അര്‍ബുദ ചികിത്സാ ഗവേഷണം; കൂട്ടയോട്ടം നടത്തി

Posted on: March 2, 2015 8:17 pm | Last updated: March 2, 2015 at 8:17 pm
SHARE
terry fox in rak
റാസല്‍ഖൈമയില്‍ ടെറിഫോക്‌സ് കൂട്ടയോട്ടം ഉദ്ഘാടനം ചെയ്യാന്‍ ഭരണാധികാര ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി എത്തിയപ്പോള്‍

അബുദാബി: അര്‍ബുദ ചികില്‍സാ ഗവേഷണം എന്ന ലക്ഷ്യത്തോടെ യു എ ഇയില്‍ വ്യാപകമായി കൂട്ടയോട്ടം. അബുദാബിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പെടെ നൂറുകണക്കിനു പേര്‍ പങ്കെടുത്തു. എട്ടരക്കിലോമീറ്ററിലായിരുന്നു ടെറിഫോക്‌സ് കൂട്ടയോട്ടം. മൊത്തം 35.5 ലക്ഷം ദിര്‍ഹം അബുദാബി കൂട്ടയോട്ടത്തിലൂടെ ശേഖരിച്ചു. യുഎഇയിലേതുള്‍പെടെ ലോകത്തിലെ ഒട്ടേറെ അര്‍ബുദ ഗവേഷണ പദ്ധതികള്‍ക്ക് ഫണ്ട് കൈമാറും. 1995ല്‍ നൂറോളം പേര്‍ മാത്രം പങ്കെടുത്ത ടെറിഫോക്‌സ് കൂട്ടയോട്ടത്തില്‍ ഇക്കുറി 20 വര്‍ഷത്തിനു ശേഷം 20,000പേരാണ് പങ്കെടുത്തതെന്ന് സംഘാടകര്‍ അറിയിച്ചു. റാസല്‍ ഖൈമയില്‍ ഭരണാധികാരി ശൈഖ് സഈദ് ബിന്‍ സഖര്‍ ഖാസിമി പങ്കെടുത്തു.
യു എ ഇ പ്രസിഡന്റിന്റെ ഉപദേശകന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ ഹംദാന്‍ അല്‍ നഹ്‌യാന്റെ രക്ഷകര്‍തൃത്വത്തിലായിരുന്നു ടെറിഫോക്‌സ് ഫൗണ്ടേഷന്റെയും കനേഡിയന്‍ സ്ഥാനപതി കാര്യാലയത്തിന്റെയും സഹകരണത്തോടെ കൂട്ടയോട്ടം നടന്നത്. അല്‍ ഐന്‍ യു എ ഇ സര്‍വകലാശാല ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ സെല്‍ ബയോളജി പ്രഫസര്‍ ഡോ. ഷംസുദ്ദീന്‍ ഗലധാരി, യു എ ഇയിലെ കനേഡിയന്‍ സ്ഥാനപതി ആരിഫ് ലലാനി, ടെറിഫോക്‌സിന്റെ സഹോദരന്മാരായ ഫ്രെഡ്, ദാറെല്‍, വിവിധ സംഘടനാ പ്രതിനിധികള്‍, സ്ഥാനപതി കാര്യാലയ ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.