Connect with us

Kozhikode

നിയമന വിവാദം: താമരശ്ശേരിയില്‍ സി പി എമ്മില്‍ വിഭാഗീയത രൂക്ഷം

Published

|

Last Updated

താമരശ്ശേരി: സഹകരണ ബേങ്കുകളിലെ നിയമനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അവഗണിക്കുന്നതുമായി ബന്ധപ്പെട്ട് താമരശ്ശേരിയില്‍ സി പി എമ്മില്‍ വിഭാഗീയത രൂക്ഷമാകുന്നു. എല്‍ ഡി എഫ് നിയന്ത്രണത്തിലുള്ള താമരശ്ശേരി സര്‍വീസ് സഹകരണ ബേങ്കിലെയും കോ ഓപറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെയും നിയമനങ്ങള്‍ക്കെതിരെയാണ് ഒരു വിഭാഗം ശക്തമായി രംഗത്തെത്തിയത്.
നേതൃത്വത്തോടുള്ള എതിര്‍പ്പിന്റെ ഭാഗമായി താമരശ്ശേരി ടൗണ്‍ ബ്രാഞ്ചിലെ 13 അംഗങ്ങളില്‍ 9 പേരും അംഗത്വം പുതുക്കിയില്ല. അംഗത്വം പുതുക്കാനായി കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ഇവര്‍ കടുത്ത നിലപാട് സ്വീകരിച്ചത്. താമരശ്ശേരി സര്‍വീസ് സഹകരണ ബേങ്കില്‍ ഒഴിവുള്ള അപ്രൈസര്‍ സ്ഥാനത്തേക്ക് നിയമിക്കണമെന്നാവശ്യപ്പെട്ട് ആഭരണ നിര്‍മാണ തൊഴിലാളി യൂനിയന്‍(സി ഐ ടി യു) ജില്ലാ കമ്മിറ്റി അംഗവും താമരശ്ശേരി ഏരിയ പ്രസിഡന്റുമായ ബ്രാഞ്ച് അംഗത്തെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് സി ഐ ടി യു നേതൃത്വം സി പി എം നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇയാളെ പരിഗണിക്കാതെ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന പാര്‍ട്ടി നേതാവിന്റെ മകളെ സ്ഥിരപ്പെടുത്തുന്നതിന്റെ ഭാഗമായി അപ്രൈസറായി നിയമിക്കാനുള്ള നീക്കമാണ് പാര്‍ട്ടി പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. നിയമന ഉത്തരവിനായി കോ ഓപറേറ്റീവ് ജോയിന്റ് രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കാന്‍ ബേങ്ക് ഭരണ സമിതി യോഗം തീരുമാനിച്ചിരുന്നു. ഇതിനെതിരെ വിവിധ പോഷക സംഘടനകള്‍ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. സഹകരണ നിയമപ്രകാരം പത്ര പരസ്യം നല്‍കി കൂടിക്കാഴ്ച നടത്തി അപ്രൈസറെ നിയമിക്കണമെന്നാണ് ചട്ടം.