Connect with us

Kerala

ഓപറേഷന്‍ സുരക്ഷ: ഒരാഴ്ച പിന്നിട്ടതോടെ അകത്തായത് 8667 പേര്‍

Published

|

Last Updated

തിരുവനന്തപുരം; സാമൂഹിക വിരുദ്ധരെയും ഗുണ്ടകളെയും പിടിക്കാന്‍ ആഭ്യന്തരവകുപ്പ് ആവിഷ്‌കരിച്ച ഓപറേഷന്‍ സുരക്ഷ ഒരാഴ്ച പിന്നിട്ടതോടെ 8667 പേര്‍ അകത്തായി. സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരവും (കാപ്പ), ഗുണ്ട-റൗഡി ലിസ്റ്റില്‍ പെട്ട് ഒളിവില്‍ കഴിയുന്നവരും കുപ്രസിദ്ധ ഗുണ്ടകള്‍ ഉള്‍പ്പെടെ 974 പേര്‍ ഇക്കൂട്ടത്തിലുണ്ട്. കുറ്റകൃത്യങ്ങള്‍ക്ക് ശേഷം ഒളിവില്‍ പോയവരില്‍ 316 പേരെയും സി ആര്‍ പി സി 109, 110 വകുപ്പുകളില്‍ ഉള്‍പ്പെട്ട കേസുകളുള്ള 403 പേരും കാപ്പാ നിയമപ്രകാരം ഒമ്പതുപേരും കോഫേപോസാ കേസില്‍ ഒരാളും പിടിയിലായി. അക്രമം, വധശ്രമം, കൊലപാതകം തുടങ്ങി ഐ പി സി 326, 308, 307, 302 കേസുകളുമായി ബന്ധപ്പെട്ട് 245 ക്വട്ടേഷന്‍-വാടക ഗുണ്ടകളും പിടിയിലായി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളുള്‍പ്പെടെ വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ശേഷം നിയമനടപടികളില്‍ നിന്നും ഒഴിഞ്ഞുമാറി നടന്നവരും ഐ പി സി 356, 365, 366, 376 പ്രകാരവും കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള ആക്ട് പ്രകാരവും കേസെടുത്ത 158 പേരും അബ്കാരി ആക്ട്, ലഹരി വസ്തു വിപണനവിരുദ്ധ നിയമം, കള്ളനോട്ട്, അനധികൃത മണല്‍ ഖനനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് 235 പേരും അറസ്റ്റിലായി. ട്രാഫിക് കേസുകളിലൊഴികെ മറ്റു കേസുകളുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ള 6081 പ്രതികളെ ഇക്കാലയളവില്‍ അറസ്റ്റുചെയ്തു.
കവര്‍ച്ച, മോഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് (ഐ പി സി 379, 380, 392, 394, 395, 397 സെക്ഷനുകള്‍) 213 പേര്‍ പിടിയിലായി. സി ആര്‍ പി സി 107 പ്രകാരം കുറ്റകൃത്യങ്ങള്‍ തടയുന്നതിനും നല്ല നടപ്പിനുമായി 37 പേര്‍ക്കെതിരെ നടപടി തുടങ്ങി. കാപ്പ പ്രകാരം റെയ്ഞ്ച് ഐ.ജിമാര്‍ നാല് പേര്‍ക്കെതിരെ നടപടി ആരംഭിച്ചു. കാപ്പ ആക്ട് സെക്ഷന്‍ 3 പ്രകാരം 34 പേര്‍ക്കെതിരെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍മാരുടെ തീരുമാനത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്.
ഇന്നലെ മാത്രം ഓപ്പറേഷന്‍ സുരക്ഷ പ്രകാരം സംസ്ഥാനത്താകെ 883 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ചില്‍ 327 പേരും, കൊച്ചി റേഞ്ചില്‍ 210 പേരും, തൃശൂര്‍ റേഞ്ചില്‍ 85 പേരും, കണ്ണൂര്‍ റേഞ്ചില്‍ 261 പേരുമാണ് അറസ്റ്റിലായത്. ജില്ല തിരിച്ചുള്ള കണക്കുകള്‍: തിരുവനന്തപുരം സിറ്റി 61, തിരുവനന്തപുരം റൂറല്‍ 95, കൊല്ലം സിറ്റി 73, കൊല്ലം റൂറല്‍ 85, പത്തനംതിട്ട 13, ആലപ്പുഴ 122, കോട്ടയം 17, ഇടുക്കി 02, കൊച്ചി സിറ്റി 49, എറണാകുളം റൂറല്‍ 20, തൃശൂര്‍ സിറ്റി 42, പാലക്കാട് 43, കോഴിക്കോട് സിറ്റി 30, കോഴിക്കോട് റൂറല്‍ 42, വയനാട് 30, കണ്ണൂര്‍ 129, കാസര്‍കോട് 30.
സംഘടിത കുറ്റകൃത്യങ്ങള്‍ക്കും മാഫിയാ പ്രവര്‍ത്തനങ്ങള്‍ക്കും എതിരായ പോലീസ് നടപടി കൂടുതല്‍ കാര്യക്ഷമമായതോടെ ക്രമസമാധാനാന്തരീക്ഷം വളരെയധികം മെച്ചപ്പെട്ടുകഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.
പല സ്ഥലങ്ങളിലും സമൂഹത്തിന് ഭീഷണിയായി മാറുന്ന മണല്‍ മാഫിയ, മദ്യ-മയക്കുമരുന്നു മാഫിയ, ക്വട്ടേഷന്‍ ഗ്യാങ്ങുകള്‍, അസൂത്രിതമായി സ്ത്രീകളെ ചൂഷണം ചെയ്യുന്ന പെണ്‍വാണിഭ സംഘങ്ങള്‍, സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മാഫിയകള്‍ മുതലായവയെ പൂര്‍ണമായി അമര്‍ച്ച ചെയ്യുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
പിടിയിലായവര്‍ക്കെതിരെ അന്വേഷണ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും കോടതികളില്‍ ഫലപ്രദമായ പ്രോസിക്യൂഷന്‍ നടപടി ഉറപ്പുവരുത്തുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ഓപറേഷന്‍ സുരക്ഷയുടെ ഭാഗമായി അത്തരം കേസുകള്‍ പ്രത്യേകമായി കണ്ടെത്തി അവയില്‍ കാലതാമസമില്ലാതെ ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയുള്ള പരാതികള്‍ 1090 എന്ന നമ്പരില്‍ വിളിച്ചോ അതത് ജില്ലകളിലെ ജില്ലാ പോലീസ് മേധാവിമാരെയോ അറിയിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.