Connect with us

Kerala

അഡൈ്വസ് മെമ്മോ ലഭിച്ച മുഴുവന്‍ പേര്‍ക്കും നിയമനം നല്‍കണമെന്ന് യുവജന കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ റാങ്ക് ലിസ്റ്റില്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്ക് അഡൈ്വസ് മെമ്മോ ലഭിച്ച മുഴുവന്‍ പേര്‍ക്കും നിയമനം നല്‍കണമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. 2013 മേയില്‍ നിലവില്‍ വന്ന കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ റാങ്ക് ലിസ്റ്റില്‍ നിന്നും പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്ത 9300 ഒഴിവുകളിലേക്കാണ് നിയമന ശിപാര്‍ശ നല്‍കിയത്. അഡൈ്വസ് മെമ്മോ ലഭിച്ച് ഒമ്പത് മാസം കഴിഞ്ഞിട്ടം 3808 പേര്‍ക്ക് മാത്രമാണ് നിയമനം നല്‍കിയതെന്നുള്ള കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ ഉത്തരവുണ്ടായത്.
കെ എസ് ആര്‍ ടി സിയില്‍ നിലവിലുള്ളതും ആവശ്യമായതുമായ എണ്ണത്തേക്കാള്‍ കൂടുതല്‍ തെറ്റായി നിര്‍ണയിച്ച് 8140 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാലാണ് കൂടുതല്‍ പേര്‍ക്ക് അഡൈ്വസ് മെമ്മോ അയക്കേണ്ട സാഹചര്യം ഉണ്ടായതെന്ന് കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു.
അഡൈ്വസ് നല്‍കിയ 5303 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കിയതായും പ്രതീക്ഷിക്കുന്ന ഒഴിവുകള്‍ അടക്കം അടുത്ത 1000 പേര്‍ക്ക് കൂടി നിയമനം നല്‍കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും പി എസ് സി ശിപാര്‍ശ നല്‍കിയ 9300 പേരുടെ സീനിയോറിറ്റി പ്രകാരം നിയമനം ലഭിക്കുന്നതിന് നടപടി സ്വീകരിക്കാമെന്ന് കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയറക്ടര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉറപ്പു നല്‍കി. കെ എസ് ആര്‍ ടി സിയില്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനായി ശിപാര്‍ശ നല്‍കിയതായുള്ള വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കുവാന്‍ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. ആര്‍ വി രാജേഷ് നിര്‍ദേശം നല്‍കിയത്.

Latest