Connect with us

Kerala

ഇടതുപക്ഷം സമരരീതിയില്‍ മാറ്റംവരുത്തണം: കാനം രാജേന്ദ്രന്‍

Published

|

Last Updated

കോട്ടയം: പരമ്പരാഗത സമര രീതികളില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാറണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ കഴിയുന്നതുകൊണ്ടാണ് ഈ പരാമര്‍ശം. ജനങ്ങളുടെ സ്വകാര്യ ജീവിതത്തിന് തടസ്സമുണ്ടാകാത്ത സമരരീതികള്‍ ആവിഷ്‌കരിക്കണമെന്നും കോട്ടയം പ്രസ്‌ക്ലബിന്റെ മീറ്റ് ദി പ്രസില്‍ പങ്കെടുത്തുകൊണ്ട് കാനം രാജേന്ദ്രന്‍ പറഞ്ഞു. ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന മുദ്രാവാക്യങ്ങളാണ് ആവശ്യം. ഇടതുമുന്നണിയില്‍ കൂടുതല്‍ ഘടകകക്ഷികളെ കൂട്ടേണ്ടെന്ന അഭിപ്രായം സി പി ഐക്കില്ല. എന്നാല്‍, പേരിന്റെ മനോഹാരിത നോക്കി പാര്‍ട്ടികളെ ചേര്‍ത്തല്ല എല്‍ ഡി എഫ് അടിത്തറ വിപുലീകരിക്കേണ്ടത്. ന്യൂനപക്ഷ പ്രീണനം ഇടതുപക്ഷത്തിന്റെ ലക്ഷ്യമല്ല. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീതയും മതതീവ്രവാദവും ഒരുപോലെ എതിര്‍ക്കപ്പെടണം. രാജ്യത്ത് മതനിരപേക്ഷത ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
പുതുതായി കടന്നു വന്ന എ എ പി എന്തുകൊണ്ട് ഡല്‍ഹിയില്‍ മുന്നേറ്റമുണ്ടാക്കിയെന്നതും പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് എന്തുകൊണ്ടിത് സാധിക്കുന്നില്ലെന്നതും പാര്‍ട്ടികള്‍ സ്വയം വിമര്‍ശത്തിന് വിധേയമാക്കണം. എന്നാല്‍, ആം ആദ്മി പാര്‍ട്ടി ശാശ്വതമായ രാഷ്ട്രീയ സംവിധാനമാണെന്ന അഭിപ്രായം തനിക്കില്ല. മോദി ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണ്. എട്ട് മാസത്തെ മോദി ഭരണത്തില്‍ ജനങ്ങളുടെ ആശങ്കയുടെ പ്രതിഫലനമാണ് ഡല്‍ഹിയില്‍ കണ്ടത്. വി എസുമായി ബന്ധപ്പെട്ട് സി പി എമ്മിലുണ്ടായിരിക്കുന്ന അഭിപ്രായ ഭിന്നതകള്‍ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.