താക്കോല്‍ സ്ഥാനത്തെത്തിയ ചിലര്‍ താക്കോല്‍ പോക്കറ്റിലിട്ട് നടക്കുന്നു: വി ഡി സതീശന്‍

Posted on: March 4, 2015 5:55 am | Last updated: March 3, 2015 at 11:10 pm
SHARE

VD SATHEESHANകൊച്ചി: താക്കോല്‍ സ്ഥാനങ്ങള്‍ പിടിച്ച് വാങ്ങിയ ചില കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥാനം ലഭിച്ച് കഴിഞ്ഞപ്പോള്‍ താക്കോല്‍ പൂട്ടി പോക്കറ്റിലിട്ട് നടക്കുകയാണെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ എം എല്‍ എ പറഞ്ഞു.
കഴിഞ്ഞ കാലങ്ങളില്‍ നേതൃസ്ഥാനങ്ങളില്‍ നിന്ന് മുതിര്‍ന്ന നേതാക്കളെ മാറ്റി അവിടെ ഇടം പിടിച്ച അന്നത്തെ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു നേതാക്കള്‍ ഇന്ന് പുതുതലമുറക്ക് വേണ്ടി മാറി ക്കൊടുക്കാന്‍ തയാറാകുന്നില്ല സതീശന്‍ കുറ്റപ്പെടുത്തി. കെ എസ് യു എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാര്‍ഥി ജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി ഡി സതീശന്‍.
ആര്‍ ശങ്കറെ പോലെയുള്ള അതി പ്രഗത്ഭരെ വരെ മാറ്റിയിട്ടാണ് ചിലര്‍ താക്കോല്‍ സ്ഥാനങ്ങളില്‍ ഇരിപ്പുറപ്പിച്ചത്. സ്ഥനമാനങ്ങളില്‍ കടിച്ചുതൂങ്ങുന്നത് അഭിമാനക്ഷതമായി കണ്ട് ശങ്കറെപോലുള്ള നേതാക്കള്‍ സ്ഥാനമൊഴിയാനുള്ള വിശാല മനസ്‌കത കാട്ടി. ആര്‍ ശങ്കറിന്റെ പ്രായം പിന്നിട്ടിട്ടും കിട്ടിയ സ്ഥാനങ്ങളില്‍ ഉറച്ചിരിക്കുന്നവരാണ് ഇപ്പോഴുള്ളത്.
80 കഴിഞ്ഞാലും 90 കഴിഞ്ഞാലും ഇവരെ ഇറക്കാനാകില്ല. ഇനി സ്ഥാനം ഒഴിയേണ്ടിവന്നാല്‍ ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങള്‍ക്ക് മാത്രമായിരിക്കും ഇവര്‍ അവസരം കൊടുക്കുക. പുതുതലമുറക്ക് വേണ്ടി മാറിക്കൊടുക്കാതെ ഇവര്‍ ഭൂതകാലം മറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി അധ്യക്ഷത വഹിച്ചു. എം എല്‍ എ മാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, ഡി സി സി പ്രസിഡന്റ് വി ജെ പൗലോസ്, ഭാരവാഹികളായ എല്‍ദോസ് കുന്നപ്പിള്ളി, മുനമ്പം സന്തോഷ്, എ ബി സാബു, ബാബു പുത്തനങ്ങാടി, എം ആര്‍ അഭിലാഷ്, വി കെ തങ്കരാജ്, പി ഡി മാര്‍ട്ടിന്‍, ദീപ്തി മേരി, കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി പി വൈ ഷാജഹാന്‍, സബീര്‍ മുട്ടം, വൈശാഖ് എസ് ദര്‍ശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.