Connect with us

Kasargod

അലിക്കുഞ്ഞി ഉസ്താദിന്റെ നേതൃപദവി 50 ആണ്ടിന്റെ കര്‍മസാഫല്യവുമായി

Published

|

Last Updated

സമസ്ത മുശാവറയില്‍ അമ്പതാണ്ട് പൂര്‍ത്തിയാക്കിയ ശൈഖുനാ എം അലിക്കുഞ്ഞി മുസ്‌ലിയാരെ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആദരിക്കുന്നു

കാസര്‍കോട്: ശൈഖുനാ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്നത് സമസ്ത മുശാവറയില്‍ 50 ആണ്ട് പൂര്‍ത്തിയാക്കിയ വേളയില്‍. താജുല്‍ ഉലമക്കും നൂറുല്‍ ഉലമക്കും ശേഷം ഉത്തര കേരളത്തില്‍നിന്നും പ്രസ്ഥാനത്തെ നയിക്കാന്‍ നിയോഗമുണ്ടായിരിക്കുന്നത് വിനയത്തിന്റെ ആള്‍രൂപമായ അലിക്കുഞ്ഞി ഉസ്താദിന്.
1965 ല്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായി തിരഞ്ഞെടുക്കുമ്പോള്‍ ഉസ്താദിന് പ്രായം മുപ്പത് കടന്നതേയുണ്ടായിരുന്നുള്ളൂ. ഉന്നത പണ്ഡിതരുമായി അടുത്തബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞ ഉസ്താദ് കേരള-കര്‍ണാടക പ്രദേശങ്ങളില്‍ മഹല്ലുകളില്‍ ആത്മീയ ചൈതന്യം ഉണ്ടാക്കുന്നതില്‍ മുമ്പില്‍നിന്നു.
1935 മാര്‍ച്ച് നാലിന് ഷിറിയയിലെ പൗരപ്രമുഖനായ അബ്ദുര്‍റഹ്മാന്‍ ഹാജിയുടെയും മറിയുമ്മയുടെയും മകനായി ജനിച്ച അദ്ദേഹം ചെറുപ്പത്തിലേ മതരംഗത്ത് അവഗാഹം നേടി. ദീര്‍ഘകാലത്തെ ഉസ്താദ് കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരാണ്.
ദര്‍സ് പഠനശേഷം ദയൂബന്തില്‍നിന്നും ഉപരിപഠനം പൂര്‍ത്തിയാക്കി കുമ്പോലില്‍ മുദര്‍രീസായി ദര്‍സ് തുടങ്ങിയ ഉസ്താദ് ജില്ലയിലെ പ്രധാന സ്ഥലങ്ങളില്‍ മുദര്‍രീസായി സേവനം ചെയ്തു. ഷിറിയ ലത്വീഫിയ്യയുടെ ശില്‍പി കൂടിയായ അദ്ദേഹം ഇപ്പോള്‍ അതിന്റെ പ്രസിഡന്റും പ്രിന്‍സിപ്പലുമാണ്.
ദര്‍സ് രംഗത്ത് അമ്പതാണ്ട് പൂര്‍ത്തിയാക്കിയ അദ്ദേഹത്തെ വര്‍ഷങ്ങള്‍ക്കുമുമ്പ് പെയ്യത്ത്ബയലില്‍ ആദരിച്ചിരുന്നു.
മുശാവറയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ശൈഖുനാ അലിക്കുഞ്ഞി ഉസ്താദിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മലപ്പുറത്ത് ആദരവ് സമര്‍പ്പിച്ചിരുന്നു.
താജുല്‍ ഉലമയുടെയും നൂറുല്‍ ഉലമയുടെയും വിയോഗത്തിലൂടെ ഉത്തര മലബാറിന് നഷ്ടമായ പണ്ഡിത നേതൃത്വം ശൈഖുനാ അലിക്കുഞ്ഞി ഉസ്താദിന്റെ സമസ്ത ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള കടന്നുവരവോടെ ഒരു പരിധിവരെ നികത്താനാവുമെന്ന പ്രതീക്ഷയിലാണ് പണ്ഡിത ലോകം.

 

Latest