കോഹ്‌ലിയെ ശാസ്ത്രി ‘കാര്യമായിട്ട്’ ഉപദേശിച്ചു !

Posted on: March 4, 2015 5:36 am | Last updated: March 3, 2015 at 11:58 pm
SHARE

kohliഗ്രൗണ്ടിന് പുറത്തും അകത്തും ഒരുപോലെ അഗ്രസീവാണ് വിരാട് കോഹ്‌ലി. ബൗളര്‍മാരെ തുടരെ ആക്രമിച്ച് സെഞ്ച്വറിയിലേക്ക് കുതിക്കുന്ന വിരാട് കൈയ്യടി വാങ്ങാറുണ്ട്. എന്നാല്‍, ഗ്രൗണ്ടിന് പുറത്തെ അഗ്രസീവ്‌നെസ് കോഹ്‌ലിയെ ഇടക്കും തലക്കുമായി വെട്ടില്‍ ചാടിച്ചിട്ടുണ്ട്.
ഡ്രസിംഗ് റൂമില്‍ ശിഖര്‍ ധവാനുമായുള്ള ഉന്തും തള്ളുമെല്ലാം ഇതില്‍പ്പെടുന്നു. ഇന്നലെയും വിരാട് കോഹ്‌ലി അല്പം അഗ്രസീവായി. വെസ്റ്റിന്‍ഡീസിനെ നേരിടുന്നതിന് മുന്നോടിയായുള്ള പരിശീലന സെഷന്‍ കഴിഞ്ഞ ഉടനെയായിരുന്നു സംഭവം. ഡ്രസിംഗ് റൂമില്‍ തിരിച്ചെത്തിയ കോഹ്‌ലിക്ക് മുന്നില്‍ ഒരു ദേശീയ പത്രം കിടക്കുന്നു. അതില്‍ തന്റെ കാമുകി അനുഷ്‌ക ശര്‍മയെ അപകീര്‍ത്തിപ്പെടുത്തും വിധമുള്ള ഗോസിപ്പുകള്‍.
ആരാണിത് എഴുതിപ്പിടിപ്പിച്ചതെന്ന് പോലും അന്വേഷിക്കാന്‍ നില്‍ക്കാതെ മറ്റൊരു ജേര്‍ണലിസ്റ്റിനെതിരെ അസഭ്യം ചൊരിഞ്ഞു.
കാര്യം പിടികിട്ടാതെ റിപ്പോര്‍ട്ടര്‍ കിടന്ന് വിയര്‍ത്തു. മറ്റ് ഇന്ത്യന്‍ താരങ്ങള്‍ എത്തിയാണ് കോഹ്‌ലിയെ ശാന്തനാക്കിയത്. അപ്പോഴാണ് സത്യം യുവതാരം മനസ്സിലാക്കുന്നത്. അത് മറ്റേതോ റിപ്പോര്‍ട്ടര്‍ ഒപ്പിച്ച വേലയാണ്. ഉടന്‍ തന്നെ ക്ഷമ ചോദിച്ചു. അറിയാത്ത കാര്യത്തിന് കോഹ്‌ലിയുടെ വായിലുള്ളതെല്ലാം കേട്ടതിന്റെ ചമ്മലില്‍ ആ പാവം ജേര്‍ണലിസ്റ്റ് സ്ഥലം കാലിയാക്കി.
എന്നാല്‍, ടീം ഡയറക്ടര്‍ രവി ശാസ്ത്രി കോഹ്‌ലിയെ വിളിച്ചിരുത്തി കാര്യായിട്ട് ഉപദേശിച്ചു. നാളെ ഇന്ത്യന്‍ ടീമിനെ നയിക്കേണ്ട വ്യക്തിയാണ് താന്‍. അതിന് ചേരും വിധം പെരുമാറണം. പൊതു ഇടങ്ങളില്‍ അല്പം കൂടി മാന്യമായി സംസാരിക്കുക, അനാവശ്യ വിവാദങ്ങളില്‍ പോയി ചാടാതിരിക്കുക-ശാസ്ത്രി പറഞ്ഞു.
മാധ്യമങ്ങള്‍ മഹേന്ദ്ര സിംഗ് ധോണിയെ ക്യാപ്റ്റന്‍ കൂള്‍ എന്ന് വിശേഷിപ്പിക്കുന്നത് വെറുതെയല്ല. പറയേണ്ടത് മാത്രം പറയുകയും, അതിലേറെ പ്രവര്‍ത്തിയില്‍ വരുത്തുകയും ചെയ്യുന്നതു കൊണ്ടാണ്.
കാമുകിക്ക് ചാടിപ്പുറപ്പെടുന്ന കോഹ്‌ലി എവിടെയെത്തും?