Connect with us

Gulf

സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ ലളിത യുക്തി

Published

|

Last Updated

യു എ ഇയില്‍, വിശേഷിച്ച് ദുബൈയില്‍ സാംസ്‌കാരിക സംഘടനകള്‍ക്ക് നിയന്ത്രണമുണ്ട്. അംഗീകൃത സംഘടനയാണെങ്കില്‍ പോലും കൂട്ടായ്മകള്‍ ഒരുക്കുന്നതിനുമുമ്പ്, അധികൃതരുടെ അനുമതി വാങ്ങണമെന്നാണ് നിയമം. മിക്കവരും അത് പാലിക്കുന്നു.
ഇന്ത്യന്‍ സംഘടനകള്‍ അപകടകാരികളല്ലെന്ന് അധികൃതര്‍ക്ക് അറിയാം. എങ്കിലും രാജ്യത്തിന്റെ നിയമ വ്യവസ്ഥ ഉള്‍ക്കൊള്ളാന്‍ ഇന്ത്യക്കാരും ബാധ്യസ്ഥര്‍. അത് കൊണ്ട് മിക്കവരും സംഘടനകളെ പിരിച്ചുവിട്ടു.
രണ്ടു വര്‍ഷം മുമ്പുവരെ ആയിരക്കണക്കിന് സംഘടനകള്‍ യു എ ഇയിലുണ്ടായിരുന്നു. മലയാളികളായിരുന്നു മുന്‍പന്തിയില്‍. ദുബൈയില്‍ കൈരളി കലാകേന്ദ്രം, ദല, ഭാവന, ഇന്ത്യന്‍ റിലീഫ് കമ്മിറ്റി, കെ എം സി സി എന്നിങ്ങനെ കുറച്ചു സംഘടനകളാണ് ആദ്യകാലത്ത് ഉണ്ടായിരുന്നത്. ആ നിലയില്‍ മലയാളി സംഘടനകളുടെ ഉല്‍ഭവം തേടിയാല്‍ 40 ഓളം വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് പോകേണ്ടിവരും.
കേരളത്തിന്റെ കലാ സാംസ്‌കാരിക സവിശേഷതകള്‍ മറന്നുപോകാതിരിക്കുക എന്ന ലളിത ലക്ഷ്യം മാത്രമെ ആദ്യകാലത്ത് സംഘടനകള്‍ക്ക് ഉണ്ടായിരുന്നുള്ളു. പിന്നീട്, പലതിലും സാമ്പത്തിക, രാഷ്ട്രീയ, സാമുദായിക താല്‍പര്യങ്ങള്‍ കടന്നുകൂടി. ഭാരവാഹികള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ ഉപാധിയായി ചില സംഘടനകള്‍ മാറി. പരസ്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ സംഘടനകളുമുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയം ഇന്ത്യയില്‍ എത്തുമ്പോള്‍ മതിയെന്ന് വിവേകമതികളായ ചില നേതാക്കള്‍ അണികളെ ഉല്‍ബോധിപ്പിച്ചെങ്കിലും ചെവിക്കൊള്ളാന്‍ ചിലര്‍ തയ്യാറായില്ല. അവര്‍, ഇവിടെയും ഗോഗ്വാവിളി നടത്തിയിരുന്നു.
വ്യത്യസ്ത ജാതിമത സമൂഹങ്ങള്‍ വാഴുന്ന നാടാണ് കേരളം. അതിന്റെ പരിച്ഛേദം മലയാളികള്‍ ഉള്ളിടത്തൊക്കെ കാണാനാകും. യു എ ഇയില്‍ പക്ഷേ അമിതമായിരുന്നു. നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമെത്തിക്കുക എന്ന സാമാന്യ ലക്ഷ്യം പലരും മറന്നു. ഒരു ജാതി സംഘടനയുടെ വാലായി യു എ ഇയില്‍ പ്രവര്‍ത്തനം തുടങ്ങിയ സംഘടന നാലായി പിളര്‍ന്നു. സാമ്പത്തിക തിരിമറി ആരോപണങ്ങളും സംഘടനയിലെ ചില ഭാരവാഹികള്‍ക്കെതിരെ ഉയര്‍ന്നുവന്നു.
ഒടുവില്‍, മലയാളികള്‍ക്ക് എത്ര സംഘടനയുണ്ടെന്നു ചോദിച്ചാല്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ പോലും കഴിയാത്തവണ്ണം സങ്കീര്‍ണ്ണമായി. ചില സംഘടനകള്‍ മഹത്തായ സേവനങ്ങള്‍ നടത്തിയത് വിസ്മരിക്കുന്നില്ല. ദുരിതത്തില്‍പ്പെട്ടവര്‍ക്ക് സാന്ത്വനമായി കടന്നുചെന്ന, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഉത്സാഹിച്ച കുറച്ചു സംഘടനകളുണ്ട്. അതില്‍പ്പെട്ടവര്‍ സംഘടനാ ബാനറില്ലാതെയും പ്രവര്‍ത്തിക്കുന്നു. ആരും വിലക്കിയിട്ടില്ല.
ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍ തുടങ്ങിയ എമിറേറ്റുകളിലെ ഇന്ത്യന്‍ അസോസിയേഷനുകള്‍ സ്തുത്യര്‍ഹമായ സേവനമാണ് നടത്തുന്നത്. അബുദാബിയിലെ അംഗീകൃത സംഘടനകളും മര്‍കസ്, സഅദിയ, കെ എം സി സി തുടങ്ങിയ സ്ഥാപനങ്ങളും നിരവധിപേര്‍ക്ക് ആശ്വാസമാകുന്നുണ്ട്.
അതേസമയം, ദുബൈ ഇന്ത്യന്‍ അസോസിയേഷന് അവസരത്തിനൊത്ത് ഉയരാന്‍ കഴിഞ്ഞില്ല. അവര്‍ എന്താണ് ഇന്ത്യന്‍ സമൂഹത്തിനു വേണ്ടി ചെയ്യുന്നതെന്ന് ആര്‍ക്കും അറിയില്ല. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് ചില ഇടപെടലുകള്‍ നടത്തിയെങ്കിലും വിജയിച്ചില്ല.
ഇതിനിടയില്‍ ചില സംഘടനകള്‍ അവിവേകം പ്രവര്‍ത്തിക്കുന്നു. സാഹചര്യം മനസ്സിലാക്കാതെ, വന്‍ പ്രചാരണങ്ങള്‍ നല്‍കി സംഗമങ്ങള്‍ നടത്തുന്നു. സര്‍ഗാത്മക പ്രവര്‍ത്തനമാണെങ്കില്‍ ലളിതമായാലും ഭംഗിയുണ്ടാകും. സ്‌പോണ്‍സര്‍മാര്‍ വേണമെന്നുമില്ല. ഉദ്ദേശ്യം സഫലീകരിക്കപ്പെടും. അത്തരത്തിലേക്ക് സ്വയം സംസ്‌കരിക്കപ്പെടുന്നതല്ലേ, ഉചിതം?