Connect with us

Kerala

കേരള സര്‍വകലാശാലക്ക് എ ഗ്രേഡ് പദവിയോടെ നാക് അക്രഡിറ്റേഷന്‍ അംഗീകാരം

Published

|

Last Updated

തിരുവനന്തപുരം: ഏഴ് വര്‍ഷത്തെ ഇടവേളക്കു ശേഷം കേരള സര്‍വകലാശാലക്ക് നാഷനല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക് )അംഗീകാരം എ ഗ്രേഡോടെ തിരിച്ചുകിട്ടി. 2008 മുതല്‍ നാക് അംഗീകാരം ഇല്ലാതെയാണ് സര്‍വകലാശാല പ്രവര്‍ത്തിച്ചത്. 2003ല്‍ ബി+ അംഗീകാരം മാത്രമാണ് ഉണ്ടായിരുന്നത്. 2008ല്‍ അംഗീകാര കാലാവധി തീര്‍ന്നു. അതിന് ശേഷം അംഗീകാരം ലഭിച്ചിരുന്നില്ല. ഇപ്പോഴത്തെ വി സി ഡോ. പി കെ രാധാകൃഷണന്‍ ചുമതലയേറ്റ ശേഷമാണ് നാക് അംഗീകാരം വീണ്ടെടുക്കാന്‍ ശ്രമം തുടങ്ങിയത്. ഇതേ തുടര്‍ന്ന് രണ്ട് മാസം മുമ്പ് നാക് അധികൃതര്‍ സര്‍വകലാശാലയില്‍ പരിശോധനക്കെത്തിയിരുന്നു. വിശദ പരിശോധനക്കു ശേഷമാണ് എ ഗ്രേഡ് അക്രഡിറ്റേഷന്‍ നല്‍കാന്‍ തീരുമാനമുണ്ടായത്. അംഗീകാരം ലഭിച്ചതോടെ യൂനിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മീഷന്റെ കൂടുതല്‍ ധനസഹായം സര്‍വകലാശാലക്ക് ലഭിക്കും.
സിന്‍ഡിക്കേറ്റ് അംഗം ജ്യോതികുമാര്‍ ചാമക്കാല, സര്‍വകലാശാലയില്‍ നിന്ന് പെന്‍ഷന്‍പറ്റുന്ന മുന്‍ ജീവനക്കാരനായ ആര്‍ എസ് ശശികുമാര്‍ എന്നിവര്‍ സര്‍വകലാശാലക്കെതിരെ നാക് സംഘത്തിന് പരാതികള്‍ നല്‍കിയിരുന്നു. നാക് സംഘം വരുന്നതിന് മുന്നോടിയായി സര്‍വകലാശാലയില്‍ അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു.
പ്രൊ. വിസി ഡോ. എന്‍ വീരമണികണ്ഠന്റെ ഗവേഷണ പ്രബന്ധം കോപ്പിയടിയാണെന്ന്‌വരെയുള്ള കുപ്രചാരണങ്ങളും നടത്തിയിരുന്നു. ഇത്രയും പ്രതിസന്ധി നിലനില്‍ക്കെ നാക് അംഗീകാരം ലഭിച്ചത് സര്‍വകലാശാലക്ക് ആശ്വാസമായി.

Latest