Connect with us

Articles

പത്മനാഭന് ജ്ഞാനപീഠ പുരസ്‌കാരം!!

Published

|

Last Updated

മലയാള പത്രപ്രവര്‍ത്തന ചരിത്രം പരിശോധിച്ചാല്‍ ആഴ്ചയില്‍ ഒരു പത്രം എന്ന നിലയ്ക്കായിരുന്നു തുടക്കം. പിന്നെയത് എല്ലാ ദിവസങ്ങളിലും രാവിലെ ചായയ്ക്കു മുമ്പായി വായനക്കാരുടെ കൈകളിലെത്തിത്തുടങ്ങി. ഒരു പത്രത്തിനുതന്നെ ജില്ലകള്‍ തോറും പ്രത്യേക എഡിഷനുകളായി. ഓരോ പാര്‍ട്ടിക്കും ഓരോ ജാതിമതസമുദായങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം പത്രങ്ങളായി. രാവിലെ, ഉച്ച, വൈകിട്ട് എന്നിങ്ങനെ ആഹാരത്തിനു മുമ്പും പിമ്പും സൗകര്യം പോലെ സേവിക്കാവുന്ന ഒരു ഔഷധം പോലെ പത്രപാരായണം മലയാളിയുടെ ശീലമായി. ഇതിനേയും തോല്‍പ്പിച്ചുകൊണ്ടാണ് ചാനലുകള്‍ രംഗപ്രവേശം ചെയ്തത്. മണിക്കൂര്‍ തോറും ബ്രെയ്ക്കിങ് ന്യൂസുകള്‍. എന്നു പറഞ്ഞാലര്‍ഥം തൊട്ടുതലേ മണിക്കൂറിലെ വാര്‍ത്തയെ കൊല ചെയ്യുക. ചാനല്‍ പൈങ്കിളികള്‍ ഇപ്പോള്‍ അവരുടെ സംഹാരായുധങ്ങളുമായി വേലിക്കകത്ത് അച്യുതാനന്ദന്‍ സഖാവിന്റെ പിന്നാലെ നടക്കുകയാണ്. അഖില കേരള ചാനല്‍ ചര്‍ച്ചാ തൊഴിലാളികള്‍ മാറി മാറി രാവിലെയും ഉച്ചക്കും വൈകിട്ടും കൂടുവിട്ട് കൂടുമാറുന്ന മാജിക്കുകാരന്റെ വൈദഗ്ധ്യത്തോടെ ചര്‍ച്ചകള്‍ കൊഴുപ്പിക്കുകയാണ്. വെറുതെയാണോ അമേരിക്കന്‍ സായിപ്പ് ടി വിക്കു മുമ്പിലിരുന്ന് തലച്ചോറ് ദ്രവിപ്പിക്കുന്നവരെ “ചീഞ്ഞ ഉരുളക്കിഴങ്ങു”കളെന്നു വിളിച്ചാക്ഷേപിക്കുന്നത്. വി എസിന്റെ വേലിചാട്ടവും വേലിയിറക്കവും വേല ഇറക്കലും വാര്‍ത്താപ്രാധാന്യം നേടിയപ്പോള്‍ മുമ്പ് സജീവമായിരുന്ന സോളാറും പിന്നിലെ വന്ന ബാര്‍ പൂട്ടലും തുറക്കലും മാണിസവും ലാലിസവും ഘര്‍ വാപസിയുമൊക്കെ മലയാളി വിസ്മരിച്ചു തുടങ്ങി. ഇപ്പോള്‍ പലരും പ്രവചിച്ചു തുടങ്ങിയിരിക്കുന്നത് ഉമ്മന്‍ ചാണ്ടി, കെ എം മാണി, കുഞ്ഞാലിക്കുട്ടി മുക്കൂട്ടുമുന്നണിക്ക് വീണ്ടും ഒരഞ്ച് വര്‍ഷംകൂടി ഭരിക്കാന്‍ കിട്ടുമെന്നാണ്. ഇതൊക്കെ തന്നെയായിരിക്കണം, തങ്ങള്‍ ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവായി ചാനലുകളില്‍ വന്നിരുന്ന് ചര്‍വിതചര്‍വണം നടത്തി കാലം പോക്കുന്ന ഈ “ചര്‍ച്ചകന്മാരു”ടെ ലക്ഷ്യവും. ദൈവം അവര്‍ക്കു നല്ല ബുദ്ധി കൊടുക്കട്ടെ.
ഇസങ്ങള്‍ പല തരമുണ്ട്. സോഷ്യലിസം, കമ്മ്യൂണിസം, മാര്‍ക്‌സിസം, മാവോയിസം ഇതെല്ലാംകൂടി പരിണമിച്ച് അവനവനിസം എന്നൊരു ഇസവും ഉരുത്തിരിഞ്ഞുവന്നു. അതിനായിരുന്നു വ്യാപകമായ സ്വീകാര്യത ലഭിച്ചത്. ഇവിടെ സൂചിപ്പിച്ച മാണിസം , ലാലിസം തുടങ്ങിയ ഇസങ്ങള്‍ ഒടുവില്‍പ്പറഞ്ഞ അവനവനിസത്തിന്റെ ഒരു വകഭേദമാണെന്നു കരുതി ആശ്വസിച്ചിരിക്കുമ്പോഴാണ് കണ്ണൂരെ നമ്മുടെ വിശ്വസാഹിത്യകാരന്‍ ടി പത്മനാഭന്‍ ആര്‍ എസ് എസിന്റെ മുഖപത്രമായ കേസരിയുടെ രണ്ട് ലക്കങ്ങളിലായി ഘര്‍ വാപസിയെന്ന കാവിദേശീയതയുടെ പുതിയ പരിപാടിയെ ന്യായീകരിച്ച്് ഉഗ്രന്‍ കവര്‍സ്‌റ്റോറി തന്നെ ചമച്ചിരിക്കുന്നത് കാണാനിടയായത്. പള്ളിക്കുന്നിലെ വീട്ടില്‍ പൂച്ചകളോടൊപ്പം ഏകാന്തവാസം നയിക്കുന്ന പപ്പേട്ടന്റെ ആരാധകരാണ് കണ്ണൂരെ ഇടതുപക്ഷബുദ്ധിജീവികള്‍. അവരിടയ്ക്കു പപ്പേട്ടനെ സന്ദര്‍ശിക്കുകയും പപ്പേട്ടന്‍ പ്രത്യുപകാരമെന്ന നിലയില്‍ അവരുടെ വേദികളിലെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തുപോരുകയായിരുന്നു. അന്തരിച്ച എം ഗോവിന്ദന്‍ നയിച്ച കമ്മ്യൂണിസ്റ്റ്‌വിരുദ്ധ സ്‌കൂളിന്റെ പി ആര്‍ ഒയായി ടി പത്മനാഭനെ മനസ്സിലാക്കിയവര്‍ അദ്ദേഹം തന്റെ ശരിയായ വീട്ടിലേക്കു മടങ്ങിവരികയാണെന്നായിരുന്നു കണക്കു കൂട്ടിയത്. എന്നാല്‍ ഇപ്പോള്‍ ആ കണക്കുകൂട്ടല്‍ തെറ്റിയിരിക്കുന്നു. ഘര്‍വാപസിയെ ന്യായീകരിക്കുകവഴി അദ്ദേഹം തന്റെ യഥാര്‍ഥ വീട്ടിലേക്കു മടങ്ങിപ്പോയിരിക്കുന്നു.
കേസരി ലേഖകന് അനുവദിച്ച ദീര്‍ഘമായ അഭിമുഖത്തിന് പ്രത്യുപകാരമായി കേസരിയുടെ ഒരു ലക്കം പൂര്‍ണമായും പത്മനാഭ കഥകളെ വ്യാഖ്യാനിക്കാന്‍ വേണ്ടി മാറ്റിവെച്ചു. കഴിഞ്ഞില്ല, അഭിമുഖം പ്രസിദ്ധീകരിച്ച കേസരിയുടെ രണ്ട് ലക്കങ്ങള്‍ പുറത്തുവരുന്നതിനു മുമ്പു തന്നെ കണ്ണൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ലൈബ്രറിയില്‍ തപസ്യ കലാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ദിവസം മുഴുവന്‍ ദീര്‍ഘിച്ച ഒരു പത്മനാഭപഠനം തന്നെ നടത്തുകയും ചെയ്തു. ചെറുകഥകള്‍ മാത്രം എഴുതുന്ന തനിക്കെന്തുകൊണ്ട് ജ്ഞാനപീഠം തന്നില്ലെന്ന പരിഭവം എം ടി വാസുദേവന്‍ നായര്‍ ജ്ഞാനപീഠ പുരസ്‌കാരിതനായ കാലം മുതല്‍ തന്നെ ടി പത്മനാഭന്‍ പരസ്യമായി പ്രകടിപ്പിക്കാറുള്ളതാണ്. നിരാശപ്പെടേണ്ട! കാര്യങ്ങള്‍ ഇപ്പോഴത്തെ നിലയില്‍ പുരോഗമിച്ചാല്‍ മിക്കവാറും മലയാളത്തില്‍ നിന്നുള്ള അടുത്ത ജ്ഞാനപീഠ പുരസ്‌കാരിതന്‍ ടി പത്മനാഭന്‍ തന്നെ ആയിരിക്കും എന്നതില്‍ സംശയം വേണ്ട. ഇതാണ് സുഹൃത്തേ യഥാര്‍ഥ ഘര്‍ വാപസി. അതാത് കാലത്ത് വീട് ഭരിക്കുന്നതാരോ അവരുടെ അടുത്തേക്കു മടങ്ങിച്ചെല്ലുക. എല്ലാ മുടിയന്മാരായ പുത്രന്മാരുടെയും മടങ്ങിവരവ് പ്രതീക്ഷിച്ചു സര്‍വാധികാരപ്രമത്തനായ ഒരു പിതാവും അദ്ദേഹത്തിന്റെ അനുസരണയുള്ള മൂത്ത പുത്രനും വീട്ടില്‍ കാത്തിരിക്കുന്നു. തിരിച്ചുചെല്ലുന്ന മാത്രയില്‍ ആലിംഗനം, പിന്നെ തടിച്ചമൃഗത്തെ അറുത്തുള്ള സദ്യ. അതിനു ശേഷം എന്താണ് സംഭവിച്ചത് എന്നു ബൈബിളിലെ ധൂര്‍ത്തുപുത്രന്റെ കഥയില്‍ പറഞ്ഞിട്ടില്ല. എന്തായാലും വീട്ടിലേക്കു മടങ്ങിവന്ന ഈ ധൂര്‍ത്തുപുത്രന്മാര്‍ക്ക് സഹൃദയലോകം നല്ല ഒരു വിരുന്നാശംസിക്കുന്നു.
മാണിസത്തിലേക്കും ലാലിസത്തിലേക്കും പ്രവേശിക്കുന്നതിനു മുമ്പ് വീട്ടിലേക്കുള്ള മടങ്ങിപ്പോക്കിനെ ന്യായീകരിച്ചുകൊണ്ട് ടി പത്മനാഭന്‍ കേസരി ലേഖകനോട് പങ്കുവെച്ച ചില ഉത്തരാധുനിക പ്രതിഭാപ്രകടനത്തിലെ ചില പരാമര്‍ശങ്ങള്‍ പരിശോധിക്കാം. മാധവിക്കുട്ടിയുടെ ഇസ്‌ലാം മതത്തിലേക്കുള്ള പരിവര്‍ത്തനത്തെ അദ്ദേഹം ഇപ്പോഴത്തെ ഘര്‍വാപസിയുമായി താരതമ്യപ്പെടുത്തിയിരിക്കുന്നു. മാധവിക്കുട്ടി, ചിന്തയിലും എഴുത്തിലും മാത്രമല്ല സ്വന്തം ജീവിതത്തിലും പഴകി ജീര്‍ണിച്ച ഫ്യൂഡല്‍ പാരമ്പര്യങ്ങള്‍ വികൃതമാക്കിയ, തന്റെ സ്വന്തം വീടിനെ ഉപേക്ഷിച്ചിറങ്ങിപ്പോന്ന എഴുത്തുകാരിയാണ്. അവര്‍ക്കവസാന കാലം കയറി താമസിക്കാന്‍ ഇസ്‌ലാം മറ്റൊരു വീടായി എന്നത് തന്നെ ഇസ്‌ലാമിന്റെ പ്രത്യേകത. ഇസ്‌ലാമില്‍ മാത്രമല്ല ക്രിസ്തുമതത്തിലും യുക്തിവാദപ്രസ്ഥാനത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഒക്കെ ഹിന്ദു മതത്തില്‍ നിന്നും ഇറങ്ങിപ്പോന്ന് ചേക്കേറിയ എത്രയോ പ്രതിഭാശാലികളെ ഈ മണ്ണില്‍ കണ്ടിരിക്കുന്നു. അവരില്‍ ഒരാളായിരുന്നു ടി പത്മനാഭന്‍ എന്നു കരുതിയവരാണ് കേസരി അഭിമുഖം വായിച്ചപ്പോള്‍ ചിന്താക്കുഴപ്പത്തിലായത്.
തപസ്യയുടെയും ബാലഗോകുലത്തിന്റെയും മാത്രമല്ല ജമാഅത്തെ ഇസ്‌ലാമിയുടെയും പത്രങ്ങളും വേദികളും പങ്ക് വെക്കാറുള്ള ടി പത്മനാഭന്‍ അവിടെയൊക്കെ സ്വന്തം അഭിപ്രായം വെട്ടിത്തുറന്നു പറയാറുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ എന്തായിരുന്നു ആ അഭിപ്രായം. താനൊടുവില്‍ പറഞ്ഞ അഭിപ്രായത്തില്‍ താനുറച്ചു നില്‍ക്കുന്നുണ്ടോ? ഈ വക ചോദ്യങ്ങളൊന്നും ടി പത്മനാഭന്‍ മാത്രമല്ല ഇങ്ങനെ ഓടിനടന്നു വേദി പങ്കിടാറുള്ള ഒരു ബുദ്ധിജീവിയും ചോദിച്ചുകേട്ടിട്ടില്ല. എല്ലാറ്റിനേയും എല്ലാവരേയും ഒപ്പം നിറുത്താന്‍ തത്രപ്പെടുക. ആരോടും പിണക്കമില്ലെന്നു ഭാവിക്കുക. ഒടുക്കം എല്ലാവരുടെയും വെറുപ്പിനു പാത്രമാകുക.
പത്മനാഭന്‍ കഥകളുടെ അടിസ്ഥാനഭാവമായ ഗൃഹാതുരത്വം അദ്ദേഹത്തിന്റെ ലേഖനങ്ങളിലും പ്രസംഗങ്ങളിലും അഭിമുഖങ്ങളിലും എല്ലാം പുറത്തുവരാറുള്ളത് പത്മനാഭസ്തുതിയില്‍ മതിമറന്ന കമ്മ്യൂണിസ്റ്റുകാര്‍ പോലും കാണാതെ പോകുന്നതാണാശ്ചര്യം. തന്റെ ഭൂതകാല രാഷ്ട്രീയ നിലപാടുകളില്‍ അദ്ദേഹം യാതൊരു കുറ്റബോധവും പ്രകടിപ്പിക്കുന്നില്ലെന്നത് പലപ്പോഴും കണ്ണൂരെ അഭിനവ പത്മനാഭ ദാസന്മാര്‍ കണ്ടില്ലെന്നു നടിക്കുന്നു. തന്റെ കോണ്‍ഗ്രസ്സനുകൂല നിലപാടിനെ മാത്രമല്ല, വിമോചനസമരത്തില്‍ പങ്കെടുത്തതിനെയും അടിയന്തരാവസ്ഥ കാലത്ത് ഫാക്ടില്‍ ഉദ്യോഗസ്ഥമേധാവിയായി ഇരുന്നുകൊണ്ട് നടത്തിയ തൊഴിലാളിവിരുദ്ധ പ്രവര്‍ത്തനത്തേയും അടിയന്തരാവസ്ഥയെ അനുകൂലിച്ചതിനേയും യാതൊരു കുറ്റബോധവും കൂടാതെ അദ്ദേഹം ന്യായീകരിച്ചിരിക്കുന്നു. (കേസരി ലക്കം 4 ജനുവരി 23 2015)
ഈ മാനസികാവസ്ഥയുടെ പ്രതിഫലനമാണ് ഘര്‍വാപസി. വീട്ടിലേക്കു മടങ്ങുന്നവരല്ല വീട്ടില്‍ നിന്നും ലോകത്തിലേക്കിറങ്ങിപ്പോയവരായിരുന്നു ചരിത്ര നിര്‍മിതിയില്‍ പങ്കാളികളായ എല്ലാ മഹാത്മാക്കളും. അത്തരക്കാരുടെ പട്ടികയില്‍ നിന്നും പേര് വെട്ടിക്കളയാന്‍ ഇഷ്ടപ്പെടുന്നവരും വീടിന്റെ അടച്ചിട്ട വാതിലുകളും ജനാലകളും നല്‍കുന്ന വ്യാജസുരക്ഷിതത്വത്തില്‍ അഭയം തേടുന്നവരും പുറമെ എന്തൊക്കെ പറഞ്ഞാലും ശുദ്ധ അവനവനിസ്റ്റുകളാണ്.
അവനവനിസത്തിന്റെ മറ്റു രണ്ടു ആചാര്യന്മാരാണ് മാണിയും മോഹന്‍ലാലും. ഒരര്‍ഥത്തില്‍ രണ്ട് പേരും നല്ലനടന്മാരാണ്. രാഷ്ട്രീയത്തില്‍ ശോഭിക്കാതെ പോയിരുന്നെങ്കില്‍ മാണിയും മറ്റൊരു മോഹന്‍ലാലാകുമായിരുന്നു. കത്തോലിക്കാ സഭയിലെ അര്‍ധപട്ടിണിക്കാരെ ആ സഭയിലെ തന്നെ കാട്ടുരാജാക്കന്മാരോടും കായല്‍ പ്രമാണിമാരോടും അബ്കാരി മുതലാളിമാരോടും ഒപ്പം നിറുത്തുന്നതിന് സ്വന്തം മസ്തിഷ്‌കത്തില്‍ നിന്നും രൂപപ്പെടുത്തിയതായിരുന്നു അധ്വാനവര്‍ഗ സിദ്ധാന്തം. അതു പിന്തുടര്‍ന്നു രാഷ്ട്രീയത്തിലിറങ്ങിയ പലര്‍ക്കും യാതൊരധ്വാനവും കൂടാതെ തന്നെ സുഖജീവിതം സുസാധ്യമായി. കാലാകാലങ്ങളില്‍ മാണിസാര്‍ ചൂണ്ടിക്കാണിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കു വോട്ടു ചെയ്തു മാത്രം അധ്വാനവര്‍ഗസിദ്ധാന്തം പിന്തുടര്‍ന്നവര്‍ അധ്വാനഭാരം കൊണ്ട് നടുവൊടിഞ്ഞ് ജീവിതത്തിന്റെ ഓട്ടക്കളത്തില്‍ തളര്‍ന്നുവീണു. സാമുദായികമായ സങ്കുചിത ചിന്തകളില്‍ കുടുങ്ങിപ്പോയ അത്തരക്കാര്‍ക്കു പുറംലോകത്തേക്കുള്ള സര്‍വ കാഴ്ചകളും അസ്തമിച്ചു.
അമിത മദ്യപാനം കര്‍ഷക സമൂഹത്തിന്റെ അധോഗതിക്ക് കാരണമെന്നു പറയുന്ന മെത്രാന്മാരെപ്പോലും ഒരുളുപ്പും കൂടാതെ എത്ര സമര്‍ഥമായിട്ടാണ് മാണിയും കൂട്ടരും വിറ്റ് കാശാക്കിയത്. സര്‍ക്കാറിന്റെ പുതിയ മദ്യനയം വന്നതിനു ശേഷം വി എം സുധീരന്‍ മാത്രമല്ല, സുധീരനോടൊപ്പം ഒച്ചവെച്ചിരുന്ന കത്തോലിക്കാ മെത്രാന്മാരും നിശ്ശബ്ദരായി. മാണിക്കെതിരെ കൂടുതല്‍ക്കൂടുതല്‍ തെളിവുകള്‍ വന്നുകൊണ്ടിരിക്കുമ്പോഴും സ്വന്തം പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുമ്പോഴും മാണിയുടെ രക്ഷക്കായി മാര്‍ ജോസഫ് പൗവത്തില്‍ ലേഖനങ്ങളുമായി പ്രത്യക്ഷപ്പെട്ടു. പൗവത്തില്‍ പിതാവെന്നു കാഞ്ഞിരപ്പള്ളി കത്തോലിക്കര്‍ വിളിക്കുന്ന മാര്‍ പൗവത്തില്‍ കാഞ്ഞിരപ്പള്ളിയിലെ മാര്‍പ്പാപ്പ തന്നെയാണ്. ഈനാംപേച്ചിക്കു മരപ്പട്ടി കൂട്ട് എന്നാണല്ലോ. ഒടുവിലിതാ കേരളത്തിലെ ഓര്‍ത്തഡോക്‌സ് സഭയുടെ ഔദ്യോഗികവക്താക്കളെന്ന് വിളിക്കപ്പെടുന്ന ചിലരും മാണിയെ വെള്ളപൂശിക്കൊണ്ട് രംഗപ്രവേശം ചെയ്തിരിക്കുന്നു. അതാണ് മാണിസം. അഥവാ കാക്കയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്ന് പ്രമാണം.
കേരളത്തില്‍ രാഷ്ട്രീയം ഇല്ലാതാകുകയാണ്. ഇവിടെ സമുദായങ്ങളേ ഉള്ളൂ. രാഷ്ട്രീയപാര്‍ട്ടികള്‍ സമുദായത്തെ അവരുടെ വോട്ട്‌ബോങ്കായി കാണുന്നിടത്തോളം കാലം കാര്യങ്ങളിങ്ങനെയൊക്കെത്തന്നെ പോകും. തങ്ങളുടെ കേസ് വാദിക്കുന്ന വക്കീലന്മാരെ കുറ്റവാളികള്‍ കാണുന്ന അതേ കണ്ണോടു കൂടിയാണ് സമുദായങ്ങള്‍ അതാതു സമുദായത്തില്‍പ്പെട്ട രാഷ്ട്രീയനേതാക്കളെ കാണുന്നത്. മാണിയും കേരളാകോണ്‍ഗ്രസും മാത്രമാണ് തങ്ങളുടെ കേസ് വാദിച്ച് ജയിപ്പിക്കാന്‍ പ്രാപ്തിയുള്ളവരെന്നു കത്തോലിക്കരും ഓര്‍ത്തഡോക്‌സ്‌കാരും മാത്രമല്ല സുകുമാരന്‍ നായരും കാണുന്നു. അവരുടെ അനുയായികളില്‍ ഒരു വിഭാഗവും അവരുടെ ആചാര്യന്മാരുടെ വാക്കുകളെ വേദവാക്യമായി പിന്തുടരുന്നു. ഈ ദുസ്ഥിതി തുടരുന്നിടത്തോളം കാലം പ്രതിപക്ഷം നിയമസഭയില്‍ എന്തെല്ലാം പൊല്ലാപ്പുകളുണ്ടാക്കിയാലും പി സി ജോര്‍ജ് എന്തെല്ലാം നാടകം കളിച്ചാലും മാണി തന്നെ ഈ തവണയും ബജറ്റ് അവതരിപ്പിക്കും. പതിവ് ബജറ്റ് കച്ചവടവും തുടരും. ഗ്രഹനില അനുകൂലമെങ്കില്‍ ഈ ബജറ്റ് മാത്രമല്ല അടുത്ത ബജറ്റും അവതരിപ്പിച്ചു എന്നും വരും.
മാണിസത്തെ മറച്ചുപിടിക്കാന്‍ ആസൂത്രണം ചെയ്തതായിരുന്നു ലാലിസം പരിപാടിയെന്നാണ് മാധ്യമനിരീക്ഷകര്‍ പറയുന്നത്. അതെന്തു തന്നെയായാലും മോഹന്‍ലാലിന് കേരളീയ മാധ്യമങ്ങള്‍ ഒരു രക്തസാക്ഷി പരിവേഷം നല്‍കിയിരിക്കുന്നു. വീണത് വിദ്യയാക്കുന്നതിലാണല്ലോ ഒരു നടന്റെ കഴിവ്. ആ കാര്യത്തില്‍ മോഹന്‍ലാല്‍ ഒട്ടും മോശമല്ല. വേദിയിലെ പരിപാടി “കൊള”മായെങ്കിലെന്ത് അതിനുശേഷമുള്ള അദ്ദേഹത്തിന്റെ അഭിനയത്തിനാണ് ഓസ്‌കാര്‍ നല്‍കേണ്ടത്. ദേശീയഗെയിംസ് ഉദ്ഘാടന വേദിയെ ധന്യമാക്കാന്‍ വകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്‍ കണ്ടെത്തിയ ഏറ്റവും ചെലവു കുറഞ്ഞ പരിപാടിയായിരുന്നത്രെ കേവലം 1,63,77,600 രൂപാ മാത്രം ചെലവുവരുന്ന ലാലിസം.! തുക കുറവായതിനാലാകാം പരിപാടിയുടെ നില വാരവും വെറും തറയായിപ്പോയതെന്നാണാരോപണം. ദേശീയഗെയിംസിന്റെ പ്രചാരണം എന്ന നിലയില്‍ നടത്തിയ കൂട്ടയോട്ടം പരിപാടിയുടെ ചെലവിലേക്ക് മനോരമ പത്രത്തിന്റെ അനുബന്ധസ്ഥാപനമായ കെ കെ ജംഗ്ഷന്‍ എന്ന ഇവന്റ്മാനേജ്‌മെന്റ് കമ്പനിക്കു കൈമാറിയ 10 കോടി രൂപയും പാഴായിപ്പോയി എന്ന ആരോപണം ശക്തമാണ്. കൂട്ടത്തില്‍ മറ്റൊരു ഒന്നരക്കോടി കൂടി പാഴായിപോയതില്‍ ആരും അത്ര വേദനിക്കേണ്ട കാര്യമൊന്നുമില്ല. പക്ഷേ വിവാദനായകന്‍ മോഹന്‍ലാല്‍ ആയതോടെ ചാനല്‍ ചര്‍ച്ചക്കാരുടെ ക്യാമറ തങ്ങളെ വിട്ട് ലാലിന്റെ പിന്നാലെ നീങ്ങിക്കൊള്ളുമെന്നായിരിക്കും സര്‍ക്കാര്‍ കണക്കുകൂട്ടിയത്. എന്തായാലും ലാലിസം പരിപാടി നേരിട്ട് കണ്ടവരും ദൃശ്യമാധ്യമങ്ങള്‍ വഴി കണ്ടവരും ഒരുപോലെ നിരാശരായി എന്നാണ് വാര്‍ത്ത. ഒരു സാധാരണ മോഹന്‍ലാല്‍ സിനിമയുടെ നിലവാരത്തിലേക്കു പോലും ഉയരാതെ പോയ ലാലിസം ഒരു ക്രിസ്മസ് പടക്കം പോലെ ചീറ്റിപ്പോയി. ഇതിന്റെ പേരില്‍ മോഹന്‍ലാലിനെ ആരും വേട്ടയാടരുതെന്ന മുന്നറിയിപ്പുമായി മമ്മൂട്ടിയും രംഗപ്രവേശം ചെയ്തു. സിനിമാ സാക്ഷരതയുടെ കാര്യത്തില്‍ പ്രൈമറിസ്‌കൂള്‍ തലം പോലും വിട്ടുയരാത്ത മലയാളത്തിലെ സിനിമാ പ്രേക്ഷകരെ മൊത്തം പങ്കിട്ടെടുത്തിരിക്കുകയാണല്ലോ ഈ രണ്ടു നടന്മാരും ചേര്‍ന്ന്. മോഹന്‍ലാല്‍ ഫാന്‍സും മമ്മൂട്ടി ഫാന്‍സും ചേര്‍ന്നുള്ള ഒരു വടം വലി മത്സരമല്ലേ ഇവിടുത്തെ തിയറ്ററുകള്‍ക്കു മുമ്പില്‍ നടക്കുന്നത്. ഈ രണ്ട് പൂച്ചകളുടെയും കഴുത്തില്‍ മണികെട്ടാന്‍ ഏത് എലികള്‍ക്കാണ് ധൈര്യം.!

Latest