Connect with us

Ongoing News

കോഴിക്കോട്ടും തിരുവനന്തപുരത്തും അന്താരാഷ്ട്ര സ്റ്റേഡിയം; ശ്രീശാന്തിന് തിരിച്ചു വരവൊരുക്കും : ടി സി മാത്യു

Published

|

Last Updated

കൊച്ചി: പത്തു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ മികച്ച ക്രിക്കറ്റ് സംസ്ഥാനമാക്കി കേരളത്തെ മാറ്റും, കോഴിക്കോടും തിരുവനന്തപുരത്തും കെ സി എ സ്വന്തമായി അന്താരാഷ്ട്ര സ്റ്റേഡിയങ്ങള്‍ നിര്‍മിക്കും, അനുകൂല വിധി വന്നാല്‍ ശ്രീശാന്തിന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവൊരുക്കും, ബി സി സി ഐ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ടി സി മാത്യു ആദ്യമായി മനസ് തുറന്നു.
പുതിയ സ്ഥാനം കേരളത്തിന് ഗുണകരമാക്കാന്‍ ശ്രമിക്കും. എറണാകുളം പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ക്രിക്കറ്റ് അസോസിയേഷന്‍ നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ പ്രതികൂല സാഹചര്യമാണ് മുന്നിലുള്ളത്.
സര്‍ക്കാരിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും പൂര്‍ണ പിന്തുണയുണ്ടെങ്കില്‍ പത്തു വര്‍ഷത്തിനകം മെച്ചപ്പെട്ട ക്രിക്കറ്റ് സംസ്ഥാനമായി കേരളത്തെ മാറ്റാമെന്ന വിശ്വാസമുണ്ട്. അതിനു ക്രിക്കറ്റിനോടുള്ള പ്രയോഗിക സമീപനത്തില്‍ മാറ്റമുണ്ടേകതുണ്ട്.
സ്‌കൂളുകളിലും കോളജുകളിലും മറ്റു കായിക ഇനങ്ങളെ പോലെ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ക്രിക്കറ്റ് അറിയാവുന്ന കായികാധ്യാപകര്‍ ഇല്ലാത്തതാണ് ഇതിനു കാരണം. കളിസ്ഥലങ്ങള്‍ക്കും പരിമിതിയുമുണ്ട്.ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് കെ സി എ നടത്തുന്നതെന്നും ടി സി മാത്യു പറഞ്ഞു. കൊച്ചിയില്‍ അന്താരാഷ്ട്ര സ്റ്റേഡിയം കോംപ്ലക്‌സ് കെ സി എയുടെ സ്വപ്‌ന പദ്ധതിയാണ്. എല്ലാ കായിക ഇനങ്ങള്‍ക്കും വേണ്ടിയുള്ളതായിരിക്കും സ്റ്റേഡിയം. പണം ഒരു പ്രശ്‌നമല്ല. സ്റ്റേഡിയത്തിനു വേണ്ട ഭൗതിക സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കി തന്നാല്‍ മാത്രം മതി. ദേശീയ ഗെയിംസിന്റെ ഉദ്ഘാടന,സമാപന ചടങ്ങുകള്‍ നടന്ന കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ക്രിക്കറ്റിനു മാത്രമായി വിട്ടു നല്‍കിയാല്‍ സ്റ്റേഡിയത്തിന്റെ മെയിന്റനന്‍സ് ഉള്‍പ്പെടെയുള്ളവ ഏറ്റെടുക്കാന്‍ തയ്യാറാണ്. സര്‍ക്കാര്‍ നികുതി ഇളവ് അനുവദിച്ചാല്‍ ഈ വര്‍ഷം ഐ പി എല്‍ ക്വാളിഫയിംഗ് അടക്കമുള്ള കൂടുതല്‍ മത്സരങ്ങള്‍ കൊച്ചിയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ഗെയിംസ് കേരളം വളരെ ഭംഗിയായാണ് നടത്തിയത്. ഇതേകുറിച്ചുണ്ടായ വിവാദങ്ങള്‍ അനാവശ്യമായിരുന്നു. അനാവശ്യ വിവാദങ്ങളാണ് കായിക വികസനം മുടക്കുന്നത്.
കേരളത്തിന് പുതിയ കായിക നയം ഉണ്ടാവേണ്ടതുണ്ട്. പ്രൊഫഷണലായുള്ള സമീപനവും വേണം. കായിക വിദ്യാഭ്യാസം കരിക്കുലത്തിന്റെ ഭാഗമാക്കണം. ഇതേകുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും കായിക വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായും സംസാരിച്ചിട്ടുണ്ട്. അനൂകൂലമായ സമീപനമായിരുന്നു ഇരുവരുടേതും.
വാതുവെപ്പ് കേസില്‍ കോടതിയില്‍ നിന്ന് അനുകൂല വിധി വന്നാല്‍ ശ്രീശാന്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരികെ എത്താനുള്ള എല്ലാ സഹായവും നല്‍കും. ശ്രീശാന്തിനോട് സഹതാപ നിലപാടാണ് ബി സി സി ഐയ്ക്കുള്ളത്.

Latest