Connect with us

Eranakulam

വി എം സുധീരന് ഹൈക്കോടതിയുടെ വിമര്‍ശം

Published

|

Last Updated

കൊച്ചി: കെ പി സി സി പ്രസിഡന്റ് വി എം സുധീരനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ബാര്‍ ലൈസന്‍സിന് അനുമതി നല്‍കരുതെന്ന സര്‍ക്കുലര്‍ പുറപ്പെടുവിക്കുക വഴി കെ പി സി സി പ്രസിഡന്റ് ഭരണഘടനാ ബാഹ്യശക്തിയായി പ്രവര്‍ത്തിച്ചുവെന്ന് ജസ്റ്റിസുമാരായ ആന്റണി ഡൊമിനിക്, അലക്‌സാണ്ടര്‍ തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് കുറ്റപ്പെടുത്തി. ബാറുകള്‍ക്ക് എന്‍ ഒ സി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കെ പി സി സി സര്‍ക്കുലര്‍ നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ബാറുകള്‍ക്ക് എന്‍ ഒ സി നല്‍കുന്നതില്‍ നിന്ന് നഗരസഭകളെ കെ പി സി സി പ്രസിഡന്റ് അയച്ച സര്‍ക്കുലര്‍ വിലക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. നഗരസഭകളുടെ നിയമപരമായ അധികാരത്തിന്മേലുള്ള ഇടപെടലാണ് സര്‍ക്കുലറെന്നും ഭരണഘടനാതീതമായ ഇടപെടലാണെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രീയ മേലാളന്മാരുടെ ആജ്ഞാനുസരണമുള്ള ഇത്തരം നടപടികള്‍ അപലപനീയമാണെന്ന് സുപ്രീം കോടതി വിധിന്യായയങ്ങള്‍ ഉദ്ധരിച്ച് കോടതി നിരീക്ഷിച്ചു.
ബാര്‍ ലൈസന്‍സിന് എന്‍ ഒ സി അനുവദിക്കാത്തത് കെ പി സി സി പ്രസിഡന്റിന്റെ സര്‍ക്കുലര്‍ കാരണമാണെന്ന കൊച്ചിയിലെ ഹോട്ടല്‍ ക്രൗണ്‍ പ്ലാസ ഉടമകളുടെ ആരോപണത്തെ തുടര്‍ന്നാണ് സര്‍ക്കുലറിന്റെ നിജസ്ഥിതി അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

Latest