21 ക്രിസ്ത്യാനികളെ ഇസില്‍ വിട്ടയച്ചത് മോചനദ്രവ്യത്തിന് പകരമായെന്ന്‌

Posted on: March 4, 2015 5:19 am | Last updated: March 3, 2015 at 11:21 pm
SHARE

ബെയ്‌റൂത്ത്്: ഇസില്‍ തീവ്രവാദികള്‍ സിറിയയില്‍ ബന്ദികളാക്കിയ 220 അസീറിയന്‍ ക്രിസ്ത്യാനികളില്‍ 19 പേരെ വിട്ടയച്ചത് മോചനദ്രവ്യം നല്‍കിയതിനെത്തുടര്‍ന്നാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍. ഇസില്‍ തീവ്രവാദികള്‍ വിട്ടയച്ച 19 പേര്‍ രണ്ട് ബസുകളിലായി ഹസാക്കിലെ ചര്‍ച്ചില്‍ എത്തിച്ചേരുകയായിരുന്നുവെന്ന് അസീറിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക സംഘത്തിന്റെ ഡയറക്ടര്‍ ഒസാമ എഡ്വേഡ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുസ്‌ലിംകളല്ലാത്തവര്‍ക്ക് മേല്‍ ചുമത്തുന്ന നികുതി ബന്ദികളുടെ ബന്ധുക്കള്‍ നല്‍കിയതിനെത്തുടര്‍ന്നാണ് ഇസിലിന്റെ മത കോടതി ഇവരെ വിട്ടയക്കാന്‍ തീരുമാനിച്ചതെന്നും എഡ്വേഡ് പറഞ്ഞു. എന്നാല്‍ എത്ര പണം കൊടുത്തുവെന്ന് അറിയില്ലെന്നു പറഞ്ഞ ഇദ്ദേഹം നവംബറില്‍ അസീറിയന്‍ ബന്ദികളെ മോചിപ്പിക്കാന്‍ ഓരോരുത്തരില്‍നിന്നും 1,700 ഡോളര്‍ ഇസില്‍ ഈടാക്കിയിരുന്നുവെന്ന് വ്യക്തമാക്കി. ബന്ദികളെ മുഴുവന്‍ മോചിപ്പിക്കാനുള്ള ചര്‍ച്ച ശനിയാഴ്ച തുടങ്ങിയതായും എഡ്വേഡ് പറഞ്ഞു. താല്‍ തമാര്‍ പ്രദേശത്തെ 10 ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍നിന്നായി 220 പേരെയാണ് ഇസില്‍ സംഘം പിടികൂടി ബന്ദികളാക്കിയിരുന്നത്.