ബൗളിംഗ് റാങ്കിംഗ്: മുഹമ്മദ് ഷമി 14 സ്ഥാനം മെച്ചപ്പെടുത്തി

Posted on: March 3, 2015 5:56 am | Last updated: March 2, 2015 at 11:58 pm
SHARE

Shamiബ്രിസ്ബന്‍: ഐ സി സി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും വിരാട് കോഹ്‌ലിയും താഴേക്ക്. അതേ സമയം, ദക്ഷിണാഫ്രിക്കക്കെതിരെ തകര്‍പ്പന്‍ സെഞ്ച്വറിയോടെ മാന്‍ ഓഫ് ദ മാച്ചായ ഓപണര്‍ ശിഖര്‍ ധവാന്‍ ഏഴാം സ്ഥാനം നിലനിര്‍ത്തി. ഒരു സ്ഥാനം ഇറങ്ങിയ കോഹ്‌ലി നാലാം സ്ഥാനത്തും രണ്ട് സ്ഥാനം നഷ്ടമായ ധോണി പത്താം സ്ഥാനത്തുമാണ്.
രോഹിത് ശര്‍മയും സുരേഷ് റെയ്‌നയുമാണ് ടോപ് 20ല്‍ ഇടം നേടിയ മറ്റ് ഇന്ത്യക്കാര്‍. മൂന്നാം സ്ഥാനം നഷ്ടമായ രോഹിത് പതിനാറാമതും നാല് സ്ഥാനം മെച്ചപ്പെടുത്തിയ റെയ്‌ന ഇരുപതാമതുമാണ്.
ലോകകപ്പില്‍ തുടരെ രണ്ട് സെഞ്ച്വറികള്‍ നേടിയ ശ്രീലങ്കയുടെ കുമാര സങ്കക്കാര രണ്ട് സ്ഥാനം കയറി ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലക്കൊപ്പം രണ്ടാം റാങ്ക് പങ്കിടുന്നു. ഒന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ എ ബി ഡിവില്ലേഴ്‌സാണ്. ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരെ അതിവേഗ 150 സ്‌കോര്‍ ചെയ്ത് റെക്കോര്‍ഡിട്ടിരുന്നു ഡിവില്ലേഴ്‌സ്.
ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ ആരും തന്നെ ആദ്യ പത്തില്‍ ഇല്ല. അതേ സമയം പതിനാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പേസര്‍ മുഹമ്മദ് ഷമി പതിനൊന്നാം റാങ്കിലുണ്ട്. പാക്കിസ്ഥാനെതിരെ ലോകകപ്പിലെ ആദ്യ കളിയില്‍ പുറത്തെടുത്ത മികവാണ് ഷമിയെ തുണച്ചത്.
ബൗളിംഗ് ആക്ഷനെ ചൊല്ലി ലോകകപ്പ് കളിക്കാത്ത പാക്കിസ്ഥാന്‍ സ്പിന്നര്‍ സഈദ് അജ്മലാണ് ഇപ്പോഴും ഒന്നാം റാങ്കില്‍.
ആള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഏഴാം സ്ഥാനത്ത്. ശ്രീലങ്കയുടെ തിലകരത്‌നെ ദില്‍ഷനാണ് ഒന്നാം സ്ഥാനത്ത്. ലോകകപ്പില്‍ 229 റണ്‍സും മൂന്ന് വിക്കറ്റുമാണ് ദില്‍ഷന്റെ ഇതുവരെയുള്ള പ്രകടനം.