Connect with us

Articles

തൊഴിലാളി സംഘടനാ രംഗത്തെ അനുഭവസമ്പത്തുമായി കാനം രാജേന്ദ്രന്‍

Published

|

Last Updated

മുഖം നോക്കാതെ അഭിപ്രായം പറയാനുള്ള ചങ്കുറപ്പ്, തൊഴിലാളി സംഘടനാ രംഗത്തുള്ള ദീര്‍ഘനാളത്തെ അനുഭവസമ്പത്ത് തുടങ്ങിയ വിശേഷണങ്ങളാവണം കാനം രാജേന്ദ്രനെ ഏവര്‍ക്കും പ്രിയങ്കരനാക്കുക. ഒരുകാലത്ത് സി പി ഐ ഏറെ പ്രതീക്ഷ വച്ച യുവതുര്‍ക്കികളില്‍ ഒരാളായിരുന്നു കാനം. യുവജന പ്രവര്‍ത്തനങ്ങളില്‍ നിന്ന് നേരിട്ട് ട്രേഡ് യൂണിയന്‍ രംഗത്ത് വന്നയാള്‍ എന്ന പ്രത്യേകതയും പരിചയ സമ്പന്നതയും കാനത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു. ആഴമേറിയ വായനയും ഉയര്‍ന്ന നിരീക്ഷണവും എല്ലാ വിഭാഗം ജനങ്ങളുമായുള്ള ഇഴയടുപ്പമുള്ള പൊതുജീവിതവുമാണ് കൈമുതല്‍. വാക്കിനും പ്രവര്‍ത്തിക്കും കരുത്തും ഉറപ്പും നല്‍കുന്ന സമാനതകളില്ലാത്ത അനുഭവസമ്പത്ത്, മഹാരഥന്മാരായ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കൊപ്പമുള്ള പ്രവര്‍ത്തനപരിചയവും കാനം രാജേന്ദ്രന്റെ നേതൃഗുണങ്ങളില്‍ പ്രകടമാണ്. നിലവില്‍ എ ഐ ടി യു സി സംസ്ഥാന പ്രസിഡന്റായ കാനം സി പി ഐ സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് എത്തുമ്പോള്‍ വരും നാളുകളില്‍ അദ്ദേഹം ഉയര്‍ത്തുന്ന നിലപാടുകള്‍ സി പി എം അടക്കമുള്ള പാര്‍ട്ടികള്‍ ഏറെ ഗൗരവത്തോടെയാവും വീക്ഷിക്കുക. സി കെ ചന്ദ്രപ്പന്റെ നിര്യാണത്തില്‍ ഒഴിവുണ്ടായ സെക്രട്ടറി സ്ഥാനത്തേക്ക് അന്ന് പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ സ്വീകാര്യത കാനത്തിന്റെ പേരായിരുന്നു.
ഒടുവില്‍ ദേശീയ നേതൃത്വത്തിന്റെ ഇടപെടലുകളെ തുടര്‍ന്ന് പന്ന്യന്‍ രവീന്ദ്രന്‍ സെക്രട്ടറിയായി. എന്നാല്‍ ചരിത്രനിയോഗം വീണ്ടും സി പി ഐയുടെ സംസ്ഥാനത്തെ അമരക്കാരനാവാന്‍ കാനത്തെ ചുമതലയേല്‍പ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ഥി യുവജന പ്രവര്‍ത്തനങ്ങളിലൂടെ വേറിട്ടവഴിത്താര തെളിച്ച് സി പി ഐയില്‍ സജീവമായി.1970 ല്‍ എ ഐ വൈ എഫ് സെക്രട്ടറിയായി. 1970 ല്‍ സി പി ഐ സംസ്ഥാന കൗണ്‍സിലും പിന്നീട എന്‍ ഇ ബാലറാം സംസ്ഥാന സെക്രട്ടറിയായി ചുമതലയെടുത്തപ്പോള്‍ സംസ്ഥാന സെക്രട്ടറിയേറ്റിലും അംഗമായി. 25 വയസ്സായിരുന്നു അന്ന് പ്രായം. എം എന്‍ ഗോവിന്ദന്‍ നായര്‍, എന്‍ ഇ ബാലറാം, സി അച്യുത മേനോന്‍, ടി വി തോമസ് തുടങ്ങിയ മഹാരഥികള്‍ക്കൊപ്പമായിരുന്നു സെക്രട്ടറിയേറ്റിലെ പ്രവര്‍ത്തനം. വെളിയം ഭാര്‍ഗവന്‍, ആന്റണി തോമസ് എന്നിവര്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞപ്പോള്‍ ഇന്ന് ശേഷിയ്ക്കുന്ന അവസാന കണ്ണിയാണ് കാനം രാജേന്ദ്രന്‍. 1982, 87 വര്‍ഷങ്ങളില്‍ വാഴൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ക്ഷേമനിധി നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ഈ ബില്ല് നിയമസഭയില്‍ വോട്ടിനിട്ട് അവതരാണാനുമതി നേടി. കാനം രാജേന്ദ്രന്‍ അവതരിപ്പിച്ച ഈ സ്വകാര്യ ബില്ലിന്റെ ചുവടുപിടിച്ചാണ് കെട്ടിട നിര്‍മ്മാണ തൊഴിലാളി നിയമത്തിന് രൂപം കൊടുത്തത്. സംസ്ഥാന സര്‍ക്കാരിന്റെ അഷുറന്‍സ് കമ്മറ്റി ചെയര്‍മാനായി അദ്ദേഹം 1984 മുതല്‍ 87 വരെ പ്രവര്‍ത്തിച്ചു. കേരളാ സ്റ്റേറ്റ് ട്രേഡ് യൂണിയന്‍ കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയായി 1970 ല്‍ തിരഞ്ഞെടുക്കപ്പെട്ടു. പി ബാലചന്ദ്ര മേനോന്‍, കെ എ രാജന്‍,പി ഭാസ്‌കരന്‍,കല്ലാട്ട് കൃഷ്ണന്‍, ടി സി എസ് മേനോന്‍, കെ സി മാത്യു തുടങ്ങിയ മുന്‍നിര ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള പരിചയം പിന്നീട് എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതലയില്‍ മിഴിവോടെ പ്രവര്‍ത്തിയ്ക്കാനായി. അസംഘടിത മേഖലയിലെ തൊഴിലാളികളെയും പുത്തന്‍തലമുറ തൊഴിലാളികളെയും കുടിയേറ്റ തൊഴിലാളികളെയും സംഘടിപ്പിച്ചാണ് കാനം ട്രേഡ് യൂനിയന്‍ രംഗത്ത് സജീവമാകുന്നത്.
പുത്തന്‍ തലമുറ ബാങ്കു ജീവനക്കാരും ഇന്‍ഷുറന്‍സ് മേഖലയിലെ തൊഴിലാളികളെയും സംഘടിപ്പിച്ചു. സി പി ഐ ദേശീയ കൗണ്‍സില്‍ അംഗമായിരുന്ന കാനം കഴിഞ്ഞ പാട്‌നാ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും എ ഐ ടി യു സി ദേശീയ സെക്രട്ടറിയേറ്റ് അംഗവുമാണ്. വാഴൂര്‍ എസ് വി ആര്‍ എന്‍ എസ്സ് എസ്സ്, ബസേലിയോസ് കോളജ്, മോസ്‌കോ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വാഴൂര്‍ പുളിക്കല്‍കവല കൊച്ചുകാലാ പുരയിടത്തില്‍ വി കെ പരമേശ്വരന്‍ നായരുടെയും ചെല്ലമ്മയുടെയും മകനാണ് കാനം രാജേന്ദ്രന്‍. ഭാര്യ വനജ രാജേന്ദ്രന്‍ മക്കള്‍ സന്ദീപ്,സ്മിത, മരുമക്കള്‍: താര സന്ദീപ്, സര്‍വ്വേശ്വരന്‍.