ബജറ്റ് 13ന്; നിയമസഭാ സമ്മേളനം ആറ് മുതല്‍

Posted on: March 3, 2015 6:00 am | Last updated: March 4, 2015 at 12:25 pm
SHARE

തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം ഈ മാസം ആറിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. 23 ദിവസം ചേരുന്ന സഭ ഏപ്രില്‍ ഒമ്പത് വരെ നീളും. ആറിന് രാവിലെ ഒമ്പത് മണിക്കാണ് ഗവര്‍ണറുടെ പ്രസംഗം. ഒമ്പത് മുതല്‍ 11 വരെ ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ച നടക്കും. 12ന് 2014- 15 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ഥനകളെ സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. 13ന് രാവിലെ ഒമ്പതിന് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും അവതരിപ്പിക്കും.
16, 17, 18 തീയതികളില്‍ ബജറ്റിനെ കുറിച്ചുള്ള പൊതുചര്‍ച്ച നടക്കും. 19ന് 2014-15 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ഥനകളെ സംബന്ധിക്കുന്ന ധനവിനിയോഗ ബില്‍ പരിഗണിക്കും. 23ന് വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. 24ന് 2015ലെ കേരള ധനവിനിയോഗ (വോട്ട് ഓണ്‍ അക്കൗണ്ട്) ബില്‍ പരിഗണനക്കെടുക്കും. 11 ദിവസം നിയമനിര്‍മാണ കാര്യത്തിനായി നീക്കിവെച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ പരിഗണനക്കെടുക്കുന്ന ബില്ലുകള്‍ സംബന്ധിച്ച തീരുമാനം കാര്യോപദേശക സമിതി യോഗം ചേര്‍ന്ന് കൈക്കൊള്ളും. രണ്ട് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായും നീക്കിവെച്ചിട്ടുണ്ടെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. സമ്മേളനത്തിനു മുന്നോടിയായി കക്ഷിനേതാക്കളുടെ യോഗം നാളെ ഉച്ചക്ക് ശേഷം മൂന്നിന് സ്പീക്കറുടെ ചേംബറില്‍ ചേരും.