ഹനുമാന്‍ സേനയുടെ നേതൃത്വത്തില്‍ ‘ഘര്‍വാപസി’

Posted on: March 4, 2015 5:13 am | Last updated: March 4, 2015 at 12:14 am
SHARE

കോഴിക്കോട്: നേരത്തെ ചുംബന സമരക്കാരെ ക്രൂരമായി ആക്രമിച്ച് വാര്‍ത്തകളില്‍ ഇടം പിടിച്ച വിവാദ, വര്‍ഗീയ സംഘടനയായ ഹനുമാന്‍ സേനയുടെ നേതൃത്വത്തില്‍ പരാവര്‍ത്തന മാമാങ്കം എന്ന പേരില്‍ ‘ഘര്‍വാപസി’. ഹനുമാന്‍ സേനയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 25 പേര്‍ ഹിന്ദുമതം സ്വീകരിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി വിനോദ് കൊല്ലം അവകാശപ്പെട്ടു. ഹിന്ദുമതത്തില്‍ നിന്നും മറ്റു മതങ്ങളിലേക്ക് മാറിയവര്‍ സ്വമേധയാ വീണ്ടും ഹിന്ദുമതം സ്വീകരിക്കുകയായിരുന്നുവെന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മതം മാറിയവരെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ അവര്‍ തയ്യാറായിട്ടില്ല. അങ്കമാലിയിലെ മഞ്ഞപ്ര സ്വദേശി ജിതീഷും ഭാര്യ എബീനയും മരുമക്കളും നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ സ്വാമി പ്രശാന്താനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ ഹിന്ദുമതം സ്വീകരിച്ചുവെന്ന് ഇവര്‍ പറഞ്ഞു.
സംസ്ഥാന സമ്മേളനം പ്രശാന്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി എം എം ഭക്തവത്സലന്‍ അധ്യക്ഷത വഹിച്ചു. അതേ സമയം ഘര്‍വാപസിക്ക് നേതൃത്വം നല്‍കിയ ഹനുമാന്‍ സേനയില്‍പ്പെട്ടവര്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ നേരത്തെ നിലനില്‍ക്കുന്നുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍ സംഘടനയില്‍ ഉണ്ടെന്നാണ് പ്രധാന ആരോപണം.