പേടിക്കുന്നവര്‍ പേടിപ്പിക്കപ്പെട്ടുകൊണ്ടിരിക്കും

Posted on: March 2, 2015 11:17 am | Last updated: March 4, 2015 at 11:27 am
SHARE

mt and c radhakr copyനമ്മുടെ സാംസ്‌കാരിക നായകര്‍ക്ക് പേടി ബാധ വല്ലാതെ കലശലായിട്ടുണ്ടെന്നതിന്റെ ധാരാളം സൂചനകള്‍ ഈയിടെ പുറത്തുവരികയുണ്ടായി. പെരുമാള്‍ മുരുകന്‍ എന്ന തമിഴ്‌നാട്ടുകാരനായ ഒരെഴുത്തുകാരന്‍ ഈയിെട ഒരു പ്രത്യേക ജാതി സമുദായത്തിന്റെ എതിര്‍പ്പിനെയും പ്രതിഷേധത്തെയും തുടര്‍ന്ന് തന്റെ എഴുത്ത് ജീവിതം എന്നെന്നേക്കുമായി അവസാനിപ്പിക്കുകയാണെന്നും എഴുതിയ പുസ്തകങ്ങള്‍ പിന്‍വലിക്കുകയാണെന്നും പ്രസ്താവിച്ചു. കഴുത്ത് നിലനിര്‍ത്താന്‍ എഴുത്ത് ഉപേക്ഷിക്കേണ്ടവിധം ഇന്ത്യയിലെ ആവിഷ്‌കാര സ്വാതന്ത്ര്യം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ഭീഷണി നേരിടുന്നതായി പരക്കെ വിലയിരുത്തപ്പെടുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തില്‍, എം ടി വാസുദേവന്‍ നായര്‍, സി രാധാകൃഷ്ണന്‍ തുടങ്ങി ആലങ്കോട് ലീലാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നമ്മുടെ നാട്ടിലെ സാംസ്‌കാരിക നായകന്മാര്‍ നടത്തിയ പ്രസ്താവനകള്‍ അവര്‍ക്ക് വല്ലാത്തൊരു പേടി കുടുങ്ങിയിട്ടുണ്ടെന്ന് വിളംബരപ്പെടുത്തുന്ന പ്രകൃതമുള്ളതായിരുന്നു. ഇവരൊക്കെ പൊതുവേ പങ്ക് വെച്ച ഒരു കാര്യം, എം ടിയുടെ നിര്‍മാല്യം എന്ന സിനിമ ഇക്കാലത്താണെങ്കില്‍ പ്രദര്‍ശിപ്പിക്കാനോ ചിത്രീകരിക്കാനോ കഴിയില്ല എന്നായിരുന്നു.
വിശപ്പ് കൊണ്ട് പൊരിയുന്ന മക്കള്‍ക്ക് അരവയറപ്പം നല്‍കുന്നതിന് വേണ്ട വക കണ്ടെത്താന്‍ പരപുരുഷന് ഉടുതുണിയുരിഞ്ഞു കിടന്നുകൊടുക്കേണ്ടിവരുന്ന വെളിച്ചപ്പാടിന്റെ ഭാര്യയുടെ കഥകൂടിയാണല്ലോ നിര്‍മാല്യം. തന്റെയും കുടുംബത്തിന്റെയും കൊടും ദുരന്തങ്ങളില്‍ മനം നൊന്ത വെളിച്ചപ്പാട് തുള്ളിയുറഞ്ഞ് ദേവീ വിഗ്രഹത്തിന് നേരെ കാറിത്തുപ്പുന്ന രംഗത്തോടെയാണ് പി ജെ ആന്റണി നായകനായ നിര്‍മാല്യം എന്ന ചലചിത്രം അവസാനിക്കുന്നത്. ഇത്തരത്തിലൊരു കഥ എഴുതാനോ അതിന് ദൃശ്യാവിഷ്‌കാരം നല്‍കാനോ ഇക്കാലത്ത് കഴിയുകയില്ല എന്ന് പറയുന്ന നമ്മുടെ സാംസ്‌കാരിക നായകര്‍ അവരുടെ ഭീരുത്വം തുറന്നു പ്രഖ്യാപിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യുന്നത്? പേടിപ്പിക്കാന്‍ വരുന്നവര്‍ക്ക് മുമ്പാകെ ‘ഞങ്ങള്‍ പേടിച്ചിരിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ക്ക് എങ്ങനെയാണ് പേടിപ്പിക്കുന്നവര്‍ക്കെതിരെ വാക്കെന്ന വാളുയര്‍ത്തി പട വെട്ടാനാകുക?
ഈ ചോദ്യത്തിന് എം ടിയും സി രാധാകൃഷ്ണനും ആലങ്കോട് ലീലാകൃഷ്ണനുമൊക്കെ മറുപടി പറയേണ്ടതുണ്ട്. ഒരു കാര്യം അത്യന്തം ബഹുമാന്യരായ മേല്‍പ്പറഞ്ഞ സാംസ്‌കാരിക നായകന്മാരോട് അവരുടെയൊക്കെ ഏറ്റവും എളിയ ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സവിനയം പറയട്ടെ. തെരുവു ഗുണ്ടയാണെങ്കിലും ഭരണകൂടമാണെങ്കിലും പേടിക്കുന്നവരെ പേടിപ്പിക്കാനുള്ള കോപ്പേ അവരുടെ കൈയിലുള്ളൂ. നിങ്ങള്‍ പേടിച്ചാല്‍ അവര്‍ നിങ്ങളെ പേടിപ്പിച്ചുകൊണ്ടിരിക്കും. പെരുമാള്‍ മുരുകന്‍ പേടിച്ചു. അതിനാല്‍, പേടിപ്പിച്ചവര്‍ വിജയിച്ചു. എന്നാല്‍, ‘പി കെ’ എന്ന സിനിമയുടെ അണിയറ ശില്‍പ്പികളോ അമീര്‍ഖാന്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കളോ ആരേയും പേടിച്ചില്ല. അതിനാല്‍ പി കെ എന്ന സിനിമ ആള്‍ദൈവങ്ങളേയും മതഭ്രാന്തുകാരേയും തുറന്നുകാണിക്കുന്നതായിട്ടും ഇന്ത്യയിലെമ്പാടും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും വിജയിക്കുകയും ചെയ്തു. സാംസ്‌കാരിക നായകന്മാര്‍ മാതൃകയാക്കേണ്ടത് പെരുമാള്‍ മുരുകനെയല്ല, പി കെ എന്ന സിനിമയുടെ ശില്‍പ്പികളായ കലാകാരന്മാരേയും കലാകാരികളേയുമാണ്. പേടിക്കുന്നവര്‍ക്ക് പിന്നില്‍ അണിനിരക്കാന്‍ ആരും ഉണ്ടാവില്ല. പേടിക്കാത്തവര്‍ക്കൊപ്പം നില്‍ക്കാനേ ജനം തയ്യാറാകൂ. അതിനാല്‍, ഇനിയെങ്കിലും നിര്‍മാല്യം എന്ന ചിത്രം ഇന്നാണെങ്കില്‍ ചിത്രീകരിക്കാനോ പ്രദര്‍ശിപ്പിക്കാനോ പറ്റുമായിരുന്നില്ല എന്ന് പറഞ്ഞ് ‘പി കെ’ എന്ന സിനിമയെ കാശുമുടക്കി കണ്ടു പിന്തുണച്ച കേരളത്തിലെ ജനങ്ങളെ എം ടിയെ പോലുള്ളവര്‍ അപമാനിക്കരുത്.
രതിനിര്‍വേദം പോലുള്ള പഴയ കാലത്തെ ‘കമ്പിപ്പട’ങ്ങള്‍ വീണ്ടും പുനരാവിഷ്‌കരിച്ച് കാശുവാരാന്‍ തത്രപ്പെടുന്നവരുടെ വിഹാര രംഗമാണല്ലോ ഇന്നത്തെ മലയാള സിനിമാ രംഗം. ഇവരില്‍ ആരെങ്കിലും നിര്‍മാല്യം എന്ന ചിത്രം പുനരാവിഷ്‌കരിക്കാന്‍ ചങ്കൂറ്റത്തോടെ മുന്നോട്ട് വരണം. ആ സംരംഭത്തിന് സാംസ്‌കാരിക, രാഷ്ട്രീയ, ആധ്യാത്മിക രംഗത്തെ മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികളും പിന്തുണ നല്‍കുകയും വേണം. ഇങ്ങനെയൊക്കെ ചെയ്യുന്നതിനു വഴികള്‍ അന്വേഷിക്കാതെ നിര്‍മാല്യം ഇന്ന് ചിത്രീകരിക്കാനാവില്ലെന്ന് പേടിയോടെ പറഞ്ഞുകൊണ്ടിരുന്നാല്‍, തങ്ങള്‍ക്ക് അഹിതമായതിനെ എല്ലാം ഉന്മൂലനം ചെയ്യുന്നതില്‍ ലഹരി കൊള്ളുന്ന സാംസ്‌കാരിക ഫാസിസവും സദാചാര ഫാസിസവും ഒക്കെ നാടിനെ ഗ്രസിക്കുകയും നമ്മുടെ നാടൊരു ഗുണ്ടാ കാവിരാജ് ആയിത്തീരുകയും ചെയ്യും. അതിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുന്ന പേടിച്ചരണ്ട വാക്കുകള്‍ സാംസ്‌കാരിക നായകന്മാര്‍ പുറപ്പെടുവിക്കരുത്. അതിലും ഭേദം അവര്‍ പെരുമാള്‍ മുരുകനെ പോലെ എഴുത്ത് നിര്‍ത്തുന്നതായിരിക്കും.
‘ദുര്യോധനനേയും ജയദ്രഥനേയും കര്‍ണനേയും ഒക്കെ കൊന്നത് തെറ്റായിപ്പോയേ മാളോരെ’ എന്ന് കുമ്പസരിക്കുന്ന ഒരു കൃഷ്ണനെ പ്രഭാവര്‍മ എന്ന കവി ‘ശ്യാമമാധവം’ എന്ന കൃതിയിലൂടെ കേരളത്തില്‍ അവതരിപ്പിച്ചു. അതിന് വയലാര്‍ പുരസ്‌കാരവും ലഭിച്ചു. ഇവിടെ ഒരു കൃഷ്ണ ഭക്തനും ആ കൃതി ഞങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തി എന്ന് പറഞ്ഞ് കവിക്കെതിരെ കൈയോങ്ങിയില്ല. കാരണം പ്രബുദ്ധരായ കേരളീയര്‍ക്ക് വ്യാസ പ്രതിഭയുടെ കൃഷ്ണനാരാണെന്നറിയാം. പ്രഭാവര്‍മയുടെ കവിത്വ സിദ്ധി എന്തെന്നുമറിയാം.
വേറൊരാള്‍, സഹോദരനോ ഗുരുവോ മുത്തച്ഛനോ അളിയനോ അമ്മാവനോ എന്നൊന്നും നോക്കാതെ ആരെ കൊന്നും അധികാരം കൈയാളണം എന്ന് പഠിപ്പിക്കുന്ന വെറും ഹിന്ദു ജിഹാദി സാഹിത്യമാണ് മഹാത്മാ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ആശ്രയവും ആവേശവും കണ്ടെത്തിയ ഭഗവത്ഗീത എന്ന് പറഞ്ഞ് ഒരു ഗീതാദൂഷണ ഗ്രന്ഥം എഴുതി. പക്ഷേ, അതെഴുതിയതിന്റെ പേരില്‍ ഇന്നേവരെ സി രവിചന്ദ്രന്‍ എന്ന നിരീശ്വരവാദിക്ക് നേരെ ഒരു തരി പൂഴിമണ്ണ് എറിഞ്ഞുപോലും കേരളത്തിലെ ഗീതാഭക്തന്മാര്‍ പ്രതികരിച്ചിട്ടില്ല. കേരളത്തിലെ സഹൃദയ ലോകം പൊതുവേയും മുസ്‌ലിംകള്‍ പ്രത്യേകിച്ചും ആദരിച്ചുവരുന്ന മൗലിക പ്രതിഭയുള്ള സാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. അദ്ദേഹത്തിന്റെ അനല്‍ഹഖ്, ഹസ്രത്ത് ബാല്‍ തുടങ്ങിയ കഥകള്‍ വായിച്ചിട്ട് മുസ്‌ലിം വികാരം വ്രണപ്പെട്ടുവെന്ന് പറഞ്ഞ് ഇന്നോളം ഒരാളും രംഗത്ത് വന്നിട്ടില്ല. ഇതൊക്കെ തെളിയിക്കുന്നത് , ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് അതര്‍ഹിക്കുന്ന മാന്യത നിര്‍ബാധം നല്‍കിവരുന്ന ഒരു സമൂഹമാണ് കേരളത്തിലുള്ളതെന്നാണ്. ഇതിനെ അപമാനിക്കുന്ന തരത്തില്‍ പേടിച്ചരണ്ട നിലവിളികള്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പുറപ്പെടുവിക്കരുത്. കാരണം, നിങ്ങള്‍ പേടിക്കുന്നവരായാല്‍ പേടിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കും.