ജോലി കിട്ടിയിട്ടു വേണം ഒരു ലീവെടുക്കാന്‍

Posted on: March 3, 2015 6:00 am | Last updated: March 2, 2015 at 10:25 pm
SHARE

ഈ ശീര്‍ഷകത്തിനു വേണ്ടി സ്വീകരിച്ച, ജോലി കിട്ടിയിട്ടു വേണം ഒരു ലീവെടുക്കാന്‍ എന്ന മിമിക്രി ഫലിതം ടിന്റുമോനിലൂടെയും എസ് എം എസ്സിലൂടെയും ഫേസ്ബുക്കിലൂടെയും വാട്ട്‌സ് ആപ്പിലൂടെയും പതിനായിരം വട്ടം ആവര്‍ത്തിച്ച് വൈറലും ബോറടിയുമായിക്കഴിഞ്ഞതാണ്. അതെന്തുമാവട്ടെ, പണിയുള്ളവനല്ലേ പണിയെടുക്കാതിരിക്കുന്നതിനുള്ള ഉപാധിയായ അവധിയെക്കുറിച്ച് ആലോചിക്കുകയും നേടിയെടുക്കുകയും അനുഭവിക്കുകയും ചെയ്യേണ്ടതുള്ളൂ എന്നതിനാല്‍ അതിനെ ബന്ധിപ്പിക്കാന്‍ ഈ വളിഞ്ഞ ഫലിതം തന്നെ പ്രയോജനപ്പെടുത്താം. അവധിയെ സംബന്ധിച്ച് ആലോചിക്കാന്‍ പ്രേരിപ്പിച്ച മൂന്നു വാര്‍ത്തകള്‍ കഴിഞ്ഞ ആഴ്ചയില്‍ പുറത്തു വരുകയുണ്ടായി.
മാസങ്ങള്‍ നീണ്ടു നിന്ന സമരങ്ങള്‍ക്കും മാരത്തോണ്‍ ചര്‍ച്ചകള്‍ക്കും വിരസമായ കാത്തിരിപ്പുകള്‍ക്കും ശേഷം ഇന്ത്യയിലെ ബേങ്ക് ജീവനക്കാരുടെയും ആപ്പീസര്‍മാരുടെയും വേതനക്കരാര്‍ സംബന്ധിച്ച ധാരണാപത്രം കഴിഞ്ഞ ദിവസം ഒപ്പിട്ടു. പതിനഞ്ച് ശതമാനം ശമ്പള വര്‍ദ്ധധനവിനു പുറമെ എല്ലാ രണ്ടാം ശനിയാഴ്ചകളും നാലാം ശനിയാഴ്ചകളും ബേങ്കുകള്‍ക്ക് ഇനി മുതല്‍ പരിപൂര്‍ണ അവധികളായിരിക്കും എന്നതാണ് ധാരണാ പത്രത്തിലെ സുപ്രധാന വ്യവസ്ഥ. ഇപ്പോള്‍ നിലവിലുള്ള രീതി, എല്ലാ ശനിയാഴ്ചകളിലും ഉച്ച വരെ ബേങ്കുകള്‍ പ്രവര്‍ത്തിക്കുക എന്നതാണ്. രണ്ടും നാലും ശനിയാഴ്ചകളില്‍ അവധിയാകുമ്പോള്‍, മറ്റു ശനിയാഴ്ചകള്‍ മുഴുവന്‍ പ്രവൃത്തി ദിവസവുമായിരിക്കും. ഇതാണൊന്നാമത്തെ വാര്‍ത്ത.
ക്ഷുരകവൃത്തി ചെയ്യുന്നവരുടെ സംഘടനയായ കേരള സ്റ്റേറ്റ് ബാര്‍ബേഴ്‌സ് ആന്‍ഡ് ബ്യൂട്ടീഷന്‍സ് അസോസിയേഷന്‍ ഏപ്രിലില്‍ നടക്കാന്‍ പോകുന്ന സമ്മേളനത്തോടെ ചൊവ്വാഴ്ച അവധി എന്നത് ഞായറാഴ്ച അവധി എന്നാക്കി മാറ്റും എന്നതാണ് രണ്ടാമത്തെ വാര്‍ത്ത. ഏതാണ്ട് അര നൂറ്റാണ്ടായി തുടരുന്ന ചൊവ്വാഴ്ച അവധിയാണ് ഒറ്റയടിക്ക് ഞായറാഴ്ചയിലേക്ക് മാറ്റുന്നത്. ഏതാണ്ട് അമ്പതിനായിരം കടകളാണ് കേരളത്തില്‍ ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നീ വിവിധ പേരുകളില്‍ പ്രവര്‍ത്തിക്കുന്നത്. ബ്യൂട്ടി പാര്‍ലറുകളില്‍ വനിതാ ജീവനക്കാര്‍ വന്‍ തോതില്‍ ജോലിയെടുക്കുന്നതിനു പുറമെ, ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഈയിടെയായി ബാര്‍ബര്‍ ജോലിക്കാരായി കയറിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് വീട്ടില്‍ ചെലവഴിക്കാനും മറ്റു സംസ്ഥാനക്കാര്‍ക്ക് അവരുടെ സുഹൃത്തുക്കളോടൊത്തു ചേരുന്നതിനും ഞായറാഴ്ചയാണ് നല്ലത് എന്ന അഭിപ്രായമുണ്ടെന്നാണ് അസോസിയേഷന്‍ ജന. സെക്രട്ടറി യു എന്‍ തമ്പി പറയുന്നത് (ഹിന്ദു ബിസിനസ് ലൈന്‍ ഫെ.26, 2015). കേരളത്തിന്റെ സാമാന്യ ജീവിതത്തിലും സംസ്‌കാരത്തിലും ബാര്‍ബര്‍മാരുടെ ദൃശ്യതയും അദൃശ്യതയും എപ്രകാരമാണ് വിന്യസിക്കപ്പെടുന്നത് എന്നത് കൂടുതല്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പേടേണ്ട ഒരു പ്രതിഭാസമാണ്. ഈ ജോലിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ശുദ്ധാശുദ്ധതകളുടെയും വരേണ്യത/കീഴാളത്തം എന്നിവയുടെയും നിക്ഷേപമായിട്ടാവണം, ‘ചൊവ്വ’ എന്ന ചീത്ത ദിവസം അവര്‍ അവധിയാക്കിയിട്ടുണ്ടാവുക. അതിനു പകരം ഞായര്‍ എന്ന വിശുദ്ധ ദിവസം ഇനി മുതല്‍ അവധിയായി മാറട്ടെ.
ഇന്ത്യയിലെ മുന്‍ ഭരണകക്ഷിയും നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരനുമായ രാഹുല്‍ ഗാന്ധി രണ്ടാഴ്ചത്തേക്ക് അവധിയില്‍ പ്രവേശിച്ചു എന്നതാണ് മൂന്നാമത്തെ വാര്‍ത്ത. ആദ്യത്തെ രണ്ടു വാര്‍ത്തകള്‍ക്കും ആധികാരികവും വസ്തുനിഷ്ഠവുമായ തെളിവുകളും അത് സാധൂകരിക്കാന്‍ വക്താക്കളും ലഭ്യമാണെന്നുണ്ടെങ്കില്‍ ഈ മൂന്നാം അവധി വാര്‍ത്ത വസ്തുതയാണെന്നു തെളിയിക്കുന്നതിനുതകുന്ന അവധി അപേക്ഷയോ അത് രേഖപ്പെടുത്തുന്ന പുസ്തക രൂപത്തിലുള്ളതോ കമ്പ്യൂട്ടറിലുള്ളതോ ആയ അവധി രജിസ്റ്ററുകളോ ആരും കണ്ടതായി വെളിപ്പെടുത്തിയിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അവധി സംബന്ധിച്ച് എന്താണ് നിബന്ധനകളും നിയമങ്ങളും എന്നും ആര്‍ക്കുമറിയില്ല. ബജറ്റ് സമ്മേളനത്തിനായി പാര്‍ലിമെന്റ് കൂടുന്ന സമയമായതു കൊണ്ട് ആ സമ്മേളനത്തില്‍ നിന്നു മാത്രം അവധിയെടുക്കുകയാണെങ്കില്‍; പാര്‍ലിമെന്റ് നിയമങ്ങളനുസരിച്ച് അതു ചെയ്താല്‍ മതിയാകും. എന്നാല്‍, പാര്‍ട്ടിയില്‍ നിന്നും അതിന്റെ പ്രവര്‍ത്തനത്തില്‍ നിന്നുമാണ് രാഹുല്‍ ഗാന്ധി അവധിയെടുക്കുന്നതെന്നും അദ്ദേഹം വിദേശത്താണെന്നും അതല്ല ഉത്തരാഖണ്ഡിലുണ്ടെന്നും അവിടെ ധ്യാനത്തിലാണെന്നും മറ്റുമുള്ള ഊഹാപോഹങ്ങളും വാര്‍ത്തകളെന്ന വണ്ണം പ്രചരിക്കുന്നുണ്ട്. അമ്മ സോണിയയുമായി രാഹുല്‍ അഭിപ്രായ ഭിന്നതയിലാണെന്നും അതാണ് അവധിയുടെ കാരണമെന്നുമുള്ള ഗോസിപ്പുകളും കാണുകയുണ്ടായി.
രോഗമോ മറ്റോ ആണെങ്കിലല്ലാതെ രാഷ്ട്രീയക്കാര്‍ സാധാരണ ഗതിയില്‍ അവധിയെടുക്കാറില്ല. മാത്രമല്ല, മറ്റു ജോലിക്കാര്‍ക്കുള്ളതു പോലെ അവര്‍ക്ക് വിരമിക്കല്‍ പ്രായവുമില്ല. എണ്‍പതും തൊണ്ണൂറും വയസ്സുള്ള പല യുവരക്തങ്ങളും രാഷ്ട്രീയത്തില്‍ വിലസുന്നത് നമ്മുടെ കണ്‍മുന്നില്‍ തന്നെ കാണുന്നുണ്ടല്ലോ! പ്രൊഫഷണലുകളായ ഡോക്ടര്‍മാര്‍, വക്കീലന്മാര്‍ എന്നിവരും എഴുത്തുകാരും നര്‍ത്തകരും പാട്ടുകാരും അഭിനേതാക്കളുമടക്കമുള്ള കലാകാരന്മാരും കലാകാരികളും വിരമിക്കാത്തതു പോലെ രാഷ്ട്രീയക്കാരും വിരമിക്കേണ്ടതാണെന്ന് സമൂഹത്തിന് അഭിപ്രായമുണ്ടെന്നു തോന്നുന്നില്ല. ഡോക്ടര്‍മാരായ ബി ഇക്ബാലും പുനത്തില്‍ കുഞ്ഞബ്ദുല്ലയും മെഡിക്കല്‍ പ്രാക്ടീസിംഗില്‍ നിന്ന് സ്വയം വിരമിച്ചതായി വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ പരസ്യമായി പ്രഖ്യാപിച്ചതൊഴിച്ചാല്‍ ഈ രംഗങ്ങളിലൊക്കെയും മരണം മാത്രമേ വിരമിക്കലിന് കാരണമാകുന്നുള്ളൂ. അപ്പോള്‍, രാഷ്ട്രീയക്കാര്‍ക്കും അവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ലോക്‌സഭ/രാജ്യസഭ/നിയമസഭ/നഗരസഭ/പഞ്ചായത്ത്/സഹകരണ സംഘം ഡയരക്ടര്‍ ബോര്‍ഡ് എന്നിവയിലെ അംഗങ്ങള്‍ക്കും വിശ്രമവും വിരമിക്കലും ഒന്നും വേണ്ടേ! അവര്‍ അതിമാനുഷരാണോ? അവരെ പരിഹസിക്കാന്‍ വേണ്ടിയല്ല ഈ ചോദ്യം ഉയര്‍ത്തുന്നത്. അവരുടെ പ്രശ്‌നങ്ങളും കൂടി മനസ്സിലാക്കാനാണ്. അങ്ങിനെയാകുമ്പോള്‍, രാഹുല്‍ ഗാന്ധി രണ്ടാഴ്ച അവധി ചോദിക്കുന്നതിലും അത് അനുവദിക്കുന്നതിലും പാകപ്പിഴയൊന്നുമില്ല എന്ന വസ്തുത നമുക്ക് ബോധ്യപ്പെടും. രാഷ്ട്രീയക്കാര്‍ക്ക് സ്വകാര്യജീവിതവും പൊതുവേ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. വിചാര-വികാരങ്ങളൊക്കെയുമുള്ള മനുഷ്യര്‍ തന്നെയാണവരും എന്ന അടിസ്ഥാന ധാരണയും നമുക്കുണ്ടാവുന്നത് നല്ലതാണ്.
അവധിയെക്കുറിച്ചും ഞായറാഴ്ചയെക്കുറിച്ചുമുള്ള പൊതു ധാരണകളെന്താണ് എന്നന്വേഷിക്കുന്നതും ഇത്തരുണത്തില്‍ നന്നായിരിക്കും. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണക്കായി ലോകമെമ്പാടും ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥനക്കും വിശ്രമത്തിനുമായി നീക്കിവെക്കുന്ന ദിവസമാണ് ഞായറാഴ്ച. ഞായറാഴ്ചയെ ആഴ്ചയിലെ അവസാനത്തെ ദിവസമായും ആദ്യ ദിവസമായും കണക്കാക്കുന്ന വ്യത്യസ്ത പതിവുകള്‍ നിലവിലുണ്ട്. ക്രൈസ്തവ മതത്തിന് സ്വാധീനമുണ്ടായിരുന്നതും നൂറ്റാണ്ടുകള്‍ നീണ്ടു നിന്നതുമായ യൂറോപ്യന്‍ അധിനിവേശങ്ങളുടെ രാഷ്ട്ര നിര്‍മാണത്തിന്റെയും ആധുനികതാ രൂപീകരണത്തിന്റെയും ബാക്കി പത്രം കൂടിയാണ് ഞായറാഴ്ച അവധി എന്നത് പ്രസ്താവ്യമാണ്. ഇസ്ലാമിക രാജ്യങ്ങളില്‍ മിക്കതിലും വെള്ളിയാഴ്ചയാണ് ആഴ്ച അവധി. മതേതരമായ തൊഴിലില്‍ നിന്ന് മാറി നില്‍ക്കുകയും മതപ്രോക്തമായ പ്രാര്‍ത്ഥനക്കു വേണ്ടി നീക്കി വെക്കുകയും ചെയ്യുന്നതിനാണ് ഞായറാഴ്ചകളില്‍ അവധി കൊടുക്കുന്നതെന്ന് സാരം. ക്രിസ്ത്യന്‍ പള്ളിയുടെ ആധിപത്യം അപ്രതിരോധ്യമായി നിലനിന്നിരുന്ന മധ്യകാലത്ത്, ഞായറാഴ്ച അവധിയാണ് എന്നതിന് നിയമനിര്‍മാണം പോലും ആവശ്യമാണെന്നു കരുതിയിരുന്നില്ല. ഞായറാഴ്ചകളില്‍ കുര്‍ബാനക്കുള്ള സമയം മാറ്റി വെച്ചു കഴിഞ്ഞാല്‍, വിനോദമടക്കമുള്ള മറ്റ് കാര്യങ്ങള്‍ക്കായി ബാക്കി സമയം ഉപയോഗിക്കാമെന്നാണ് റോമന്‍ കത്തോലിക്കര്‍ കരുതുന്നതെങ്കില്‍, മുഴുവന്‍ സമയവും ദൈവവിചാരത്തില്‍ കഴിച്ചു കൂട്ടണമെന്നാണ് പ്രൊട്ടസ്റ്റന്റ് കീഴ്‌വഴക്കം. മധ്യകാലത്ത് കോടതികള്‍ മതപൗരോഹിത്യത്തിന്റെ കീഴിലായിരുന്നതിനാല്‍ ഞായറാഴ്ചകളില്‍ അത് പ്രവര്‍ത്തിച്ചിരുന്നില്ല. പ്രവൃത്തി രഹിത ദിവസം എന്ന അര്‍ത്ഥം വരുന്ന പ്രയോഗമായി ഡൈസ് നോണ്‍ എന്ന പദം പ്രചാരത്തിലാവുന്നത് ഈ തീരുമാനത്തോടെയാണ്. മധ്യകാലത്തിനു ശേഷമുള്ള മതനിരപേക്ഷ വത്ക്കരണ കാലഘട്ടങ്ങളില്‍ ഇത് ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള നിരവധി നിയമങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വ്യവസ്ഥാപനം ചെയ്യേണ്ടി വന്നു. മത സ്വാതന്ത്ര്യം മാത്രമല്ല, മതാരാധനയും ഉറപ്പു വരുത്തുന്നതിന് മതനിരപേക്ഷ ഭരണകൂടവും നീതി ന്യായ വ്യവസ്ഥയും നിയമങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു എന്നു ചുരുക്കം.
സാമ്പത്തിക പരിപ്രേക്ഷ്യത്തില്‍ നിന്ന് നോക്കിയാലും ഞായറാഴ്ച എന്ന പൊതു അവധി ഗുണപരമായിത്തീര്‍ന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഏഴു ദിവസത്തിലൊരിക്കല്‍ വിശ്രമിക്കുകയും ആരോഗ്യവും പ്രവര്‍ത്തനോര്‍ജ്ജവും വീണ്ടെടുക്കുകയും ചെയ്തു വരുന്ന തൊഴിലാളികള്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്നാണ് മാനേജ്‌മെന്റ് കണ്ടെത്തല്‍.
തൊഴിലാളികളുടെ അവധി, മുതലാളിമാരുടെയും സര്‍ക്കാരിന്റെയും പൊതു സമൂഹത്തിന്റെയും കരുണയാണെന്നു കരുതരുത്. നീണ്ടു നിന്നതും രക്തരൂഷിതവുമായ സമരപ്രക്ഷോഭങ്ങളിലൂടെയാണ് ലോകമെമ്പാടുമുള്ള തൊഴിലാളി വര്‍ഗം അവധിക്കും വിശ്രമത്തിനും വേണ്ടിയുള്ള അവരുടെ അവകാശം നേടിയെടുത്തത്. അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കുന്ന മെയ് ദിനം അഥവാ മെയ് ഒന്ന്; എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്ന സുപ്രധാനവും അടിസ്ഥാനപരവുമായ ആവശ്യം നേടിയെടുക്കാനുള്ള സമരത്തിനു നേര്‍ക്ക് ചിക്കാഗോയിലെ ഹേ മാര്‍ക്കറ്റില്‍ നടന്ന വെടിവെപ്പിന്റെയും രക്തസാക്ഷിത്വത്തിന്റെയും ധീരസ്മരണയാണ്.
പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല. തൊഴിലാളികളെന്നല്ല ഏതു മനുഷ്യനും വിശ്രമവും അവധിയും ജന്മാവകാശമെന്ന നിലക്കു തന്നെ അനുഭവിക്കാന്‍ അവകാശമുള്ളവരാണ്. അത് അവരുടെ ആരോഗ്യത്തിനു മാത്രമല്ല, രാഷ്ട്രത്തിന്റെ ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. ബാങ്കുകാര്‍ മാസത്തില്‍ രണ്ട് അവധി കൂടുതല്‍ നേടിയെടുത്തതും; ബാര്‍ബര്‍മാര്‍ എല്ലാവരെയും പോലെ ഞായറാഴ്ച അവധിയെടുക്കുന്നതും; രാഹുല്‍ ഗാന്ധി രണ്ടാഴ്ച ഉല്ലസിക്കുകയോ ധ്യാനിക്കുകയോ ചെയ്യുന്നതും അത്യാവശ്യവും ന്യായവുമായ കാര്യങ്ങള്‍ തന്നെയാണ്. ഇതു കൊണ്ടൊന്നും ലോകം കീഴ് മേല്‍ മറിയാന്‍ പോകുന്നില്ല.