കണ്‍വീനര്‍ കെജ്‌രിവാള്‍ തന്നെ; പറഞ്ഞത് പാര്‍ട്ടിയിലെ ജനാധിപത്യത്തെ കുറിച്ച്- യോഗേന്ദ്ര

Posted on: March 4, 2015 5:08 am | Last updated: March 4, 2015 at 12:08 am
SHARE

ന്യൂഡല്‍ഹി: പാര്‍ട്ടിയിലെ ആഭ്യന്തര ജനാധിപത്യത്തെ കുറിച്ചുള്ള അഭിപ്രായം പറയുക മാത്രമാണ് താന്‍ ചെയ്തതെന്ന് എ എ പി നേതാന് യോഗേന്ദ്ര യാദവ്. അതില്‍ തെറ്റില്ല. നടപടിയുണ്ടായാല്‍ അപ്പോള്‍ കാണാം. ജനങ്ങള്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അരവിന്ദ് കെജ്‌രിവാള്‍ തന്നെയാണ് ദേശീയ കണ്‍വീനര്‍ എന്നതില്‍ സംശയമില്ല. അദ്ദേഹം പറഞ്ഞു.
കെജ്‌രിവാളിനെ പരസ്യമായി ചോദ്യം ചെയ്ത് രംഗത്തുവന്ന പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ഇന്ന് നടക്കുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ പറഞ്ഞെങ്കിലും ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരുവരും പങ്കെടുക്കാന്‍ സമ്മതിച്ചിട്ടുണ്ട്. അതേസമയം, അനാരോഗ്യം കാരണം കെജ്‌രിവാള്‍ യോഗത്തില്‍ പങ്കെടുക്കില്ല. സമിതിയില്‍ നിന്ന് ഇരുവരെയും പുറത്താക്കുമെന്ന് കഴിഞ്ഞ ദിവസം അഭ്യൂഹമുണ്ടായിരുന്നു.
അതേസമയം, ആളിപ്പടരുന്ന വിവാദത്തിന്റെ ശക്തി കുറക്കുകയെന്ന ലക്ഷ്യത്തോടെ ശാന്തി ഭൂഷണ്‍ രംഗത്തെത്തി. പാര്‍ട്ടിയുടെ കണ്‍വീനറായി അരവിന്ദ് കെജ്‌രിവാള്‍ തുടരുകയും പ്രശാന്ത് ഭൂഷണും യോഗേന്ദ്രയും അദ്ദേഹത്തെ പിന്തുണക്കുകയും വേണമെന്ന് ശാന്തി ഭൂഷണ്‍ പറഞ്ഞു. അതാണ് പാര്‍ട്ടിക്ക് നല്ലത്. അത്തരമൊരു നിലപാട് പാര്‍ട്ടിയുടെ സ്ഥാപിത ലക്ഷ്യങ്ങള്‍ നേടാന്‍ സാധിക്കും. വിള്ളല്‍ ഉണ്ടാകരുത്. അദ്ദേഹം പറഞ്ഞു.
അതേസമയം, യോഗേന്ദ്ര യാദവും മാധ്യമപ്രവര്‍ത്തകനും സംസാരിക്കുന്ന ടേപ്പ് ദേശീയ മാധ്യമം പുറത്തുവിട്ടു. എ എ പിയുടെ യോഗത്തിനിടെ, മാധ്യമങ്ങള്‍ക്ക് യോഗേന്ദ്ര യാദവ് വിവരം ചോര്‍ത്തിയെന്നാണ് ആരോപണം. വളരെ രഹസ്യമായി റെക്കോര്‍ഡ് ചെയ്തതാണ് സംഭാഷണം. ഇത്തരമൊരു ആരോപണമുന്നയിച്ചത് എ എ പിയുടെ ഡല്‍ഹി സെക്രട്ടറി ദിലീപ് പാണ്ഡെ ആണ്. ഏക വ്യക്തി കേന്ദ്രീകൃത പ്രചാരണങ്ങള്‍ മറ്റ് പാര്‍ട്ടികളെ പോലെ തന്നെ എ എ പിയെയും ആക്കുന്നുവെന്നും പാര്‍ട്ടിയില്‍ കൂടുതല്‍ സ്വാതന്ത്ര്യം വേണമെന്നുമുള്ള ദേശീയ നിര്‍വാഹക സമിതിക്കുള്ള പ്രശാന്ത് ഭൂഷന്റെ കത്ത് പുറത്തായതാണ് വിവാദത്തിന് കാരണം. യോഗേന്ദ്ര യാദവും സമാന കത്ത് നല്‍കി. കഴിഞ്ഞ ദിവസം ഇവര്‍ ഇക്കാര്യം ട്വീറ്റ് ചെയ്യുകയുമുണ്ടായി.