അംബേദ്കറുടെ ‘ജാതി’

Posted on: March 4, 2015 6:00 am | Last updated: March 3, 2015 at 10:44 pm
SHARE

ambedkarചരിത്രം തങ്ങള്‍ക്കനുകൂലമാകുംവിധം തിരുത്തിയെഴുതുക എന്നത് ഫാസിസ്റ്റ് ശക്തികള്‍ എക്കാലത്തും പ്രയോഗിച്ചിട്ടുള്ള തന്ത്രമാണ്. ദളിത് പിന്നാക്ക വിഭാഗത്തിന്റെ ആവേശമായിരുന്ന അംബേദ്കറെക്കുറിച്ചുള്ള ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവനയും ഇതേ തന്ത്രത്തിന്റെ ഭാഗമായിട്ടുവേണം വായിക്കാന്‍. കാവിക്കൊടി ഇന്ത്യയുടെ ദേശീയ പതാകയാക്കുന്നതിനും സംസ്‌കൃതം ദേശീയ ഭാഷയാക്കുന്നതിനും അംബേദ്ക്കര്‍ അതിയായി ആഗ്രഹിച്ചിരുന്നുവെന്നാണ് ആര്‍ എസ് എസ് മേധാവി പറയുന്നത്. ചരിത്രത്തിലെ അജ്ഞത കൊണ്ടോ രാഷ്ട്രീയ ബോധത്തിന്റെ അഭാവം കൊണ്ടോ സംഭവിച്ചുപോയ ഒരു ഭീമാബദ്ധമാണ് ഇതെന്ന് വിശ്വസിച്ച് തള്ളാന്‍ നിവൃത്തിയില്ല. ഇത്തരം പരാമര്‍ശത്തിലൂടെ സംഘ്പരിവാര്‍ സംഘടനകള്‍ക്ക് കൃത്യമായ അജന്‍ഡയുണ്ട്. അംബേദ്കറിനെ കാവി പുതപ്പിച്ച് കിടത്തുന്നതിലൂടെ ആര്‍ എസ് എസ് ലക്ഷ്യം വെക്കുന്നത് ദളിത് ജനതയിലേക്കുള്ള കടന്നുകയറ്റം തന്നയാണ്. എന്നാല്‍ അംബേദ്കര്‍ ആരായിരുന്നുവെന്ന ചരിത്രം മനസ്സിലാക്കിവെക്കുന്നത് ഈ സമയത്ത് നന്നായിരിക്കുമെന്നു തോന്നുന്നു.
കുട്ടി പ്രായത്തിലേ ഹിന്ദുത്വ സവര്‍ണ മേധാവിത്വത്തിന്റെ ക്രൂരതകള്‍ ആവോളം അനുഭവിച്ചിട്ടുണ്ട് അംബേദ്കര്‍. സ്‌കൂള്‍ പഠനകാലയളവില്‍ സഹപാഠികളില്‍ നിന്നു അധ്യാപകരില്‍ നിന്നു സ്വന്തം നാട്ടുകാരില്‍ നിന്നുപോലും ജാതീയ പീഡനത്തിന്റെ അസ്വസ്ഥമായ അനുഭവങ്ങള്‍ സഹിക്കേണ്ടവന്ന വ്യക്തിത്വമാണ് അംബേദ്കര്‍. താനൊരു ഹിന്ദുവല്ല പകരമൊരു ദളിതനാണെന്ന് ബ്രിട്ടനിലെ യൂനിവേഴ്‌സിറ്റിയില്‍ പഠനകാലത്ത് സ്വയം പരിചയപ്പെടുത്തിയത്. ഇന്ത്യയിലെ ദളിതര്‍ അനുഭവിക്കുന്ന ജാതീയ പീഡനത്തിന്റെ കഥകള്‍ ലണ്ടന്‍ യൂനിവേഴ് സിറ്റിയിലെ അധ്യാപകരോടും സഹപാഠികളോടും പങ്കുവെച്ചപ്പോള്‍ അവരുടെ പ്രേരണയിലാണ് അംബേദ്കര്‍ ഇന്ത്യയിലെ ജാതീയ അസമത്വങ്ങള്‍ക്കെതിരെ പോരാടുന്നതിന് ഇറങ്ങിത്തിരിച്ചത്. അങ്ങനെയാണ് ഹിന്ദുമതത്തില്‍ പുതിയൊരു പരിവര്‍ത്തനം ആഗ്രഹിച്ച് ദളിതുകളുടെ മുന്നേറ്റത്തിനായി പോരാട്ടത്തിനിറങ്ങിയത്. ഹിന്ദു മതത്തിലെ വിശ്വാസങ്ങള്‍ ഉടച്ചുവാര്‍ക്കണമെന്നും തൊട്ടുകൂടായ്മയും ജാതീയ ചിന്തകളും അവസാനിപ്പിക്കണമെന്നുമുള്ള ലക്ഷ്യത്തോടെ ദളിതുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പക്ഷേ സവര്‍ണര്‍ അംബേദ്കറിന്റെ പ്രവര്‍ത്തനങ്ങളെ ശക്തമായി എതിര്‍ക്കുകയാണ് ചെയ്തത്. 1936ല്‍ ജാതിനശീകരണം ലക്ഷ്യം വെച്ച് സംഘടിപ്പിച്ച സമ്മേളനത്തില്‍ അംബേദ്കറിനെ പ്രസംഗിക്കാന്‍ ക്ഷണിക്കുകയും സവര്‍ണഹിന്ദുത്വത്തിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഒഴിവാക്കപ്പെടുകയും ചെയ്തു. ഈ പ്രസംഗമാണ് പിന്നീട് ഇന്ത്യന്‍ ദളിതുകളുടെ മാനിഫെസ്റ്റോയായ ജാതീ ഉന്‍മൂലനം എന്നപേരില്‍ പ്രസിദ്ധീകരിച്ചത്.
ഹിന്ദുമതത്തില്‍ ഇനിയൊരു പരിവര്‍ത്തനത്തിനം സാധ്യമല്ലെന്നും ദളിതുകള്‍ക്ക് രക്ഷ ലഭിക്കണമെങ്കില്‍ മത പരിവര്‍ത്തനമാണ് വഴിയെന്നും അംബേദ്കര്‍ തിരിച്ചറിഞ്ഞു. 1950ല്‍ മഹാരാഷ്ട്രയിലെ ജില്ലയില്‍ ലക്ഷക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി, ഹിന്ദുവായി ജനിച്ച ഞാന്‍ ഹിന്ദുവായി മരിക്കാനാഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഈ കാലയളവില്‍ തന്നെയാണ് പ്രമുഖനായ ബുദ്ധമത പ്രചാരകനുമായി കുടികാഴ്ച നടത്തുകയും അദ്ദേഹം അബേദ്ക്കറിനെ ബുദ്ധമതത്തിലേക്ക് ക്ഷണിക്കുകയും ചെയ്തത്. താന്‍ മാത്രമല്ല മുഴുവന്‍ ദളിതരും ബുദ്ധമതം സ്വീകരിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് അേബദ്കര്‍ ബുദ്ധ മതപ്രചാരകരോട് പറയുകയും ചെയ്തു. 1956ല്‍ അഞ്ചു ലക്ഷത്തോളം വരുന്ന ദളിത് ജനങ്ങളോടൊപ്പം ബുദ്ധമതം സ്വീകരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചാണ് അബേദ്കര്‍ സവര്‍ണ ഹിന്ദുമതത്തില്‍ നിന്നും വിടവാങ്ങിയത്.
ചരിത്രം ഇങ്ങനെയൊക്കെ പറഞ്ഞിട്ടും, എന്തുകൊണ്ടാണ് ആര്‍ എസ് എസ് അംബേദ്കറിനെ കാവി പുതപ്പിച്ചു കിടത്താന്‍ ശ്രമിക്കുന്നതെന്ന് ചിന്തിക്കുന്നിടത്താണ് ദളിതുകളിലേക്ക് നിര്‍മിക്കുന്ന പുതിയ പാലത്തിന്റെ നീളമളക്കുന്നത്. ജീവിതത്തില്‍ താന്‍ പിറന്ന സമുദായത്തിന് നിഷിദ്ധ്യമാക്കിയിരുന്ന രണ്ട് കാര്യങ്ങള്‍ ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ അടയാളങ്ങളായിരിക്കണമെന്ന് അതേ രാഷ്ട്രത്തിന്റെ ഭരണഘടനയുടെ നിര്‍മാണത്തില്‍ കൃത്യമായ പങ്ക് വഹിച്ച ഒരു വ്യക്തിത്വം പറഞ്ഞിരുന്നുവെന്നതിലൂടെ അംബേദ്കര്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് സ്ഥാപിക്കുന്നതിനാണ് മോഹന്‍ ഭഗവത് ലക്ഷ്യം വെച്ചത്. ആര്‍ എസ് എസും സവര്‍ണ ശക്തികളും കാണിക്കുന്ന അംബേദ്കര്‍ സ്‌നേഹത്തില്‍ ആത്മാര്‍ഥത ഉണ്ടെങ്കില്‍ ദളിത് സംരക്ഷണത്തിനാണ് ആദ്യ പരിഗണന നല്‍കേണ്ടത്. ദളിതുകളെ ആക്രമിക്കുകയും അവര്‍ക്കെതിരെ അയിത്തം ആയുധമാക്കുകയും ചെയ്യുന്ന സവര്‍ണാധിപത്യം കരുത്തോടെ നിലനില്‍ക്കുമ്പോള്‍, അതിന് ആര്‍ എസ് എസിന്റെ പരിലാളന ലഭിക്കുമ്പോള്‍, ഈ വാക്കുകളുടെ കാപട്യം വ്യക്തമാകുന്നു.