ഉക്രൈന്‍ പ്രതിസന്ധി: കെറിയും ലാവ്‌റോവും ജനീവയില്‍ കൂടിക്കാഴ്ച നടത്തി

Posted on: March 3, 2015 5:36 am | Last updated: March 2, 2015 at 11:37 pm
SHARE

മോസ്‌കോ : ഉക്രൈനിലെ പോരാട്ടം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ജനീവയില്‍വെച്ച് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി ചര്‍ച്ച നടത്തി. ഒരു വര്‍ഷത്തിന് താഴെയുള്ള കാലയളവില്‍ ഇവിടെ 6,000 ത്തിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യു എന്‍ കണക്ക്. ഉക്രൈന്‍ സംഘര്‍ഷത്തിന് പിന്നില്‍ റഷ്യക്ക് പങ്കുണ്ടെന്ന് കെറി കുറ്റപ്പെടുത്തിയതിന് ഒരാഴ്ചക്കുള്ളിലാണ് കെറി ജനീവയില്‍വെച്ച് ലാവ്‌റോവുമായി ചര്‍ച്ച നടത്തിയത്.
ഫെബ്രുവരി 15ന് ഒപ്പ് വെച്ച സമാധാന കരാറിനെത്തുടര്‍ന്നുണ്ടായ പ്രകടമായ പുരോഗതിയെ സ്വാഗതം ചെയ്യുന്നതായി ചര്‍ച്ചകള്‍ക്ക് ശേഷം ലാവ്‌റോവ് പറഞ്ഞു. വന്‍ ആയുധങ്ങള്‍ പിന്‍വലിച്ചതോടെ വെടിനിര്‍ത്തല്‍ കരാര്‍ ദൃഢമായതായും അദ്ദേഹം പറഞ്ഞു. അസ്ഥിരമായ കരാറെങ്കിലും ഉക്രൈനിലെ യുദ്ധമുന്നണിയിലെങ്കിലും പോരാട്ടം അവസാനിച്ചത് പ്രതീക്ഷയേകുന്നുണ്ട്. ഫോട്ടാഗ്രാഫര്‍ സെര്‍ജി നോക്കോലയേവ് മോര്‍ട്ടാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതും എട്ട് സൈനികര്‍ക്ക് വിമതരില്‍നിന്ന് വെടിയേറ്റതും ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ നടന്നതായി ഉക്രൈന്‍ സുരക്ഷാ വക്താവ് ആന്‍ഡ്രി ലെസന്‍കോ പറഞ്ഞു. അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉക്രൈന്‍ സൈനികര്‍ കൊല്ലപ്പെടാത്തത് കൂടുതല്‍ ആത്മവിശ്വാസം പകരുന്നതായി ഉക്രൈന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുദ്ധ മുന്നണിയില്‍നിന്നും ഇരു വിഭാഗങ്ങളും വന്‍ ആയുധങ്ങള്‍ പിന്‍വലിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഇത് പൂര്‍ണ അര്‍ഥത്തില്‍ സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് യൂറോപ്പിലെ സുരക്ഷാ സഹകരണ സംഘടയിലെ നിരീക്ഷകരുടെ നിലപാട്.
അതേ സമയം 80 മിനുട്ട് നീണ്ടുനിന്ന കെറി-ലാവ്‌റോവ് ചര്‍ച്ച സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. വെടിനിര്‍ത്തല്‍ കരാര്‍ റഷ്യ കര്‍ക്കശമായി പാലിച്ചില്ലെങ്കില്‍ അമേരിക്കയും യൂറോപ്യന്‍ യൂനിയനും കൂടുതല്‍ ഉപരോധമേര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പ് കെറി ലാവ്‌റോവിന് നല്‍കിയിരിക്കുമെന്നാണ് കരുതുന്നത്.