Connect with us

National

വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയില്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രശ്‌നം ഉന്നയിച്ച് ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനത്തില്‍ രാജ്യത്തിന്റെ ആശങ്കകള്‍ പാക്കിസ്ഥാനുമായി വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ പങ്കുവെച്ചു. മുംബൈ ഭീകരാക്രമണ വിചാരണയുടെ മെല്ലെപ്പോക്കും പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് അഹ്മദ് ചൗധരിയുമായി ഇസ്‌ലാമാബാദില്‍ നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യ ഉന്നയിച്ചു. അതിര്‍ത്തിയിലെ സമാധാനാന്തരീക്ഷം നിര്‍ണായകമാണെന്ന് ഇരുവരും സമ്മതിച്ചു.
സാര്‍ക് രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ഇന്നലെ രാവിലെയാണ് ജയശങ്കര്‍ പാക്കിസ്ഥാനിലെത്തിയത്. നയതന്ത്ര വിഷയങ്ങളിലാണ് ചര്‍ച്ച നടത്തിയത്. ചെറിയ അഭിപ്രായഭിന്നതകളുണ്ടെങ്കിലും പൊതുമണ്ഡലത്തില്‍ നിന്ന് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്. മുംബൈ കേസ്, അതിര്‍ത്തിയിലെ പ്രശ്‌നം തുടങ്ങിയവടക്കം എല്ലാവര്‍ക്കും അറിയാവുന്ന ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ടെന്ന് ജയശങ്കര്‍ അറിയിച്ചു.
സാര്‍ക് യാത്രയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംരംഭത്തിന്റെ ഭാഗമായി ഇസ്‌ലാമാബാദിലെത്തിയതില്‍ സന്തോഷമുണ്ടെന്ന് ചോദ്യത്തിന് ഉത്തരമായി ജയശങ്കര്‍ പറഞ്ഞു. സാര്‍ക്കില്‍ ഇന്ത്യന്‍ നേതൃത്വം അര്‍പ്പിച്ച പ്രതീക്ഷകള്‍ മറ്റ് രാഷ്ട്ര നേതാക്കള്‍ക്ക് വിവരിച്ച് നല്‍കിയിട്ടുണ്ട്. എല്ലാ അയല്‍ക്കാരുമായും സഹകരണ ബന്ധം സ്ഥാപിക്കാനാണ് അവരുടെ തീരുമാനം. സാര്‍ക് കൈക്കൊള്ളേണ്ട നടപടികളും മറ്റ് ആശയങ്ങളും ചര്‍ച്ച ചെയ്തു. അടുത്ത സാര്‍ക് സമ്മേളനം പാക്കിസ്ഥാനിലാണ്. സാര്‍കിന്റെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതിന് പാക്കിസ്ഥാനുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ സന്തോഷമേയുള്ളൂ. സ്വാഭാവികമായും ഈ സന്ദര്‍ശനത്തിലൂടെ നയതന്ത്ര ബന്ധത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അവസരം ലഭിച്ചു. ഒരു തുറന്ന മണ്ഡലത്തില്‍ ആശങ്കകളും താത്പര്യങ്ങളും പരസ്പരം പങ്കുവെക്കാന്‍ സാധിച്ചു. അതിര്‍ത്തിയിലെ ശാന്തിയും സമാധാനവും ഉറപ്പുവരുത്താന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കും. നിര്‍മാണാത്കവും പുരോഗമനപരവുമായ അന്തരീക്ഷത്തിലായിരുന്നു തങ്ങളുടെ ചര്‍ച്ച. ജയശങ്കര്‍ അറിയിച്ചു.

Latest