Connect with us

Ongoing News

അയര്‍ലാന്‍ഡിനെ മെരുക്കാന്‍ ആഫ്രിക്ക

Published

|

Last Updated

കാന്‍ബെറ: ലോകകപ്പിലെ ഐറിഷ് വിപ്ലവം ദക്ഷിണാഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ചോരുമോ? ഇന്ന് പൂള്‍ ബിയില്‍ ഇവര്‍ തമ്മില്‍ നേര്‍ക്കുനേര്‍. കളിച്ച രണ്ട് കളിയിലും ജയിച്ച് നില്‍ക്കുകയാണ് അയര്‍ലാന്‍ഡ്. ദക്ഷിണാഫ്രിക്ക മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ട് ജയവുമായി നില്‍ക്കുന്നു. വെസ്റ്റിന്‍ഡീസ്, യു എ ഇ ടീമുകളെയാണ് അയര്‍ലാന്‍ഡ് തോല്‍പ്പിച്ചത്. ടൂര്‍ണമെന്റില്‍ അവര്‍ ആദ്യമായി പരീക്ഷിക്കപ്പെടുക ഇന്നായിരിക്കും. വിന്‍ഡീസിനെതിരെ നാനൂറിന് മുകളില്‍ സ്‌കോര്‍ ചെയ്ത് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ലൈനപ്പ് ഉഗ്രന്‍ ഫോമിലേക്കുയര്‍ന്നിരിക്കുകയാണ്. ക്യാപ്റ്റന്‍ എ ബി ഡിവില്ലേഴ്‌സ് ഏകദിന ബാറ്റിംഗില്‍ ഇതിഹാസമായി നില്‍ക്കുകയാണ്. അതിവേഗത്തില്‍ അര്‍ധസെഞ്ച്വറിയും സെഞ്ച്വറിയും നേടി റെക്കോര്‍ഡിട്ട ഡിവില്ലേഴ്‌സ് കഴിഞ്ഞ ദിവസം വിന്‍ഡീസിനെതിരെ അതിവേഗ 150യും തന്റെ പേരില്‍ കുറിച്ചു. ഇന്ത്യയോടേറ്റ പരാജയത്തില്‍ നിന്നും ഉഗ്രരൂപം പൂണ്ടാണ് ഡിവില്ലേഴ്‌സിന്റെയും സംഘത്തിന്റെയും തിരിച്ചുവരവ്.
പൂള്‍ ബിയില്‍ നിന്ന് ആദ്യം ക്വാര്‍ട്ടര്‍ ഉറപ്പിക്കുന്ന ടീമായത് ഇന്ത്യയാണ്. ന്യൂസിലാന്‍ഡിനൊപ്പം ഇന്ത്യയും അപരാജിതരായാണ് ക്വാര്‍ട്ടറിലെത്തിയത്. അയര്‍ലാന്‍ഡിന്റെയും ലക്ഷ്യം മറ്റൊന്നല്ല. രണ്ടാമത്തെ അട്ടിമറിയിലൂടെ തോല്‍വിയറിയാതെ ക്വാര്‍ട്ടര്‍ ബെര്‍ത് സ്വന്തമാക്കുക. എന്നാല്‍, അതത്ര എളുപ്പമല്ല. ലോകകപ്പിലെ ദൗര്‍ഭാഗ്യം മാറ്റിയെടുക്കാന്‍ പ്രയത്‌നിക്കുകയാണ് ദക്ഷിണാഫ്രിക്ക.
പേസ് ബൗളര്‍ ഡെയില്‍ സ്റ്റെയിന്റെ ഫോമാണ് ദക്ഷിണാഫ്രിക്കയെ അസ്വസ്ഥമാക്കുന്നത്. മാച്ച് വിന്നിംഗ് പവറുള്ള ബൗളറാണ് സ്റ്റെയിന്‍. എന്നാല്‍, ലോകകപ്പില്‍ ഒരു വിക്കറ്റ് മാത്രമാണ് സ്റ്റെയിനിന്റെ എക്കൗണ്ടില്‍. ഇന്ന് നൂറാം ഏകദിനത്തിനിറങ്ങുന്ന സ്റ്റെയിന്റെ മികച്ച ഫോമിലേക്കുയരുമെന്ന പ്രതീക്ഷയിലാണ് സഹതാരങ്ങള്‍. ഒരു ദശാബ്ദമായി ക്രിക്കറ്റിലെ മുന്‍നിര ബൗളറാണ് സ്റ്റെയിന്‍. ടെസ്റ്റ് ബൗളിംഗിലെ ഒന്നാം റാങ്കുകാരന്‍. ഏകദിനത്തിലും ടി20യിലും ബാറ്റ്‌സ്മാന്‍മാരുടെ പേടിസ്വപ്‌നം. സ്റ്റെയിന്‍ മുഴുവന്‍ ഫിറ്റ്‌നെസും വീണ്ടെടുത്ത് പന്തെറിഞ്ഞാല്‍ നേരിടുക ബുദ്ധിമുട്ടാകും – ദക്ഷിണാഫ്രിക്കന്‍ താരം ബെഹര്‍ദീന്‍ പറയുന്നു.
പേസര്‍ വെര്‍നോന്‍ ഫിലാണ്ടറും ബാറ്റ്‌സ്മാന്‍ ഡുമിനിയും പരുക്ക് കാരണം കളിക്കില്ല. ഡുമിനിക്ക് പകരം റിലി റോസോവും ഫിലാണ്ടറിന് പകരം കൈല്‍ അബോട്ടും ആദ്യ ഇലവനില്‍ സ്ഥാനം നിലനിര്‍ത്തും. ഇരുവരും വിന്‍ഡീസിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
വെസ്റ്റിന്‍ഡീസിനെ മറിച്ചട്ടി അയര്‍ലാന്‍ഡ് ബാറ്റിംഗ് ലൈനപ്പ് നിലനിര്‍ത്തും. അതേ സമയം, സ്ലോ ബൗളര്‍ ആന്‍ഡി മക്ബ്രീനിന് പകരം ഫാസ്റ്റ്ബൗളര്‍ അലക്‌സ് കുസാക് ടീമിലിടം പിടിക്കും. കാന്‍ബെറയിലെ പിച്ചില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരെ തളയ്ക്കാന്‍ പേസര്‍മാരെയാണ് ഐറിഷ് പ്രധാനമായും ആശ്രയിക്കുന്നത്. ഒരാഴ്ച മുമ്പ് ക്രിസ് ഗെയില്‍ ലോകകപ്പിലെ ആദ്യ ഡബിള്‍സെഞ്ച്വറി തികച്ച പിച്ചാണിത്. അതിവേഗ ഔട്ട്ഫീല്‍ഡാണിവിടത്തേത്. മികച്ച സ്‌കോറിംഗ് പ്രതീക്ഷിക്കാം.

സാധ്യതാ ലൈനപ്പ്:
ദക്ഷിണാഫ്രിക്ക : ഹാഷിം അംല, ക്വുന്റന്‍ ഡി കോക് (വിക്കറ്റ് കീപ്പര്‍), ഫാഫ് ഡു പ്ലെസിസ്, റിലി റുസോവ്, എ ബി ഡിവില്ലേഴ്‌സ് (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, ഫര്‍ഹാന്‍ ബെഹര്‍ദീന്‍/വെയിന്‍ പാര്‍നെല്‍, കൈല്‍ അബോട്, ഡെയില്‍ സ്റ്റെയിന്‍, മോര്‍നി മോര്‍ക്കല്‍, ഇമ്രാന്‍ താഹിര്‍.

അയര്‍ലാന്‍ഡ്: വില്യംസ് പോര്‍ടര്‍ഫീല്‍ഡ് (ക്യാപ്റ്റന്‍), പോള്‍ സ്റ്റിര്‍ലിംഗ്, എഡ് ജോയ്‌സ്, നിയാല്‍ ഒബ്രീന്‍, ആന്‍ഡി ബാല്‍ബിര്‍നി, ഗാരി വില്‍സണ്‍ (വിക്കറ്റ് കീപ്പര്‍), കെവിന്‍ ഒബ്രിയന്‍, ജോണ്‍ മൂണി, അലക്‌സ് കുസാക്, മാക്‌സ് സോറെന്‍സന്‍, ജോര്‍ജ് ഡോക്‌റെല്‍.

Latest