നാദാപുരം: പോലീസിന്റെ മനുഷ്യാവകാശ ലംഘനം നീതീകരിക്കാനാകില്ല- എസ് എം എ

Posted on: March 4, 2015 5:47 am | Last updated: March 3, 2015 at 10:47 pm
SHARE

കോഴിക്കോട്: നീതി പുലര്‍ത്തേണ്ട സര്‍ക്കാറും പോലീസും മനുഷ്യാവകാശ ലംഘനം നടത്തുകയും നെറികേടിന് കൂട്ടുനില്‍ക്കുകയും ചെയ്യുന്നത് നീതീകരിക്കാനാവില്ലെന്നും നാദാപുരത്തും പരിസരങ്ങളിലും ഉണ്ടായ അതിക്രമങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ വീഴ്ച കാണിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) സംസ്ഥാന സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു.
നാശങ്ങള്‍ സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ കണ്ടെത്തിയ നാശനഷ്ടങ്ങള്‍ കുറഞ്ഞ തോതിലുള്ളതാണ്. മതിയായ നഷ്ടപരിഹാരവും സുരക്ഷിതത്വവും സര്‍ക്കാര്‍ ഉറപ്പുവരുത്തണം. സംസ്ഥാനത്ത് അടിക്കടി രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്കാജനകമാണെന്നും ഇത് അവസാനിപ്പിക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും മുന്‍കൈയെടുക്കണമെന്നും എസ് എം എ ആവശ്യപ്പെട്ടു. കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു.
സയ്യിദ് പി എം എസ് തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, പ്രൊഫ. കെ എം എ റഹീം, ഇ യഅ്ഖൂബ് ഫൈസി, പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, എ സൈഫുദ്ദീന്‍ ഹാജി സംബന്ധിച്ചു.