ഇസിലിന് പിറകില്‍ പാശ്ചാത്യന്‍ രാജ്യങ്ങളെന്ന് ഇറാന്‍

Posted on: March 3, 2015 5:25 am | Last updated: March 2, 2015 at 11:36 pm
SHARE

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലും ഭീകരവാദപ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന ഇസിലിന്റെ പിറകില്‍ പാശ്ചാത്യന്‍ രാജ്യങ്ങളാണെന്ന് ഇറാന്‍ തുറന്നടിച്ചു. ജനീവയില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ വെച്ചാണ് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ളരീഫ് പാശ്ചാത്യന്‍ രാജ്യങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്. വളരെ ക്ലിപ്തമായ കുറച്ചാളുകള്‍ സംഘങ്ങളായി ചേര്‍ന്ന് തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ഭീകരവാദപ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും ചെയ്യുന്നു. യൂറോപ്പിലും പ്രത്യേകിച്ച് ഇറാഖ്, സിറിയ തുടങ്ങിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലുമാണ് ഇവര്‍ അഴിഞ്ഞാടുന്നത്. പാശ്ചാത്യന്‍ ജനാധിപത്യത്തിന്റെ ഭാഗമായി വന്ന രണ്ടാം തലമുറയാണ് ഇവര്‍. നിരപരാധികളായ സാധാരണക്കാരുടെ തലയറുക്കുന്ന നടപടികള്‍ ഭയപ്പെടുത്തുന്നതാണ്. ഇവരുടെ സംസാര ഭാഷയും യൂറോപ്യന്‍കാരുടേതാണെന്നും വ്യക്തമായിട്ടുണ്ട്. യുവാക്കളെ അരികുവത്കരിക്കുകയും ഒറ്റപ്പെടുത്തുകയും വഴി സംഭവിക്കുന്ന പിഴവുകളും പാശ്ചാത്യന്‍ വിദ്യാഭ്യാസവും അവിടുത്തെ തെറ്റായ ജനാധിപത്യ സംവിധാനങ്ങളും ഉയര്‍ന്ന രീതിയില്‍ ഭീകരവാദത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യപ്പെടുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നു. ലോകത്ത് സമാധാനം കൊണ്ടുവരാനുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തനങ്ങള്‍ നല്ലതാണ്. എന്നാല്‍ ഐക്യരാഷ്ട്രസഭയും ചില പാശ്ചാത്യന്‍ രാജ്യങ്ങളും ചേര്‍ന്ന് അവരുടെ ചില താത്പര്യങ്ങള്‍ക്ക് വേണ്ടി ലോകത്ത് നടക്കുന്ന എല്ലാ വിഷയങ്ങളെയും രാഷ്ട്രീയവത്കരിക്കുകയാണ് ചെയ്യുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളാണ് ലോകത്ത് ഭീകരത വളര്‍ത്തുന്നത്. ഇസ്‌ലാമോഫോബിയ മുസ്‌ലിംകളെ അപമാനിക്കുന്നതാണ്. എല്ലാ തരത്തിലുള്ള തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ഒത്തൊരുമിച്ച് മുന്നേറ്റം നടത്തുന്നത് പോലെ ഇസ്‌ലാമോഫോബിയക്കെതിരെയും യോജിച്ച പോരാട്ടം നടത്തണമെന്നും ളരീഫ് ഓര്‍മിപ്പിച്ചു.
ഇന്നലെയാണ് ളരീഫ് ജനീവയിലെത്തിയത്. യു എസ് സെക്രട്ടറി ജോണ്‍ കെറിയുമായി ഇദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇറാന്‍ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട വിഷയമായിരിക്കും ഇരുവിഭാഗവും ചര്‍ച്ച നടത്തുക. ഇറാന്റെ ആണവോര്‍ജ ഏജന്‍സി തലവന്‍ അലി അക്ബര്‍ സ്വലാഹിയും ജനീവയിലെത്തിയിട്ടുണ്ട്.