Connect with us

Kerala

കോടതിയുടെ പരാമര്‍ശം പരിധി വിട്ടത്: വി എം സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: മരട് മുനിസിപ്പാലിറ്റിയിലെ ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കെ പി സി സി ഇറക്കിയ സര്‍ക്കുലറുമായി ബന്ധപ്പെട്ട് ഹൈക്കോടതി പരാമര്‍ശത്തിനെതിരെ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ പരസ്യമായി രംഗത്തെത്തി.

ബാര്‍ലൈസന്‍സ് വിഷയത്തില്‍ കെ പി സി സി നല്‍കിയ സര്‍ക്കുലര്‍ ഭരണഘടനാവിരുദ്ധമാണെന്ന ഹൈക്കോടതിയുടെ പരാമര്‍ശം പരിധി വിട്ടതാണെന്നും ഇതിനോട് ശക്തമായി വിയോജിക്കുന്നതായും അധ്യക്ഷന്‍ വി എം സുധീരന്‍ പറഞ്ഞു. ഇത് ഭരണഘടന നല്‍കുന്ന അവകാശത്തിന് നേരെയുള്ള ലംഘനവും, സാമാന്യ നീതിക്ക് നിരക്കാത്തതും സ്വാഭാവിക നീതിയുടെ നിഷേധവുമാണ്. ഇതുമായി ബന്ധപ്പെട്ട് നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. പാര്‍ട്ടികളുടെ അഭിപ്രായ സ്വാതന്ത്ര്യം ആര്‍ക്കുമുന്നിലും അടിയറവ് വെക്കില്ലെന്നും സുധീരന്‍ പറഞ്ഞു.
കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് കോടതിയുടെ പരാമര്‍ശം. കെ പി സി സിയുടെ നിലപാട് വിശദീകരിക്കാന്‍ കോടതിയില്‍ അവസരം നല്‍കിയില്ല. കോടതിയുടെ പരാമര്‍ശം അതിരുവിട്ടതും, സ്വാഭാവിക നീതിയുടെ നിഷേധവുമാണ്. കേസില്‍ കെ പി സി സിയോ അധ്യക്ഷനോ കക്ഷിയല്ല.
നയങ്ങള്‍ രൂപവത്കരിക്കുന്നതിലും ആവിഷ്‌കരിക്കുന്നതിലും പാര്‍ട്ടിയുടെ പങ്ക് വലുതാണ്. കേരളത്തിലെ പഞ്ചായത്ത് രാജ്, മുനിസിപ്പല്‍ നിയമത്തിലും പാര്‍ട്ടികളുടെ പങ്ക് വ്യക്തമായി പറയുന്നുണ്ട്. അതുകൊണ്ട് പാര്‍ട്ടി സ്ഥാനാര്‍ഥികളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആവശ്യമായ നയരൂപരേഖ നല്‍കാനുള്ള അവകാശം പാര്‍ട്ടിക്കുണ്ട്. ഭരണഘടനയേയും നിയമവാഴ്ചയേയും ബലപ്പെടുത്തുക എന്ന സദുദ്ദേശ്യത്തോടെയാണിത്.
സമാന്തര ഭരണഘടനാ സംവിധാനമെന്ന പരാമര്‍ശത്തോട് വിയോജിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ അതിന്റെ സെക്രട്ടറിമാര്‍ക്കോ അല്ല പാര്‍ട്ടി മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കാണ് ഇത് നല്‍കിയത്. ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടി അംഗമായ അധ്യക്ഷന്‍മാര്‍ക്കും പാര്‍ട്ടി ഭരണത്തിലില്ലാത്ത സ്ഥലങ്ങളിലെ പ്രതിപക്ഷ നേതാക്കള്‍ക്കുമാണ് സര്‍ക്കുലര്‍ അയച്ചത്. പ്രതിനിധികള്‍ക്ക് ഇനിയും നിര്‍ദേശങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ നടത്തിപ്പിന് എല്ലാ സൗകര്യവും ബാര്‍ ലൈസന്‍സും ഉണ്ടായിട്ടും മരട് മുനിസിപ്പാലിറ്റി ബാറിന് അനുമതി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കുണ്ടന്നൂര്‍ ജംഗ്ഷനിലെ ക്രൗണ്‍ പ്ലാസ കൊച്ചി ഹോട്ടലിന് വേണ്ടി കെ ജി എ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സ് ഗ്രൂപ്പ് സമര്‍പ്പിച്ചത് ഉള്‍പ്പെടെ രണ്ട് ഹരജികള്‍ പരിഗണിച്ച ജസ്റ്റീസ് ആന്റണി ഡൊമിനിക്, ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കെ പി സി സി സര്‍ക്കുലറിനെതിരെ പരാമര്‍ശം നടത്തിയത്.
കെ പി സി സി സര്‍ക്കുലര്‍ ഭരണത്തിലുള്ള ഭരണഘടനാ ബാഹ്യമായ ഇടപെടലാണെന്നും സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ ബാറുകള്‍ക്ക് എന്‍ ഒ സി നല്‍കാതിരിക്കുന്നത് ഭരണഘടനാപരമായ വിവേചനാധികാരത്തിലുള്ള കടന്നുകയറ്റമാണെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.
നിയമപരമായ അവകാശങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ഇത്തരത്തിലുള്ള കൈയേറ്റം കോടതിയലക്ഷ്യമാണെന്ന് സുപ്രീം കോടതി നിരവധി ഉത്തരവുകളില്‍ വ്യക്തമാക്കിയിട്ടുണ്ടന്നും കോടതി പറഞ്ഞിരുന്നു. നിയമം അംഗീകരിക്കുന്ന ഒരാളും ഇത്തരത്തിലുള്ള സര്‍ക്കുലര്‍ പുറപ്പെടുവിക്കില്ല. ഇത്തരം ഉത്തരവുകള്‍ പാലിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ബാധ്യതയുമില്ല. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ നയം സ്വീകരിക്കാന്‍ നഗരസഭക്ക് അധികാരമില്ലെന്നുമായിരുന്നു കോടതി വ്യക്തമാക്കിയത്.

Latest