Connect with us

Thrissur

ദുരിതപര്‍വ്വത്തിന് പുറമെ വണ്ടിച്ചെക്കിന്റെ ഭീഷണിയും

Published

|

Last Updated

മാള: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവാവിന്റെ കുടുംബത്തിന് ദുരിത പര്‍വ്വത്തോടൊപ്പം വണ്ടിച്ചെക്കിന്റെ ഭീഷണിയും. വലിയ പറമ്പില്‍ പഴയ ഐ ടി ഐക്ക് സമീപം താമസിക്കുന്ന പോട്ടക്കാരന്‍ ബാലന്റെ മകന്‍ രാജീവനും കുടുംബത്തിനുമാണ് കടുത്ത ദുരിതത്തിനു പുറമേ കോടതിയില്‍ നിന്നും അറസ്റ്റ് വാറന്റുമെത്തിയിരിക്കുന്നത്.
51 ശതമാനം വൈകല്യമുള്ള രാജീവന്റെ ഇളയമകനായ രണ്ടരവയസുകാരന്‍ രോഹന് ഗുരുതര രോഗവും മറ്റു ദുരിതങ്ങളും ഏറെയാണ്. വികലാംഗനായ രാജീവന് ഒരു വര്‍ഷത്തോളം മുമ്പ് റോഡപകടത്തില്‍ വൈകല്യമുള്ള കാലിന് ഗുരുതര പരിക്കേല്‍ക്കുകയുണ്ടായി. ചാലാക്ക മെഡിക്കല്‍ കോളജില്‍ മരുന്നു വാങ്ങാന്‍ പോകവേയാണ് പൂപ്പത്തിയില്‍ വെച്ച് അപകടമുണ്ടായത്. പഞ്ചായത്തില്‍ നിന്നും ലഭിച്ച വികലാംഗര്‍ക്കുള്ള വാഹനമായതിനാല്‍ ഇന്‍ഷുറന്‍സാനുകൂല്യങ്ങള്‍ ലഭിക്കാത്ത രാജീവന് ഓപ്പറേഷന്‍ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വീടുപണിക്കായി തൃശൂരിലെ ഒരു കുറി കമ്പനിയില്‍ നിന്ന് മൂന്നര വര്‍ഷത്തോളം മുമ്പ് കുറി വിളിച്ച് പണം കൈപ്പറ്റിയിരുന്നു. നാലു ലക്ഷത്തിന്റെ കുറി 2.19 ലക്ഷത്തിനാണ് വിളിച്ചത്. തൃശൂര്‍ എ എഫ് സി കുറി കമ്പനിയില്‍ നിന്നെടുത്ത കുറി സംഖ്യയില്‍ രണ്ട് ലക്ഷത്തിലധികം രൂപ മുടക്കം കൂടാതെ അടച്ചിരുന്നു.
ഇതിനിടയിലാണ് രണ്ടാമത്തെ മകന്റെ ജനനവും തുടര്‍ന്ന് ദുരിതമേറിയതും. കുട്ടി ജനിച്ച് അഞ്ചു മാസം പിന്നിട്ടപ്പോള്‍ തുടങ്ങിയ ചികില്‍സ ഇപ്പോഴും തുടരുകയാണ്. തലച്ചോര്‍ സംബന്ധമായ അസുഖം കൂടിയതിനാല്‍ ബാംഗ്ലൂര്‍ നിംഹാന്‍സ് ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു.
ഈ മാസം ചെക്കപ്പിനായി നിംഹാന്‍സില്‍ എത്തണമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. കുട്ടിയെ മാസത്തില്‍ 4-5 തവണ ആശുപത്രിയില്‍ കൊണ്ടു പോവേണ്ടതുണ്ട്. നാട്ടുകാരില്‍ നിന്നും മറ്റും ലഭിച്ച പണമാണ് ചികില്‍സക്കായി വിനിയോഗിച്ചത്. പലരോടും പണം കടം വാങ്ങിയിട്ടുമുണ്ട്. ഇതിനിടയിലാണ് കുറിസംഖ്യ അടക്കല്‍ മുടങ്ങിയത്. പറവൂര്‍ സ്വദേശിയായ ഭാര്യ സംഗീതയുടെ പേരിലുള്ള ചെക്ക് കുറികമ്പനിയില്‍ നല്‍കിയിരുന്നു.തൃശൂര്‍ കോടതിയില്‍ വണ്ടി ചെക്കാക്കി ഈ ചെക്ക് ഹാരജാക്കി കേസ് കൊടുത്തതിന്റെ ഫലമായി പറവൂര്‍ കോടതി മുഖാന്തിരം സംഗീതക്ക് അറസ്റ്റ് വാറന്റ് എത്തിയിട്ടുണ്ട്. ഈ മാസം അഞ്ചിന് കോടതിയില്‍ ഹാജരാകാനാണ് വാറന്റില്‍ പറയുന്നത്.
ഒരു വര്‍ഷം മുമ്പുണ്ടായ അപകടത്തില്‍ സംഗീതയുടെ നെഞ്ചിന് ഗുരുതര പരിക്കും പറ്റിയിരുന്നു. ഇവര്‍ കൂലിപ്പണിയെടുത്താണ് രോഹിത് എന്ന മൂത്ത മകനും അടങ്ങുന്ന കുടുംബം കഴിയുന്നത്. ചികില്‍സക്കും വീടുപണിക്കുമായി ഒമ്പതു ലക്ഷം രൂപയുടെ കടക്കെണിയിലാണ് കുടുംബം. അഞ്ച് വര്‍ഷം മുമ്പ് ബ്ലോക്കില്‍ നിന്ന് സ്ഥലം വാങ്ങുന്നതിനായി 45,000 രൂപയും വീടു പണിക്കായി ഒരു ലക്ഷവും ലഭിച്ചിരുന്നു.
സണ്‍ഷെയ്ഡ് വരെ പണിത വീടിന്റെ ബാക്കി പണിക്കായാണ് കുറി വിളിച്ചത്. ഈ രൂപ കൊണ്ട് വീടിന്റെ വാര്‍ക്ക മാത്രമാണ് പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്. ഈ ദുരിത കുടുംബത്തെ സഹായിക്കാന്‍ താല്‍പര്യമുള്ള സുമനസുകള്‍ക്ക് മാള എസ് ബി ഐയില്‍ രാജീവ് പി ബിയുടെ പേരിലുള്ള 20186996870 എന്ന അക്കൗണ്ടിലേക്ക് സഹായം എത്തിക്കാവുന്നതാണ്. ഐ എഫ് എസ് സി കോഡ്:എസ്ബിഐഎഎന്‍ 0013752.