കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറി

Posted on: March 2, 2015 2:10 pm | Last updated: March 4, 2015 at 12:24 pm
SHARE

kanam-rajendran-Malayalamnews

കോട്ടയം: കാനം രാജേന്ദ്രനെ സിപിഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് കെ ഇ ഇസ്മയില്‍ പിന്‍മാറിയതോടെയാണ് കാനം ഏകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇസ്മയില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങിയിരുന്നു. സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗമാണ് 64കാരനായ കാനം രാജേന്ദ്രന്‍.

നിലവിലെ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഒഴിയാന്‍ തീരുമാനിച്ചതോടെയാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. കാനം രാജേന്ദ്രന്റെ പേരായിരുന്നു സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്ന് വന്നത്. എന്നാല്‍ കെ ഇ ഇസ്മായിലും സെക്രട്ടറിയാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. തുടര്‍ന്ന് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടക്കുമെന്ന് അഭ്യൂഹം പടര്‍ന്നു. സിപിഐയില്‍ ഇതുവരെ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നിരുന്നില്ല. എന്നാല്‍ ഇത്തവണ മത്സരം നടക്കുമെന്ന് തന്നെയാണ് കരുതിയത്. പക്ഷേ കേന്ദ്ര നേതൃത്വവും പന്ന്യന്‍ രവീന്ദ്രനും മത്സരം ഒഴിവാക്കുന്നതിനായി നേതാക്കളുമായി ചര്‍ച്ച നടത്തി. തുടര്‍ന്നാണ് കെ ഇ ഇസ്മായില്‍ പിന്‍മാറാന്‍ തീരുമാനിച്ചത്.
മുമ്പ് ചന്ദ്രപ്പന്റെ മരണത്തെ തുടര്‍ന്ന് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിന് ചേര്‍ന്ന യോഗത്തില്‍ സി ദിവാകരനെ കേന്ദ്ര നേതൃത്വം നിര്‍ദേശിക്കുകയും അതിനെതിരെ കാനം രാജേന്ദ്രന്‍ മത്സരിക്കാന്‍ ഒരുങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ സമവായത്തിലൂടെ പന്ന്യന്‍ രവീന്ദ്രനെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു.
രാവിലെ 89 അംഗ സംസ്ഥാന കൗണ്‍സിലിന് അംഗീകാരം നല്‍കിയിരുന്നു.