Connect with us

Kerala

സി പി ഐക്ക് സംസ്ഥാന മുഖ്യമന്ത്രി പദവി ലഭിക്കാന്‍ അര്‍ഹതയുണ്ട്: കാനം രാജേന്ദ്രന്‍

Published

|

Last Updated

കോട്ടയം: സി പി ഐക്ക് സംസ്ഥാന മുഖ്യമന്ത്രി പദവി ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാര്‍ട്ടിക്ക് ഇത്രയും ശക്തി ഇല്ലാതിരുന്ന കാലത്ത് പോലും മുഖ്യമന്ത്രി സ്ഥാനം ലഭിച്ചിട്ടുണ്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന വിവാദത്തില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സി പി ഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ ഡി എഫ് അടിത്തറ വിപുലപ്പെടുത്തുമ്പോള്‍ പാര്‍ട്ടികളല്ല നയങ്ങളാവണം അടിസ്ഥാനമാക്കേണ്ടത്. ഇടതുമുന്നണിയുടെ അടിത്തറ ശക്തമാക്കേണ്ടത് ഏതെങ്കിലും പാര്‍ട്ടിയെ മുന്നണിയിലെടുത്തല്ല. ആര്‍ എസ് പി, സോഷ്യലിസ്റ്റ് ജനത തുടങ്ങിയ പാര്‍ട്ടികളെ എല്‍ ഡി എഫിലേക്ക് മടക്കിക്കൊണ്ടു വരണമെന്ന് സി പി ഐ വളരെ മുമ്പു തന്നെ ആവശ്യപ്പെട്ട കാര്യമാണ്. ജനങ്ങളുടെ ദൈനംദിന പ്രശ്‌നങ്ങളില്‍ ഇടപെട്ട് സമരോന്മുഖ പാര്‍ട്ടിയായി സി പി ഐയെ മാറ്റും. യു ഡി എഫ് സര്‍ക്കാറിന്റെ ദുര്‍ഭരണത്തിനെതിനെ ജനകീയ സമരങ്ങള്‍ സംഘടിപ്പിച്ച് മുന്നണിയും പാര്‍ട്ടിയും ശക്തമായി രംഗത്തുവരും.
ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കണമോയെന്ന കാര്യം ഈ മാസം ആറിന് ചേരുന്ന ഇടതുമുന്നണി യോഗം ചര്‍ച്ച ചെയ്ത് തീരുമാനം പ്രഖ്യാപിക്കും. ദേശീയ നേതാക്കള്‍ എത്താന്‍ വൈകിയതിനാലാണ് സംസ്ഥാന സെക്രട്ടറിയുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച നടപടി ക്രമങ്ങള്‍ വൈകിയത്. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളിലും കമ്മിറ്റികളിലും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവുക സ്വഭാവികമാണ്.
ഇതിനെ വിഭാഗീയതയെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതും ശരിയല്ല. തിരുവനന്തപുരം ലോകസഭാ തിരഞ്ഞെടുപ്പില്‍ പേമെറ്റ് സീറ്റ് സംബന്ധിച്ച് പാര്‍ട്ടിയിലുണ്ടായ തര്‍ക്കങ്ങളും ഭിന്നതകളും പരിഹരിക്കപ്പെട്ട വിഷയങ്ങളാണ്. വിവാദങ്ങളില്‍ ഉള്‍പ്പെട്ടവരുടെ പേരില്‍ പാര്‍ട്ടി നടപടി സ്വീകരിക്കുകയും ഇക്കാര്യം പാര്‍ട്ടി അംഗങ്ങളോടും ജനങ്ങളോടും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.
പാര്‍ട്ടി ദേശീയ നേതൃത്വം സെക്രട്ടറി സ്ഥാനത്തേക്ക് തന്റെ പേര് നിര്‍ദേശിക്കുകയും കെ ഇ ഇസ്മാഈല്‍ അടക്കമുള്ള നേതാക്കള്‍ പിന്താങ്ങുകയും ചെയ്തു. 89 അംഗ സംസ്ഥാന കൗണ്‍സിലിനെയും ഒമ്പതംഗ കണ്‍ട്രോള്‍ കമ്മീഷനെയും ഏകകണ്ഠമായി തിരഞ്ഞെടുത്തതായും കാനം രാജേന്ദ്രന്‍ പറഞ്ഞു.