24 വര്‍ഷത്തിന് ശേഷം പാക്കിസ്ഥാനില്‍ നിന്ന് തിരിച്ചെത്തിയയാള്‍ അറസ്റ്റില്‍

Posted on: March 4, 2015 5:09 am | Last updated: March 4, 2015 at 12:10 am
SHARE

ജമ്മു: ഇരുപത്തിനാല് വര്‍ഷം പാക്കിസ്ഥാനില്‍ കഴിഞ്ഞ ശേഷം ഭാര്യക്കൊപ്പം ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലെ എത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. മാണ്ഡി തഹസിലിലെ സൗജിയാന്‍ സ്വദേശിയായ മുഹമ്മദ് ശഷിര്‍ ഭട്ടാണ് പാക്കിസ്ഥാന്‍കാരിയായ ഭാര്യ നൗഷീന്‍ ഭട്ടിനൊപ്പം നാട്ടിലെത്തി പോലീസിന്റെ പിടിയിലായത്. ദമ്പതികള്‍ക്ക് ഒരു ആണ്‍കുട്ടിയടക്കം നാല് മക്കളുണ്ട്. നേപ്പാള്‍ വഴിയാണ് ഇവര്‍ ഇന്ത്യയിലെത്തിയതെന്ന് ഒരു മുതിര്‍ന്ന പോലീസ് ഓഫീസര്‍ പറഞ്ഞു. മതിയായ രേഖകള്‍ ഇല്ലെന്നതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം അറിയിച്ചു. 1991ല്‍ പാക്കധീന കാശ്മീരിലൂടെയാണ് താന്‍ പാക്കിസ്ഥാനില്‍ കടന്നതെന്ന് ഭട്ട് പറഞ്ഞു. എങ്ങനെയോ കിട്ടിയ ഒരു പാക്കിസ്ഥാന്‍ പാസ്‌പോര്‍ട്ട് തന്റെ പക്കലുണ്ടെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ അദ്ദേഹം സമ്മതിച്ചു. പാക്കധീന കാശ്മീരില്‍ നിന്ന് നേപ്പാളിലേക്ക് കടന്ന താന്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തുകയായിരുന്നുവെന്നും ഭട്ട് പറഞ്ഞു. ഈ കുടുംബത്തിനെതിരെ കേസെടുത്ത് വിശദമായ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.