മധുവിധുവിനിടെ തമ്മില്‍ പോര്‌

Posted on: March 3, 2015 5:52 am | Last updated: March 2, 2015 at 10:53 pm
SHARE

AAPന്യൂഡല്‍ഹി: എ എ പിയിലെ ആഭ്യന്തര കലഹം ഇപ്പോള്‍ പരസ്യമായിരിക്കുകയാണ്. പാര്‍ട്ടിയുടെ രണ്ട് സ്ഥാപക നേതാക്കള്‍ തമ്മിലാണ് പോര് എന്നതിനാല്‍ ഇതിന്റെ വ്യാപ്തി വളരെ വലുതാണ്. ഡല്‍ഹിയില്‍ നേടിയതിന്റെ വിജയമധുരം നാവിന്‍ തുമ്പത്ത് നിന്ന് പോകുന്നതിന് മുമ്പ് പാര്‍ട്ടിയില്‍ കലഹം തുടങ്ങിയിരിക്കുന്നുവെന്നത് ആശങ്കപ്പെടുത്തുന്നതാണ്.
പാര്‍ട്ടിയിലെ രണ്ടാമനായ പ്രശാന്ത് ഭൂഷണും പ്രമുഖ നേതാവായ യോഗേന്ദ്ര യാദവും പാര്‍ട്ടിയിലെ അസ്വാരസ്യങ്ങള്‍ പരസ്യമാക്കി ട്വീറ്റ് ചെയ്യുകയായിരുന്നു. ഇരുവരും പാര്‍ട്ടിയിലെ ഇടതുപക്ഷ ചിന്താഗതിക്കാരായാണ് അറിയപ്പെടുന്നത്. പ്രശാന്തിന്റെ പിതാവും പാര്‍ട്ടിയുടെ ഉപദേശകാംഗവുമായ ശാന്തി ഭൂഷണ്‍ നേരത്തെ തന്നെ കെജ്‌രിവാളിനെതിരായി രംഗത്തുവന്നിരുന്നു. പാര്‍ട്ടിയെ അഖിലേന്ത്യാ തലത്തില്‍ വളര്‍ത്തുന്നതിന് പകരം ഡല്‍ഹിയിലെ ഭരണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന പക്ഷമാണ് കെജ്‌രിവാളിന് ഇപ്പോഴുള്ളത്. എന്നാല്‍ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും മറുപക്ഷക്കാരാണ്. എന്നാല്‍, ഉള്‍പ്പിരിവുകള്‍ വെറും പ്രത്യയശാസ്ത്ര അതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങുന്നതല്ല. ചില നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്നും ചില എം എല്‍ എമാര്‍ക്കെതിരെ നടപടി വേണമെന്നും പ്രശാന്ത് ആഗ്രഹിക്കുന്നു. എന്നാല്‍ ഇതിന് കെജ്‌രിവാള്‍ എതിര് നില്‍ക്കുന്നു. ശുദ്ധീകരണമല്ല മറിച്ച് നിലനില്‍പ്പാണ് ഇപ്പോള്‍ ശ്രദ്ധിക്കേണ്ടതെന്ന നിലാപടാണ് കെജ്‌രിവാളിന്റെത്. ഇത് പാര്‍ട്ടിയുടെ അടിസ്ഥാന ശിലകള്‍ക്ക് എതിരാണെന്ന് ഭൂഷണ്‍ വിശ്വസിക്കുന്നു.
അധികാരത്തിലെത്തി വെറും മൂന്ന് ആഴ്ച പിന്നിടുമ്പോള്‍, പ്രത്യയശാസ്ത്ര സംഘട്ടനം, ദുരഭിമാനം, ദുരാഗ്രഹം, പരമോന്നത നേതാവ് എന്നിവയുണ്ടെന്ന് ഒരു രാഷ്ട്രീയപാര്‍ട്ടി കൂടി തെളിയിച്ചിരിക്കുന്നുവെന്ന് മുന്‍കാല മാധ്യമപ്രവര്‍ത്തകന്‍ ശേഖര്‍ ഗുപ്തയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പറയുന്നു. ഇപ്പോള്‍ ഉടലെടുത്ത പ്രതിസന്ധിക്ക് തന്ത്രപരവും യുക്തിഭദ്രവുമായ പരിഹാരമുണ്ടാക്കാന്‍ കെജ്‌രിവാളിന് സാധിച്ചില്ലെങ്കില്‍ അത് അധികാര നഷ്ടം എന്നതിനപ്പുറം ഇനിയൊരു ഉദയത്തിന് ഇടയില്ലാത്ത വിധം എ എ പിയുടെ അസ്തമയത്തിനായിരിക്കം ഇടയാക്കുക.