Connect with us

National

കല്‍ക്കരി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു; ബി ജെ ഡിക്ക് പ്രതിഷേധം

Published

|

Last Updated

ന്യൂഡല്‍ഹി: ബി ജെ ഡിയുടെ ശക്തമായ പ്രതിഷേധത്തിനിടെ കല്‍ക്കരി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. കല്‍ക്കരിപാടങ്ങള്‍ അനുവദിച്ചത് സുപ്രീം കോടതി റദ്ദാക്കിയതിനാല്‍ മേഖലയില്‍ ഉടലെടുത്ത അനിശ്ചിതാവസ്ഥ അവസാനിപ്പിക്കാനുള്ള ഓര്‍ഡിനന്‍സിന് പകരമാണ് ബില്‍. കല്‍ക്കരി മന്ത്രി പിയൂഷ് ഗോയലാണ് ദി കോള്‍ മൈന്‍സ് (സ്‌പെഷ്യല്‍ പ്രൊവിഷന്‍സ്) ബില്‍, 2015 അവതരിപ്പിച്ചത്.
കേന്ദ്രം ഏകപക്ഷീയമായി ചില തീരുമാനങ്ങള്‍ കൈക്കൊണ്ടതായി ബി ജെ ഡി നേതാവ് ഭര്‍തൃഹരി മഹ്താബ് പറഞ്ഞു. നിയന്ത്രിക്കപ്പെട്ടത്, നിയന്ത്രിക്കപ്പെടാത്തത് എന്നിങ്ങനെ ഖനികളെ വര്‍ഗീകരിക്കുന്നതില്‍ ഒഡീഷയെ കേന്ദ്രം വിശ്വാസത്തിലെടുത്തില്ല. മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പ്രധാനമന്ത്രിക്ക് എഴുതിയ കത്തും അവഗണിച്ചു. എന്നാല്‍ കല്‍ക്കരി ഖനികള്‍ ലേലം ചെയ്യുന്നതില്‍ ബി ജെ ഡി എതിരല്ല. ഇക്കാര്യത്തില്‍ തുടര്‍ച്ചയായി ഓര്‍ഡിനന്‍സ് ഇറക്കുന്നത് നിയമസഭയെ റബ്ബര്‍ സ്റ്റാമ്പാക്കുന്നതിന് തുല്യമാണ്. തന്റെ നിലപാട് ന്യായീകരിക്കാന്‍ ആദ്യ ലോക്‌സഭാ സ്പീക്കര്‍ ജി വി മാവലാങ്കറിന്റെ അഭിപ്രായം സുപ്രീം കോടതി ഉത്തരവില്‍ പ്രതിപാദിച്ചത് മഹ്താബ് ഉദ്ധരിച്ചു. കഴിഞ്ഞ ഒക്‌ടോബര്‍ 21ന് ആദ്യ ഓര്‍ഡിനന്‍സും ഡിസംബറില്‍ രണ്ടാം ഓര്‍ഡിനന്‍സും ഇറക്കിയിരുന്നു.
കല്‍ക്കരിപാടവും മറ്റും ലേലം ചെയ്യുന്നതിനെ അനുവദിക്കുന്നതാണ് ബില്‍. പ്രധാന മേഖലകളിലെ കല്‍ക്കരിക്ഷാമം പരിഹരിക്കാനും ഊര്‍ജ സംരക്ഷണം ഉറപ്പുവരുത്താനുമാണിത്. ഉരുക്ക്, സിമന്റ്, ഊര്‍ജം എന്നിവയുടെ ഉത്പാദനത്തിന് കല്‍ക്കരി അത്യന്താപേക്ഷിതമാണ്. ഓര്‍ഡിനന്‍സ് പ്രകാരം കല്‍ക്കരി പാടം ലേലം ചെയ്യുകയാണ്. ആദ്യം വരുന്നവര്‍ക്ക് ആദ്യമെന്ന നിലപാട് നിരവധി അഴിമതികള്‍ക്ക് കാരണമാകുന്നു എന്നതിലാണ്. സുതാര്യ വര്‍ധിപ്പിക്കാന്‍ ഇ-ലേലവും ബില്‍ അനുശാസിക്കുന്നുണ്ട്. ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ ബില്ലാണിത്. കഴിഞ്ഞയാഴ്ച, ഭൂമിയേറ്റെടുക്കല്‍ ബില്‍ അവതരിപ്പിച്ചിരുന്നു.

Latest