Connect with us

Eranakulam

രാഹുല്‍ ഒളിവില്‍ പോയത് അപലപനീയമെന്ന് കെ എസ് യു പ്രമേയം

Published

|

Last Updated

കൊച്ചി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കെ എസ് യുവിന്റെ രൂക്ഷ വിമര്‍ശം. പാര്‍ട്ടിയെ മുന്‍നിരയില്‍ നിന്ന് നയിക്കേണ്ട ആള്‍ ഒളിവില്‍ പോയത് അപലപനീയമാണെന്ന് കെ എസ് യു എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാര്‍ഥി ജാഗ്രതാ സദസില്‍ അവതരിപ്പിച്ച പ്രമേയം കുറ്റപ്പെടുത്തി.
പരമ പ്രാധാനമായ ബജറ്റ് സമ്മേളനം രാജ്യത്തെ സംബന്ധിച്ചും പ്രതിപക്ഷ പാര്‍ട്ടികളെ സംബന്ധിച്ചും നിര്‍ണായകമാണ്. അത്തരം ഒരു സമ്മേളനം നടക്കുന്ന സമയത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉപാധ്യക്ഷന്‍ ആരോടും പറയാതെ ഒളിവില്‍ പോയത് അങ്ങേയറ്റം അപലപനീയമാണ്. നിങ്ങളുടെ നേതാവ് എവിടെ എന്ന രാഷ്ട്രീയ പ്രതിയോഗികളുടെ ചോദ്യത്തിന് മുന്നില്‍ മൗനം വാചാലമാക്കി തലയില്‍ മുണ്ടിട്ട് രക്ഷപ്പെടെണ്ട അവസ്ഥയിലാണ് നമ്മള്‍. രാഹുല്‍ ഗാന്ധിയുടെ ഒളിവ് ജീവിതത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും രാജ്യത്തെ ജനങ്ങളേയും ബോധ്യപ്പെടുത്തുന്നതില്‍ നേതൃത്വം പരാജയപ്പെട്ടോ എന്ന് സംശയമുയരുന്നു. പാര്‍ലിമെന്റിലെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടയാള്‍ പാര്‍ട്ടിയുടെ എം പി മാരെ അനാഥരാക്കി മാറി നില്‍ക്കേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് പ്രമേയത്തില്‍ ചോദിക്കുന്നു. രാഹുലിന്റെ ഒളിവു ജീവിതം രാജ്യത്തെ പത്ര മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും ആഘോഷമാക്കുമ്പോഴും കൃത്യമായ വിശദീകരണം നല്‍കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിയുന്നില്ല. പരിഹാസ രൂപേണയുള്ള വാര്‍ത്തകളും കാര്‍ട്ടൂണുകളും ദിവസേന വരുന്നു. പ്രവര്‍ത്തകര്‍ പരിഹാസപാത്രമാകുന്നു.
യുവ നേതാവായ രാഹുലിന്റെ ഒളിവ് ജീവിതത്തെ കുറിച്ച് പലപ്പോഴും മറുപടി പറയേണ്ടി വരുന്നത് വിദ്യാര്‍ഥി, യുവജന പ്രവര്‍ത്തകരാണ്. ഈ ലജ്ജാകരമായ അവസ്ഥയില്‍ നിന്നും ഞങ്ങളെ രക്ഷിക്കണം. ജനങ്ങളുടെ മുന്നില്‍ പരിഹാസ പാത്രമാകാതെ ക്രിയാതമാകമായ നടപടികളിലൂടെ പാര്‍ട്ടിയെ ശക്തിപ്പെടുത്തണം- പ്രമേയം ആവശ്യപ്പെട്ടു. കഴിഞ്ഞ കാലങ്ങളിലെ പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് നില മെച്ചപ്പെടുത്താനും സംഘടനാ രംഗത്ത് ബഹുദൂരം മുന്നോട്ട് പോകാനും കെ എസ് യുവിന് കഴിഞ്ഞു. എന്നാല്‍ പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ ദേശീയ തലത്തില്‍ മാതൃ സംഘടന തയാറാകുന്നുണ്ടോ എന്ന കാര്യത്തില്‍ നമുക്ക് സംശയമുണ്ട്.
ഡല്‍ഹി തിരഞ്ഞെടുപ്പിലെ ദയനീയമായ പരാജയത്തിന് ശേഷം നടന്ന സംഭവങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല. ഏത് കുറ്റിച്ചൂലിനെ ഇറക്കിയാലും ജനം വോട്ട് ചെയ്യുമെന്ന ധാരണ മാറ്റണമെന്ന മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുടെ പ്രസ്താവനയെ കെ എസ് യു സ്വാഗതം ചെയ്യുന്നു. വരുന്ന തദ്ദേശതിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പരിഗണിച്ച് യുവജന പ്രവര്‍ത്തകര്‍ക്ക് പ്രാധിനിത്യം നല്‍കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.