തിക്‌രീത്ത് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ ഇറാഖ് സൈന്യം ഊര്‍ജിതപ്പെടുത്തി

Posted on: March 4, 2015 5:19 am | Last updated: March 3, 2015 at 11:19 pm
SHARE

ബഗ്ദാദ്: തിക്‌രീത്ത് ഉള്‍പ്പെടെയുള്ള സുപ്രധാന നഗരങ്ങള്‍ ഇസില്‍ തീവ്രവാദികളില്‍ നിന്ന് തിരിച്ചുപിടിക്കാനുള്ള ഇറാഖ് സൈന്യത്തിന്റെ ശ്രമം ശക്തമാക്കി. സ്വലാഹുദ്ദീന്‍ പ്രവിശ്യയിലെ നിരവധി പ്രദേശങ്ങള്‍ ഇപ്പോള്‍ ഇസില്‍ നിയന്ത്രണത്തിലാണ്. ഇത് തിരിച്ചുപിടിക്കാനാണ് സുന്നി, ശിയാ സൈന്യത്തിന്റെ പിന്തുണയോടെ ഇറാഖ് സൈന്യം മുന്നേറ്റം നടത്തുന്നത്. ഹിംറീന്‍ എന്ന നഗരം ഇസിലില്‍ നിന്ന് തിരിച്ചുപിടിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇറാഖ് സൈനികരുമായുണ്ടായ ശക്തമായ ഏറ്റുമുട്ടലിനൊടുവില്‍ ഇസില്‍ തീവ്രവാദികള്‍ ഈ നഗരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. സംഭവത്തില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അഞ്ച് സുരക്ഷാ സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സൈന്യത്തിന് നേരെ നടത്താന്‍ പദ്ധതിയിട്ടിരുന്ന രണ്ട് ചാവേര്‍ ആക്രമണങ്ങളും പരാജയപ്പെടുത്തി. അഞ്ച് ദിശകളില്‍ നിന്നാണ് ഇറാഖ് സൈന്യം ഇപ്പോള്‍ ഇസിലിനെ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇറാഖ് സൈന്യത്തിന് പിന്തുണയേകി യുദ്ധവിമാനങ്ങളും സായുധ വാഹനങ്ങളും ഒപ്പമുണ്ട്. ഹിംറീനക്ക് പുറമെ വടക്കന്‍ സമാറയിലെ നിരവധി ഗ്രാമങ്ങളും ഇറാഖ് സൈന്യത്തിന്റെ നിയന്ത്രണത്തിലായി. റോഡരികില്‍ ബോംബ് സ്ഥാപിച്ച് ആക്രമണം നടത്താനുള്ള ഇസില്‍ തീവ്രവാദികളുടെ ശ്രമം മൂലം വളരെ ജാഗ്രതയോടെയാണ് സൈന്യം മുന്നേറ്റം നടത്തുന്നതെന്ന് സൈനിക നേതൃത്വം വ്യക്തമാക്കി. എട്ട് കാര്‍ ബോംബുകളും 150 ബോംബുകളും വിദഗ്ധര്‍ നിര്‍വീര്യമാക്കി.