Connect with us

National

'ഒറ്റ സ്യൂട്ട് ഉപയോഗിച്ച് ഒബാമ; മോദി വസ്ത്രം മാറിയത് നാല് തവണ'

Published

|

Last Updated

ഹൈദരാബാദ്: ഇന്ത്യാ സന്ദര്‍ശത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ദിവസം ഒരു സ്യൂട്ട് ധരിച്ചപ്പോള്‍ മോദി നാല് തവണ വസ്ത്രം മാറിയതായി എം ഐ എം നേതാവ് അക്ബറുദ്ദീന്‍ ഉവൈസി. എന്നിട്ടും ഒബാമയെ കൈയിലെടുക്കാന്‍ മോദിക്ക് സാധിച്ചില്ല. തെലങ്കാന നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് മോദിയെ ഉവൈസി കണക്കിന് പരിഹസിച്ചത്.
10 ലക്ഷത്തിന്റെ സ്വന്തം പേര് തുന്നിയ സ്യൂട്ടാണ് മോദി ധരിച്ചത്. പ്രോട്ടോകോള്‍ ലംഘിച്ച് ഒബാമയെ സ്വീകരിക്കാന്‍ പോയതും പിന്നില്‍ തട്ടി അഭിനന്ദിച്ചതും ഒബാമയുമായി ഉറ്റ സൗഹൃദമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു. ഒബാമക്ക് ചായ സത്കാരം നടത്തി. പക്ഷേ അമേരിക്കയില്‍ തിരിച്ചെത്തിയ ഒബാമ മോദിക്ക് ഇന്ത്യന്‍ ഭരണഘടനയിലെ 25ാം വകുപ്പ് പഠിപ്പിച്ചു നല്‍കി. മോദിക്ക് ഭരണം കൈയില്‍ കിട്ടിയപ്പോള്‍ എങ്ങനെ ഭരിക്കണമെന്നറിയില്ല. ജപ്പാന്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെക്ക് മോദി ഭഗ്‌വദ് ഗീത നല്‍കിയതിനെയും ഉവൈസി വിമര്‍ശിച്ചു. മോദി മതേതരത്വം അംഗീകരിക്കുന്നുവെങ്കില്‍ ജപ്പാന്‍ പ്രധാനമന്ത്രിക്ക് സമ്മാനിക്കേണ്ടത് ഇന്ത്യന്‍ ഭരണഘടനയായിരുന്നു.
ആര്‍ എസ് എസിന്റെ പ്രവര്‍ത്തനങ്ങളേയും അദ്ദേഹം വിമര്‍ശിച്ചു. ആര്‍ എസ് എസ് എന്നത് അവിവാഹിതരായ ഒരു കൂട്ടമാളുകളാണ്. ഹിന്ദു സ്ത്രീകള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കണമെന്നാണ് അവര്‍ പറയുന്നത്. വിവാഹം കഴിക്കാത്തവര്‍ക്ക് സന്താനോത്പാദനത്തെ കുറിച്ച് എങ്ങനെ പറയാനാകുമെന്ന് ഉവൈസി ചോദിച്ചു.
മുസ്‌ലിംകള്‍ ഐക്യപ്പെടണമെന്നും തന്റെ പാര്‍ട്ടി വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദു അമ്മമാര്‍ കൂടുതല്‍ പ്രസവിക്കുകയാണെങ്കില്‍ ആ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ജോലിക്കുമുള്ള പണം കണ്ടെത്താന്‍ കൂടി സാധിക്കണമെന്ന് നാല് മക്കളെ പ്രസവിക്കണമെന്ന ആര്‍ എസ് എസ് നേതാവിന്റെ പ്രസ്താവനയെ ചൂണ്ടിക്കാട്ടി ഉവൈസി ഉപദേശിച്ചു. മുസ്‌ലിംകള്‍ യോജിക്കാത്ത പക്ഷം മുസ്‌ലിംകളുടെ നിലനില്‍പ്പ് അപകടകരമാണ്. ഈ ലക്ഷ്യത്തിനായി കര്‍ണടക, ബംഗാള്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest