധമായാണ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ പ്രതികരിച്ചത്. ആറന്മുളയില്‍ വിമാനത്താവളം വേണ്ട എന്ന് തന്നെയാണ് സംസ്ഥാന ഘടകത്തിന്റെ നിലപാടെന്നും ഇക്കാര്യത്തില്‍ കേന്ദ്ര – സംസ്ഥാന നേതൃത്വങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമില്ലെന്നും മുരളീധരന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാറിന്റെ നയപദ്ധതികളുടെ ഇടയിലല്ല മറിച്ച് സാമ്പത്തിക സര്‍വേയുടെ പരിധിയില്‍ മാത്രമാണ് ആറന്മുള ഉള്‍പ്പെട്ടത്. അതിനാല്‍ വികസന പദ്ധതികള്‍ തുടങ്ങുമെന്ന് പറയാനാകില്ല. എങ്കിലും വിമാനത്താവളം ആറന്മുളയില്‍ നിര്‍മിക്കാനുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാറും പാര്‍ട്ടി ദേശീയനേതൃത്വവും മുന്നോട്ട് പോയാല്‍ അതിനൊപ്പം നില്‍ക്കുമെന്നും മുരളീധരന്‍ പറഞ്ഞു. ഒരേ വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന നേതാക്കള്‍ രണ്ട് നിലപാട് സ്വീകരിക്കില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ആറന്മുള വിമാനത്താവളം അനിവാര്യമാണെന്ന ശക്തമായ വാദമാണ് കേന്ദ്ര സാമ്പത്തിക സര്‍വേ മുന്നോട്ടുവെക്കുന്നത്. ഗതാഗത വികസനത്തിനും സാമ്പത്തിക പുരോഗതിക്കും ആറന്മുള വിമാനത്താവള പദ്ധതി അത്യന്താപേക്ഷിതമാണെന്ന് സര്‍വേയുടെ 103, 104 പേജുകളില്‍ പറയുന്നു. കണ്ണൂര്‍, ഗോവയിലെ മോപ, നവി മുംബൈ തുടങ്ങിയ വിമാനത്താവള പദ്ധതികളും ലിസ്റ്റിലുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമാക്കി വിദൂര പിന്നാക്ക മേഖലകളില്‍ വിമാനത്താവളം നിര്‍മിക്കുക എന്നതാണ് ലക്ഷ്യമെന്നും അതിനാലാണ് ആറന്മുളക്ക് പരിഗണന നല്‍കുന്നതെന്നും സര്‍വേ വ്യക്തമാക്കുന്നു. കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക സര്‍വേയില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഹരിത ട്രൈബ്യൂണല്‍ ഉത്തരവും സി എ ജി റിപ്പോര്‍ട്ടുമൊന്നും പദ്ധതി തുടങ്ങുന്നതിന് എതിരാകില്ലെന്നാണ് റിപ്പോര്‍ട്ട്.