Connect with us

Education

സര്‍വകലാശാലകള്‍ക്ക് ഏകീകൃത കലണ്ടര്‍

Published

|

Last Updated

>>ഏകീകൃത പാഠ്യപദ്ധതി നിര്‍ദേശം സമിതി തള്ളി പരീക്ഷാ സമ്പ്രദായം പരിഷ്‌കരിക്കുന്നത്
പഠിക്കാന്‍ സമിതി
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഏകീകൃത അക്കാദമിക് കലണ്ടര്‍ നടപ്പാക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിര്‍ദേശം. കൗണ്‍സില്‍ ശിപാര്‍ശ സര്‍ക്കാറിന് കൈമാറും. സര്‍വകലാശാലാ പ്രോ വൈസ് ചാന്‍സലര്‍മാര്‍ അംഗങ്ങളായ കൗണ്‍സില്‍ രൂപവത്കരിച്ച വിദഗ്ധ സമിതിയുടെ ശിപാര്‍ശ ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം അംഗീകരിക്കുകയായിരുന്നു. സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവിറക്കുന്നതോടെ ഏകീകൃത അക്കാദമിക് കലണ്ടര്‍ നിലവില്‍ വരും. 2015-16 അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥി പ്രവേശത്തിന് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് മുതല്‍ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് വരെയുള്ള സമയക്രമം നിശ്ചയിച്ചുള്ള കരട് അക്കാദമിക് കലണ്ടറിനാണ് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കിയത്.

ബിരുദ കോഴ്‌സുകളുടെ ഒന്നാം സെമസ്റ്ററിലേക്കുള്ള പ്രവേശത്തിന് ഏപ്രില്‍ നാലിന് വിജ്ഞാപനം പുറപ്പെടുവിക്കാനാണ് കരട് കലണ്ടര്‍ ശിപാര്‍ശ ചെനയ്യുന്നത്. മെയ് ഇരുപത് മുതല്‍ ജൂണ്‍ പത്ത് വരെ ഓണ്‍ലൈനായോ നേരിട്ടോ അപേക്ഷാ സമര്‍പ്പിക്കാം. ജൂണ്‍ 24 മുതല്‍ പ്രവേശം തുടങ്ങി ജൂണ്‍ മുപ്പതിന് ക്ലാസുകള്‍ ആരംഭിക്കണം. ആഗസ്റ്റ് 24നകം പ്രവേശനം അവസാനിപ്പിക്കണം. സെപ്തംബര്‍ പതിനേഴിന് പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിക്കണം. നവംബര്‍ പന്ത്രണ്ട് മുതല്‍ 25 വരെ പരീക്ഷകള്‍ നടത്തണം. ഫെബ്രുവരി 25ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കണം. നവംബര്‍ മുപ്പതിന് രണ്ടാം സെമസ്റ്റര്‍ ക്ലാസുകള്‍ തുടങ്ങണം. മാര്‍ച്ച് 31ന് രണ്ടാം സെമസ്റ്റര്‍ അവസാനിക്കും. ഫെബ്രുവരി 19ന് പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിക്കും. ഏപ്രില്‍ 19 മുതല്‍ മെയ് നാല് വരെ പരീക്ഷ നടക്കും. ആഗസ്റ്റ് നാലിന് ഫലം പ്രസിദ്ധീകരിക്കണം.
ഒന്നാം സെമസ്റ്റര്‍ പി ജി കോഴ്‌സുകള്‍ക്ക് മെയ് മുപ്പതിന് വിജ്ഞാപനമിറക്കുകയും ജൂണ്‍ 17 മുതല്‍ മുപ്പത് വരെ അപേക്ഷ സ്വീകരിക്കുകയും വേണം. ജൂലൈ പത്തിന് തുടങ്ങുന്ന പ്രവേശനം സെപ്തംബര്‍ പന്ത്രണ്ടിനകം അവസാനിപ്പിക്കണം. ജൂലൈ പതിമൂന്നിന് ക്ലാസുകള്‍ തുടങ്ങി ഡിസംബര്‍ പതിനഞ്ചിന് ഒന്നാം സെമസ്റ്റര്‍ അവസാനിപ്പിക്കണം. പൊതു അക്കാദമിക് കലണ്ടറിനായി സമിതി ശിപാര്‍ശ ചെയതെങ്കിലും ഏകീകൃത പാഠ്യപദ്ധതി, ബോര്‍ഡ് ഓഫ് സ്റ്റഡീസ് എന്നീ നിര്‍ദേശങ്ങളെ സമിതി എതിര്‍ത്തതായി കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസന്‍ പറഞ്ഞു.
സര്‍വകലാശാല പാഠ്യപദ്ധതികളിലെ വൈവിധ്യം നിലനില്‍ക്കേണ്ടതാണെന്ന് സമിതി അഭിപ്രായപ്പെട്ടു. എന്നാല്‍, പാഠ്യപദ്ധതി തയ്യാറാക്കാന്‍ പൊതുചട്ടക്കൂട് തയ്യാറാക്കാനുള്ള നിര്‍ദേശം സമിതി അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സര്‍വകലാശാലകളിലെ പരീക്ഷാ സമ്പ്രദായം പരിഷ്‌ക്കരിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. ആരോഗ്യ സര്‍വകലാശാലയില്‍ നടപ്പാക്കുന്നതും സാങ്കേതിക സര്‍വകലാശാല നടപ്പിലാക്കാന്‍ പദ്ധതി തയ്യാറാക്കിയതുമായ രീതിയില്‍ പരീക്ഷാസമ്പ്രദായം മാറ്റാനാണ് ആലോചന.
ക്യാമ്പസുകളില്‍ ലിംഗസമത്വം ഉറപ്പ് വരുത്തുന്നതിനായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗവും എം ജി സര്‍വകലാശാല പ്രോ വൈസ്ചാന്‍സലറുമായ ഡോ. ഷീന ഷുക്കൂര്‍ കണ്‍വീനറായി സമിതിയെ നിയോഗിച്ചു.
സ്ത്രീശാക്തീകരണം സംബന്ധിച്ച് കൗണ്‍സില്‍ നടത്തിയ ശില്‍പ്പശാല സമര്‍പ്പിച്ച പ്രകാരമാണ് സമിതിയെ നിയോഗിച്ചത്. ഗവേഷക വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ ക്യാമ്പസുകളില്‍ വിവിധ പീഡനങ്ങള്‍ക്ക് വിധേയരാകുന്നുവെന്ന് ശില്‍പ്പശാലയില്‍ അഭിപ്രായമുയര്‍ന്ന സാഹചര്യത്തിലാണ് സമിതിയെ നിയോഗിച്ചത്. കേന്ദ്ര സര്‍ക്കാറിന്റെ ഉന്നത വിദ്യാഭ്യാസ പദ്ധതിയായ രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷാ അഭിയാനിലേക്ക് (റുസ) 2015- 16 വര്‍ഷത്തെ പദ്ധതി സമര്‍പ്പിക്കാന്‍ കോളജുകളില്‍ നിന്നും സര്‍വകലാശാലകളില്‍ നിന്നും പദ്ധതി ക്ഷണിക്കും. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. എയ്ഡഡ് കോളജുകള്‍ക്കും പദ്ധതികള്‍ സമര്‍പ്പിക്കാം.

Latest