അജ്മാന്‍ അസോസിയേഷന്‍ കെട്ടിടനിര്‍മാണം അവസാന ഘട്ടത്തില്‍

Posted on: March 2, 2015 8:15 pm | Last updated: March 2, 2015 at 8:15 pm
SHARE

അജ്മാന്‍;അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ നിര്‍മിക്കുന്ന ആസ്ഥാനമന്ദിരത്തിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍. യു എ ഇയിലെ ഇന്ത്യന്‍ അസോസിയേഷനുകളുടെ കെട്ടിടങ്ങളില്‍ വലുപ്പത്തില്‍ ഒന്നാം സ്ഥാനം ഈ കെട്ടിടത്തിനായിരിക്കും.

2.8 ഏക്കര്‍ സ്ഥലത്ത്, ജര്‍ഫ് 17ല്‍ 70 ലക്ഷം ദിര്‍ഹം ചെവിട്ട് നിര്‍മിക്കുന്ന ആസ്ഥാനമന്ദിരത്തിന്റെ 80 ശതമാനം പ്രവര്‍ത്തിയും പൂര്‍ത്തിയായി. മറ്റ് പ്രവാസി അസോസിയേഷന്റെ ആസ്ഥാനമന്ദിരങ്ങളില്‍ നിന്നും വ്യത്യസ്ഥമായി എല്ലാ സൗകര്യവും കൂടി നിര്‍മിച്ച കെട്ടിടം ആഗസ്ത് മാസത്തില്‍ പൊതു ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഒ വൈ ഖാന്‍ വ്യക്തമാക്കി.
2,500 പേര്‍ക്ക് ഇരിക്കുവാന്‍ കഴിയുന്ന ആധുനിക രീതിയില്‍ നിര്‍മിച്ച മെയില്‍ ഓഡിറ്റോറിയമാണ് കെട്ടിടത്തിന്റെ ഒന്നാമത്തെ പ്രത്യേകത. ഓട്ടോമാറ്റിക്ക് കര്‍ട്ടനോട് കൂടി പ്രവര്‍ത്തിക്കുന്ന സ്റ്റേജ് ഓഡിറ്റോറിയത്തില്‍ ഒരുക്കുന്ന മന്ദിരത്തിലേക്ക് പ്രവേശിക്കുന്നതിന് നാല് ഭാഗങ്ങളിലാണ് ഗെയിറ്റ് സജ്ജീകരിച്ചിരിക്കുന്നത്. ഓട്ടോമാറ്റിക്കായി മൊബൈലുമായി ബന്ധപ്പെടുത്തിയാണ് ഗെയിറ്റുകള്‍ പ്രവര്‍ത്തിക്കുക. ലോകത്തിന്റെ ഏത് ഭാഗങ്ങളില്‍ നിന്നും ഗെയിറ്റ് മൊബൈല്‍ വഴി തുറക്കുവാനാകും. പ്രധാന ഭാഗങ്ങളില്‍ ഇന്റര്‍ലോക്ക് പാകി സജ്ജീകരിച്ചതിന് പുറമെ മന്ദിരത്തിന്റെ കോമ്പൗണ്ടില്‍ ഈത്തപ്പഴ മരങ്ങളും ഫലവൃക്ഷാദികളും വെച്ച് പിടിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് ഉല്ലസിക്കുവാന്‍ ആധുനിക രീതിയില്‍ പാര്‍ക്കും നിര്‍മിക്കുന്നുണ്ട്. പാര്‍ക്കിന്റെ നിര്‍മാണവും ആരംഭിച്ചു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും കുളിക്കുവാന്‍ പ്രത്യേകമായി സ്വിമ്മിംഗ് പൂളും നിര്‍മിച്ചുകഴിഞ്ഞു. കുളി കഴിഞ്ഞവര്‍ക്ക് ചൂടുവെള്ളത്തില്‍ കുളിക്കുവാന്‍ പ്രത്യേക കുളിമുറിയും ഒരുക്കിയിട്ടുണ്ട്.
കൂടാതെ കുടുംബ സമേതം വന്ന് സമയം ചെലഴിക്കുന്നവര്‍ക്ക് റസ്റ്റ്‌റും ഒരുക്കിയിട്ടുണ്ട്. കൂടാതെ റസ്റ്റോറന്റ് ജിംനേഷ്യം എന്നിവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. മെയില്‍ ഹാളിന്റെ ഒന്നാം നിലയിലാണ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുക. വലിയ ഓഡിറ്റോറിയത്തിന് പുറമെ നിര്‍മിക്കുന്ന രണ്ട് ചെറിയ ഹാളിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. മുതിര്‍ന്നവര്‍ക്ക് ഉല്ലസിക്കുവാന്‍ ബാര്‍ബിക്യൂപാര്‍ക്കിന് പുറമെ ചില്‍ഡ്രന്‍സ് പാര്‍ക്കും ഒരുക്കുന്നുണ്ട്. ജീവനക്കാര്‍ക്ക് താമസിക്കുവാന്‍ സ്റ്റാഫ് ക്വാട്ടേഴ്‌സിന് പുറമെ നിസ്‌കരിക്കുവാന്‍ പള്ളിയും നിര്‍മിക്കുന്നുണ്ട്. ഇത്രയും ആധുനിക രീതിയില്‍ ഒരു പ്രവാസി സംഘടനക്കും ആസ്ഥാന മന്ദിരമില്ലെന്ന് ഒ വൈ ഖാന്‍ വ്യക്തമാക്കി. കെട്ടിടത്തിന്റെ ദൈനം ദിന പ്രവര്‍ത്തികള്‍ക്കായി 25,000 ഗ്യാലണ്‍ സംഭരണ ശേഷിയുള്ള വെള്ള ടാങ്കും നിര്‍മിച്ചുകഴിഞ്ഞു. പൂര്‍ണമായും ശുദ്ധീകരിച്ച വെള്ളമാണ് ഉപയോഗിക്കുക. ശുദ്ധീകരണശാലയുടെ നിര്‍മാണം അടുത്ത ദിവസം തന്നെ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അസോസിയേഷന്റെ തനത് ഫണ്ടിന് പുറമെ വ്യക്തികളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും ഫണ്ടാണ് നിര്‍മാണത്തിനായി ഉപയോഗിച്ചത്. അജ്മാന്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് കെട്ടിടം ഒരുക്കിയത്. പ്രമുഖ വ്യവസായി എം എ യൂസുഫലിയാണ് അസോസിയേഷന് ആസ്ഥാന മന്ദിരമൊരുക്കുന്നതിന് പ്രചോദനമെന്ന് പ്രസിഡന്റ് ഒ വൈ ഖാന്‍ പറഞ്ഞു. യൂസുഫലി നില്‍കിയ അഞ്ചുലക്ഷം ദിര്‍ഹം കൊണ്ടാണ് നിര്‍മാണമാരംഭിച്ചത്. അദ്ദേഹത്തിന്റെ പൂര്‍ണ സഹകരണമാണ് ഇത്രയും വലിയ കെട്ടിടമൊരുക്കുന്നതിന് പിറകില്‍. ആഗസ്റ്റ് 15ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ് അസോസിയേഷന്‍ കെട്ടിടം നാടിന് സമര്‍പിക്കുമെന്നും ഖാന്‍ പറഞ്ഞു.