ആഭ്യന്തര മന്ത്രാലയം തിഹാര്‍ ജയില്‍ അധികൃതരോട് വിശദീകരണം തേടി

Posted on: March 4, 2015 5:10 am | Last updated: March 4, 2015 at 12:10 am
SHARE

ന്യൂഡല്‍ഹി: ഡല്‍ഹി ബലാത്സംഗക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന പ്രതിയെ ജയിലില്‍ സന്ദര്‍ശിച്ച് അഭിമുഖം തയ്യാറാക്കാന്‍ ബി ബി സി സംഘത്തെ അനുവദിച്ചതില്‍ തിഹാര്‍ ജയില്‍ അധികൃതരോട് സര്‍ക്കാര്‍ വിശദീകരണം തേടി. അഭിമുഖം നടത്തിയ ബി ബി സിക്കെതിരെ ഡല്‍ഹി പോലീസ് കോടതിയെ സമീപിക്കും. കുറ്റകൃത്യത്തില്‍ തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്ന് അഭിമുഖത്തില്‍ പ്രതി പറഞ്ഞിരുന്നു. ഇരയായ പെണ്‍കുട്ടി പ്രതിഷേധിച്ചതാണ് മരണത്തിനിടയാക്കിയ ക്രൂരമായ മര്‍ദനത്തിന് കാരണമെന്നും പ്രതി അഭിമുഖത്തില്‍ ന്യായീകരിക്കുന്നുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ പെണ്‍കുട്ടിക്കാണെന്നായിരുന്നു പ്രതി മുകേഷിന്റെ വാദം. ഇതിനെതിരെ സമൂഹത്തിന്റെ വിവിധ കോണില്‍ നിന്ന് ശക്തമായ വിമര്‍ശം ഉയരുന്ന സാഹചര്യത്തിലാണ് വിശദീകരണം തേടി സര്‍ക്കാര്‍ രംഗത്തെത്തിയത്.
ഇരയുടെ ബന്ധുക്കള്‍ അങ്ങേയറ്റം രോഷാകുലരായാണ് പ്രതികരിച്ചത്. നാണം കെട്ട ക്രൂരനാണയാള്‍. ഉടന്‍ തൂക്കിലേറ്റണം- രക്ഷിതാക്കള്‍ പറഞ്ഞു. അതേസമയം, സ്ത്രീകളോട് പുരുഷന്‍മാര്‍ക്കുള്ള മനോഭാവം പരിശോധിക്കാനാണ് താന്‍ ശ്രമിച്ചതെന്നും അതില്‍ സെന്‍സേഷനലായി ഒന്നുമില്ലെന്നും അഭിമുഖം നടത്തിയ ബ്രിട്ടീഷ് സംവിധായിക ലസ്‌ലി ഉഡ്വിന്‍ പറഞ്ഞു. ബി ബി സിക്ക് വേണ്ടിയാണ് താന്‍ പ്രതിയെ കണ്ടത്. തിഹാര്‍ ജയിലിന്റെ അന്നത്തെ ഡയറക്ടര്‍ ജനറല്‍ വിമലാ മെഹ്‌റയില്‍ നിന്ന് അനുമതി വാങ്ങിയിരുന്നുവെന്നും ലസ്‌ലി അവകാശപ്പെട്ടു. ജയില്‍ ഡി ജിക്ക് കത്തയച്ചിട്ടുണ്ട്. 2013 മെയിലായിരുന്നു അത്. ബോധവത്കരണ സിനിമക്ക് വേണ്ടിയെന്നായിരുന്നു കത്തില്‍ പറഞ്ഞത്. അത് ശരിയുമാണ്. രണ്ടാഴ്ചക്കകം അനുമതി ലഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വാങ്ങണമെങ്കില്‍ അത് ചെയ്യേണ്ടത് ജയില്‍ അധികൃതരാണെന്നും ലസ്‌ലി പറഞ്ഞു.
മുകേഷിനെ പോലുള്ള പ്രതിയെ കസ്റ്റഡിയില്‍ അഭിമുഖം നടത്താന്‍ അനുവദിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന നിലപാടിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ജയില്‍ ഡി ജിയെ ഫോണില്‍ വിളിച്ചാണ് വിശദീകരണം തേടിയത്. ഉടനടി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. സംഭവത്തെ കുറിച്ചും ഇതുവരെ കൈക്കൊണ്ട നടപടികളെ കുറിച്ചും ഫോണില്‍ തന്നെ ഡി ജി വിശദീകരണം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.